ഒരു കാലത്ത് വെളളിത്തിരയിൽ വിസ്‌മയം സൃഷ്‌ടിച്ച നായികയാണ് സാവിത്രി. ഒരു കാലത്ത് ദക്ഷിണേന്ത്യ കീഴടക്കിയ മഹാനടി. തെലുങ്ക്, കന്നട, തമിഴ്, മലയാളം,ഹിന്ദി തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷയിലും അഭിനയിച്ച നടിയാണ് സാവിത്രി. വ്യത്യസ്‌തമായ വേഷങ്ങളിലൂടെയും ഭാവപകർച്ചകളിലൂടെയും ഇഷ്‌ടം നേടിയ സാവിത്രിയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്തിറങ്ങി.

മലയാളികളുടെ പ്രിയ നായിക കീർത്തി സുരേഷാണ് സാവിത്രിയായി വെളളിത്തിരയിലെത്തുന്നത്. ലോക വനിതാ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. മഹാനടി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്.

savitri, movie, actress

സാമന്തയാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. സാമന്തയുടെ കഥാപാത്രത്തെ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രം പുറത്തിറങ്ങും. മലയാളത്തിൽ ഡബ്ബ് ചെയ്‌തും സാവിത്രി എന്ന ചിത്രമെത്തും. മറ്റു താരനിർണയം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വൈജയന്തി മൂവിസാണ് ചിത്രം നിർമ്മിക്കുന്നത്.

ദക്ഷിണേന്ത്യയിലെ തന്നെ മികച്ച നടിമാരിലൊരാളായാണ് സാവിത്രിയെ കാണുന്നത്. 1950 കളിലാണ് സാവിത്രി സിനിമാ രംഗത്തെത്തുന്നത്. ശക്തവും വ്യത്യസ്‌തവുമായ നിരവധി കഥാപപാത്രങ്ങൾക്കാണ് ഈ നടി ജീവൻ നൽകിയത്. ദേവദാസ്, പെണ്ണിന പെരുമെ, മായാബസാർ തുടങ്ങി അനവധി ചിത്രങ്ങളിൽ സാവിത്രി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമൊതുങ്ങി നിൽക്കുന്നതല്ല സാവിത്രിയുടെ കലാജീവിതം. ഗായികയായും സംവിധായികയായും സാവിത്രി സിനിമാ രംഗത്ത് തന്റെ സാന്നിധ്യമറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ