‘ദി കേരള സ്റ്റോറി’ എന്ന ചിത്രം വിവാദങ്ങളെ തുടർന്ന് മംമ്ത ബാനർജിയുടെ നേതൃത്വത്തിലുള്ള വെസ്റ്റ് ബംഗാൾ സംസ്ഥാനത്ത് നിരോധിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
“സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ ചിത്രത്തിനു അംഗീകാരം നൽകിയെന്നിരിക്കെ സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തണ്ടത് സർക്കാരാണ്.” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേത്യത്വത്തിൽ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവർ ചേർന്ന ബെഞ്ച് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ ക്രമസമാധാനം ഇല്ലാതാക്കും എന്ന് ചൂണ്ടികാണിച്ചാണ് വെസ്റ്റ് ബംഗാൾ സർക്കാർ ചിത്രം പ്രർദശിപ്പിക്കുന്നതിനെ വിലക്കിയത്.
തമിഴ്നാട്ടിലും ഇത്തരത്തിലുള്ള വിലക്കുകൾ പല തിയേറ്ററുകളിലും നിന്നു നേരിട്ടിരുന്നു. ഇതിനു പിന്നാലെ ചിത്രം കാണാൻ താത്പര്യപ്പെടുന്നവർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ഉന്നത നീതിപീഠം ഉത്തരവിറക്കി. ചിത്രത്തിന്റെ പ്രദർശനം തടയുന്ന രീതിയിലുള്ള ഒരു പ്രവർത്തനവും തമിഴ്നാട്ടിൽ ഉണ്ടാകരുതെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.
സുദീപ് സെനിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ‘ദി കേരള സ്റ്റോറി’ നൂറു കോടി നേട്ടത്തിൽ എത്തി നിൽക്കുകയാണ്. റിലീസ് ദിവസം തന്നെ ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. ഹിന്ദി സംസാര ഭാഷയായുള്ള പ്രദേശങ്ങളിൽ തിയേറ്ററിലെത്തുന്ന കാഴ്ച്ചക്കാരുടെ എണ്ണവും വളരെ കൂടുതലാണ്. ആദ്യ ദിവസം മാത്രമായി ‘ദി കേരള സ്റ്റോറി’യുടെ കളക്ഷൻ 8.03 കോടിയായിരുന്നു. പ്രദർശനത്തിനെത്തിയ ആഴ്ച്ച തന്നെ വലിയ കളക്ഷനാണ് ‘ദി കേരള സ്റ്റോറി’ സ്വന്തമാക്കിയത്. ചിത്രത്തിനു ലഭിച്ചത് അത്ഭുതകരമായ കളക്ഷനാണെന്ന് പല ട്രേഡ് അനലിസ്റ്റുകളും പറയുന്നത്.