ദുൽഖർ സൽമാൻ ജെമിനി ഗണേശനായെത്തുന്നു. ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവിതത്തെക്കുറിച്ചുളള സിനിമയിലാണ് ദുൽഖർ പ്രമുഖ തമിഴ് നടനായ ജെമിനി ഗണേശനായെത്തുന്നത്. ‘മഹാനടി’യെന്നാണ് ചിത്രത്തിന്റെ പേര്. തെലുങ്കിലാണ് മഹാനടിയൊരുങ്ങുന്നത്. ദുൽഖറിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ഇത്.

മലയാളികളുടെ പ്രിയ നായിക കീർത്തി സുരേഷാണ് സാവിത്രിയായി വെളളിത്തിരയിലെത്തുന്നത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോക വനിതാ ദിനത്തിൽ മഹാനടിയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരുന്നു. മെയ് 10ന് ദുൽഖർ മഹാനടി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ ചിത്രത്തിന്റെ പേര് ‘നടിഗയാർ തിലകം’ എന്നാണ്.

സാവിത്രിയുടെ ജീവിതത്തിലുണ്ടായിരുന്ന സിനിമയിലെ മറ്റു പ്രധാന വേഷങ്ങളായ ജമുന, എൻ.ടി.ആർ, അക്കിനേനി നാഗേശ്വര റാവു ആയി ആരൊക്കെ എത്തുമെന്ന കാര്യങ്ങൾ ചർച്ചയിലാണ്. ജമുനയായി അനുഷ്‌ക ഷെട്ടിയെത്തുമെന്നും വാർത്തകളുണ്ട്. നേരത്തെ സാമന്തയാണ് ജമുനയാവുന്നതെന്ന് റിപ്പോർട്ടുുകളുണ്ടായിരുന്നു. എന്നാൽ ഒരു മാധ്യമ പ്രവർത്തകയായാണ് സാമന്ത മഹാനടിയിലെത്തുന്നത്. ബാക്കിയുളള താരനിർണയം പുരോഗമിക്കുന്നു.

ഒരു കാലത്ത് വെളളിത്തിരയിൽ വിസ്‌മയം സൃഷ്‌ടിച്ച നായികയാണ് സാവിത്രി. ഒരു കാലത്ത് ദക്ഷിണേന്ത്യ കീഴടക്കിയ മഹാനടി. തെലുങ്ക്, കന്നട, തമിഴ്, മലയാളം,ഹിന്ദി തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷയിലും അഭിനയിച്ച നടിയാണ് സാവിത്രി. വ്യത്യസ്‌തമായ വേഷങ്ങളിലൂടെയും ഭാവപകർച്ചകളിലൂടെയും ഇഷ്‌ടം നേടിയ സാവിത്രിയുടെ ജീവിതമാണ് മഹാനടി പറയുന്നത്.

savitri, movie, actress

മലയാളത്തിൽ ഡബ്ബ് ചെയ്‌തും സാവിത്രി എന്ന ചിത്രമെത്തും. വൈജയന്തി മൂവിസാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ