“ജെയിംസ് ബോണ്ട്” കഥാപാത്രങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ സ്‌കോട്ടിഷ് ചലച്ചിത്ര ഇതിഹാസം ഷോൺ കോണറി അന്തരിച്ചു. 90 വയസ്സായിരുന്നു.

എഡിൻ‌ബറയിലെ ചേരികളിൽ ദാരിദ്ര്യത്തിനു സമാനമായ സാഹചര്യങ്ങളിലാണ് കോണറി വളർന്നത്. അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുൻപ് പാൽ വിൽപനക്കാരൻ, ലൈഫ് ഗാർഡ്, ശവപ്പെട്ടിക്കടയിലെ ജീവനക്കാരൻ തുടങ്ങിയ തൊഴിലുകൾ അദ്ദേഹം ചെയ്തു. ബോഡി ബിൽഡിങ് ചെയ്തിരുന്നു അദ്ദേഹത്തിന് അത് സിനിമയിലെത്തുന്നതിന് സഹായകരമായി.

ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ആദ്യ നടനായിരുന്നു കോണറി. ഏഴ് ബോണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു. “ദ അൺടച്ചബിൾസ്”, “മർനി”, “മർഡർ ഓൺ ഓറിയൻറ് എക്സ്പ്രസ്”, “ദി മാൻ ഹു വുഡ് ബി കിംഗ്”, “ദ നെയിം ഓഫ് റോസ്”, “ഹൈലാൻഡർ”, “ഇന്ത്യാന ജോൺസ് ആൻഡ് ഗ ലാസ്റ്റ് ക്രൂസേഡ്”, “ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ”, “ഡ്രാഗൺഹാർട്ട്”, “ഫൈൻഡിങ് ദി റോക്ക് ഫോറസ്റ്റർ,” എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.

ബ്രിട്ടീഷ് സീക്രട്ട് ഏജന്റായ കഥാപാത്രമായ ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച അദ്ദേഹം നാല് പതിറ്റാണ്ടിലധികം വെള്ളിത്തിരയിൽ ആധിപത്യം പുലർത്തിയിരുന്ന താരമാണ്. ബ്രിട്ടീഷ് ഏജന്റ് 007 എന്ന പേരിൽ ആരാധകർ അദ്ദേഹത്തെ ആദ്യം ഓർക്കും. നോവലിസ്റ്റ് ഇയാൻ ഫ്ലെമിംഗ് സൃഷ്ടിച്ച ജെയിംസ് ബോണ്ട് കഥാപാത്രത്തെ 1962 ൽ ഇറങ്ങിയ “ഡോക്ടർ നോ” എന്ന ചിത്രത്തിലാണ് ആദ്യമായി അദ്ദേഹം അവതരിപ്പിച്ചത്.

ഫ്രം റഷ്യ വിത്ത് ലവ് (1963), ഗോൾഡ് ഫിംഗർ (1964), തണ്ടർബോൾ (1965), യു ഒൺലി ലൈവ് ട്വൈസ് (1967) തുടങ്ങിയ ബോണ്ട് സിനിമകളിലും തുടർന്ന് അദ്ദേഹം അഭിനയിച്ചു.

1989 ൽ പീപ്പിൾ മാഗസിൻ അദ്ദേഹത്തെ “ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സി മനുഷ്യൻ” എന്ന് പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തിന് 59 വയസ്സായിരുന്നു.

“ദ അൺടച്ചബിൾസ്” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാർഡ് ഷോൺ കോണറി നേടി. അഞ്ച് പതിറ്റാണ്ട് നീണ്ട് കരിയറിൽ രണ്ട് ബാഫ്ത അവാർഡുകളും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും താരം നേടി.

2003ൽ ഇറങ്ങിയ ദ ലീഗ് ഓഫ് എക്സ്ട്രാഡറിനറി ജെന്റിൽമെൻ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.ചിത്രത്തിന്റെ സംവിധായകനുമായുള്ള തർക്കത്തെത്തുടർന്ന് കോണറി സിനിമകളിൽ നിന്ന് വിരമിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook