വേറിട്ട ടീസറുമായി ‘സായാഹാനവാർത്ത’യുടെ ടീസറെത്തി. ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും നായകന്മാരാകുന്ന ചിത്രത്തിന്റെ ടീസർ ഹാസ്യാത്മകമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ പദ്ധതികളെ ട്രോളുന്ന രീതിയിലുള്ള ടീസർ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. കേന്ദ്രസർക്കാർ പരസ്യങ്ങൾ മൊഴിമാറ്റി മലയാളത്തിലാക്കുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റിന്റെ ശബ്ദത്തിലുള്ള വോയിസ് ഓവറാണ് ടീസറിനും നൽകിയിരിക്കുന്നത്. സറ്റയർ സ്വഭാവമുള്ളതാണ് ചിത്രം എന്ന സൂചനകളാണ് ടീസർ നൽകുന്നത്.
ഗോകുലിനും ധ്യാനിനുമൊപ്പം അജു വർഗ്ഗീസും ശ്രദ്ധേയമായ റോളിലെത്തുന്ന ചിത്രമാണ് ‘സായാഹ്നവാർത്തകൾ’. ഫോട്ടോഗ്രാഫറായ അരുൺ ചന്തു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖമായ ശരണ്യ ശർമയാണ് നായിക. ഡി.14 എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സച്ചിൻ ഒരുക്കിയിരിക്കുന്നു. സംഗീതം പ്രശാന്ത് പിള്ളയും ഛായാഗ്രഹണം രാഹുൽ ബാലചന്ദ്രനും എഡിറ്റിങ് അമൽ അയ്യപ്പനും നിർവ്വഹിച്ചിരിക്കുന്നു.

‘സായാഹ്നവാർത്ത’കളിലെ ഗോകുൽ സുരേഷിന്റെ വേറിട്ട ഗെറ്റപ്പും ചിത്രങ്ങളും മുൻപു തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്തായാലും, താരപുത്രന്മാരായ ഗോകുലും ധ്യാനും കൈകോർക്കുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ‘സായാഹ്നവാർത്തകൾ’.
‘ഇളയരാജ’യ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ഗോകുൽ ചിത്രമാണ് ഇത്. ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാംദാസ് സംവിധാനം ചെയ്ത ‘ഇളയരാജ’യിലെ ഗോകുലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read more: ഈ നാട്ടിലെ പൊളിറ്റിക്‌സ് എനിക്കിഷ്ടമല്ല: ഗോകുൽ സുരേഷ്
അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘കുട്ടിമാമ’യാണ് ധ്യാൻ ശ്രീനിവാസന്റെ റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രം. അച്ഛൻ ശ്രീനിവാസനൊപ്പം ധ്യാൻ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി എം വിനു ആണ്. ശ്രീനിവാസന്റെ ചെറുപ്പക്കാലമാണ് ധ്യാൻ അഭിനയിച്ചിരിക്കുന്നത്. തള്ള് വീരനായ ശേഖരൻകുട്ടി എന്ന പട്ടാളക്കാരന്റെ വേഷത്തിലാണ് ധ്യാൻ എത്തുന്നത്. ചിത്രം ആവറേജ് മാത്രമായിരിക്കുമ്പോഴും ചിത്രത്തിലെ ശ്രീനിവാസന്റെയും ധ്യാനിന്റെയും പെർഫോമൻസുകൾ ശ്രദ്ധേയമാകുകയാണ്. പ്രണയവും ആക്ഷനുമെല്ലാം മനോഹരമായി തന്നെ ആവിഷ്കരിക്കാൻ ധ്യാനിനും കഴിഞ്ഞിട്ടുണ്ട്.