scorecardresearch
Latest News

പ്രോമോയിൽ കാണിച്ച പാട്ട് സിനിമയിൽ കണ്ടില്ല, പുലിവാല് പിടിച്ച് നിർമ്മാതാക്കൾ

ഷാരൂഖ് ഖാൻ അഭിനയിച്ച ‘ഫാൻ’ എന്ന ചിത്രത്തിലെ ‘ജബ്ര ഫാൻ’ എന്ന ഗാനം സിനിമയിൽ നിന്നും ഒഴിവാക്കിയതിൽ നിരാശയായ യുവതിയാണ് പരാതി നൽകിയത്

ന്യൂഡൽഹി: പ്രോമോയിൽ കാണിച്ച പാട്ട് സിനിമയിൽ നൽകിയില്ല എന്ന പരാതിയിൽ നിർമ്മാണ കമ്പനിയായ യാഷ്രാജ് ഫിലിമ്സിനെതിരെ (വൈആർഎഫ്) ദേശിയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (എൻസിഡിആർസി) നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു.

ഷാരൂഖ് ഖാൻ അഭിനയിച്ച ‘ഫാൻ’ എന്ന ചിത്രത്തിലെ ‘ജബ്ര ഫാൻ’ എന്ന ഗാനം സിനിമയിൽ നിന്നും ഒഴിവാക്കിയതിൽ നിരാശയായ യുവതി നൽകിയ പരാതിയിന്മേൽ നിർമ്മാണ കമ്പനി ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ചു എൻസിഡിആർസി ഉത്തരവാണ് സ്റ്റേ ചെയ്തത്. നിർമ്മാണ കമ്പനി സമർപ്പിച്ച വിടുതൽ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് വൈആർഎഫ് അഭിഭാഷകനെ കേട്ടശേഷം ഹർജിയിൽ നോട്ടീസ് നൽകാൻ ഉത്തരവിട്ടത്.

ഈ ഗാനം പ്രമോഷണൽ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും ഇത് സിനിമയിൽ ഉൾപ്പെടുത്താൻ നിർമ്മാണ കമ്പനിക്ക് യാതൊരു ബാധ്യതയുമില്ലെന്നും ഈ വസ്തുത എല്ലാ പങ്കാളികൾക്കും അറിയുന്നതാണെന്നുമായിരുന്നു അഭിഭാഷകൻ വാദിച്ചു.

‘ഫാൻ’ സിനിമയുടെ പ്രൊമോകളിലും ട്രെയിലറുകളിലും പ്രദർശിപ്പിച്ചിരിക്കുന്ന ‘ജബ്ര ഫാൻ’ എന്ന ഗാനം സിനിമയിൽ നൽകാതെ വഞ്ചിച്ചതായി അഫ്രീൻ ഫാത്തിമ സെയ്ദി എന്ന യുവതിയാണ് പരാതി നൽകിയത്.

ഗാനം സിനിമയിൽ നിന്നുള്ളത് അല്ലെന്ന് അറിഞ്ഞതിനാൽ, ചിത്രം കണ്ടു വന്ന രാത്രി തന്റെ കുട്ടികൾ ഭക്ഷണം കഴിച്ചില്ലെന്നും ഇത് അവരിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കിയെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു എന്നും കാണിച്ചായിരുന്നു പരാതി.

ജില്ലാ ഉപഭോക്തൃ ഫോറം യുവതിയുടെ പരാതി നിരസിച്ചെങ്കിലും മഹാരാഷ്ട്ര സംസ്ഥാന കമ്മിഷൻ അവരുടെ ഹർജി അനുവദിക്കുകയും 2017ൽ 10,000 രൂപ നഷ്ടപരിഹാര തുകയോടൊപ്പം 5,000 രൂപ നിയമ വ്യവഹാര തുകയും നൽകാൻ വൈആർഎഫിനോട് നിർദ്ദേശിക്കുകയുമായിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഈ ഉത്തരവിനെതിരെ വൈആർഎഫ് നൽകിയ റിവിഷൻ ഹർജി തള്ളിയിരുന്നു. സിനിമയുടെ ഭാഗമല്ലാത്ത ഗാനം സിനിമയുടെ പ്രൊമോയിൽ ഉൾപ്പെടുത്തുന്നത് വഞ്ചനയും ഉപഭോക്ത സംരക്ഷണ നിയമത്തിലെ സെക്ഷൻ 2 (1) (ആർ) പ്രകാരം അന്യായമായ വ്യാപാര സമ്പ്രദായത്തിന് തുല്യമാണെന്നുമായിരുന്നു എൻസിഡിആർസിയുടെ നിരീക്ഷണം.

Also read: ഷാരൂഖ് ഖാൻ ‘വീർ സാറ’ ഉൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കി; വെളിപ്പെടുത്തി ഐശ്വര്യ

വൈആർഎഫ് നൽകിയ ഹർജിയിൽ, എൻ‌സി‌ഡി‌ആർ‌സി പുറപ്പെടുവിച്ച ഉത്തരവ് ആർട്ടിക്കിൾ 19 (1) (ജി) പ്രകാരമുള്ള മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്ന് വൈആർഎഫ് വാദിച്ചു. ഉത്തരവ് കമ്പനി അതിന്റെ പ്രൊഫഷണൽ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് അന്യായമായ വ്യവസ്ഥകൾ ചുമത്തുന്നതാണെന്ന് ഹർജിയിൽ പറഞ്ഞു.

‘ജബ്ര ഫാൻ’ എന്ന ഗാനം സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണെന്ന് അണിയറ പ്രവർത്തകർ പല അഭിമുഖങ്ങളിലും വേദികളിലും പറഞ്ഞിട്ടുണ്ടെന്നും ഇത്തരത്തിൽ ഗാനം ഉപയോഗിക്കുന്നത് സാധാരണ പ്രക്രിയ ആണെന്നും നിർമ്മാണ കമ്പനി വ്യക്തമാക്കി.

2016 ഏപ്രിൽ 15നാണ് ‘ഫാൻ’ റീലിസ് ചെയ്തത്. മനീഷ് ശർമ്മ സംവിധാനം ചെയ്ത ചിത്രത്തിൽ ഡബിൾ റോളിലാണ് ഷാരുഖ് ഖാൻ അഭിനയിച്ചത്. സയനി ഗുപ്ത, ശ്രിയ പിൽഗാവ്കർ എന്നിവരാണ് ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തിയത്. ചിത്രം ബോക്സ്ഓഫീസിൽ വലിയ വിജയമായില്ലെങ്കിലും ചിത്രത്തെക്കുറിച്ചു ഷാരൂഖ് ഖാന്റെ അഭിനയം വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sc stays ncdrc order against yash raj films for excluding song shown in promo