‘അവഞ്ചേഴ്സ് എൻഡ് ഗെയിം’ എന്ന ചിത്രത്തിലൂടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി സ്കാർലറ്റ് ജോഹാൻസൺ മാറിയിരിക്കുന്നു. പോയവർഷം ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ നടിമാരുടെ പട്ടികയിലാണ് സ്കാർലറ്റ് ഒന്നാമത് എത്തിയത്. അന്താരാഷ്ട്ര ബിസിനസ് മാസികയായ ഫോർബ്സ് മാഗസിനാണ് പട്ടിക പുറത്തു വിട്ടിരിക്കുന്നത്. തുടർച്ചയായി ഇത് രണ്ടാംതവണയാണ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്. ‘അവഞ്ചേഴ്സ് എൻഡ്​ഗെയിം’ എന്ന ചിത്രത്തിന്റെ വിജയമാണ് സ്കാർലറ്റിന്റെ പ്രതിഫലം ഉയർത്തിയത്. 50 ദശലക്ഷം ഡോളറാണ് (4,02,86,40,000 ഇന്ത്യൻ രൂപ) സ്കാർലറ്റിന്റെ വരുമാനം.

മാർവൽ സ്റ്റുഡിയോയുടെ വരാനിരിക്കുന്ന ‘ബ്ലാക്ക് വിഡോ’ ചിത്രത്തിലും റെക്കോർഡ് പ്രതിഫലമാണ് സ്കാർലറ്റ് വാങ്ങിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്നര കോടി ഡോളറായിരുന്നു ‘അവഞ്ചേഴ്സ് എൻഡ് ഗെയി’മിനു വേണ്ടി മുപ്പത്തിനാലുകാരിയായ സ്കാർലെറ്റ് കൈപ്പറ്റിയത്.

‘മോഡേൺ ഫാമിലി’ താരം സോഫിയ വെർഗരയാണ് രണ്ടാം സ്ഥാനത്ത്. 44.1 ദശലക്ഷം ഡോളറാണ് സോഫിയയുടെ വരുമാനം. ‘ബിഗ് ലിറ്റിൽ ലൈസ്’ താരങ്ങളായ റീസ് വിഥെർസ്പൂൺ മൂന്നാം സ്ഥാനവും നിക്കോൾ കിഡ്മാൻ നാലാം സ്ഥാനവും നേടി. 35 ദശലക്ഷം ഡോളറാണ് റീസിന്റെ വരുമാനം. 34 ദശലക്ഷം ഡോളറുമായി നിക്കോൾ കിഡ്മാനും തൊട്ടുപിന്നിലുണ്ട്. ആദ്യ അഞ്ചിൽ 28 മില്യൺ ഡോളറുമായി ജെന്നിഫർ അനിസ്റ്റനും ഇടം പിടിച്ചിട്ടുണ്ട്. 2018 ജൂൺ ഒന്നുമുതൽ 2019 ജൂൺ ഒന്നുവരെയുള്ള വരുമാനകണക്കുകളുടെ അടിസ്ഥാനത്തിലാണ് ഫോർബ്സ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Read more: Avengers: Endgame, ഗ്ലോബൽ ബോക്സ് ഓഫീസിൽ ഒന്നാമൻ; ‘അവതാറി’ന്റെ റെക്കോർഡിനെയും മറികടന്ന് ‘അവഞ്ചേഴ്സ്’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook