കൊല്ലം ജില്ലയിലെ ആലപ്പാട്, അശാസ്ത്രീയമായി നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമാ ലോകവും. ടൊവിനോ തോമസ്, പൃഥ്വിരാജ്, രജിഷാ വിജയന്‍, സണ്ണി വെയ്ന്‍, അനു സിതാര, പ്രിയ വാര്യര്‍, ധനേഷ് ആനന്ദ്, ഫൈസല്‍ റാസി തുടങ്ങി നിരവധി പേര്‍ ആലപ്പാട്ടെ ജനങ്ങള്‍ക്കായി രംഗത്തെത്തി.

ആദ്യമായി ആലപ്പാടിന് വേണ്ടി മലയാള സിനിമയില്‍ നിന്നും ഉയര്‍ന്നു കേട്ട ശബ്ദം യുവതാരം ടൊവിനോ തോമസിന്റേതായിരുന്നു. ‘സോഷ്യല്‍ മീഡിയയില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഹാഷ് ടാഗ് കാമ്പെയിനാണ് സേവ് ആലപ്പാട്. എനിക്കിതില്‍ നടപടി എടുക്കാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ എനിക്ക് ചെയ്യാവുന്ന കാര്യം അത് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുത്തുകയാണ്. ചിലപ്പോള്‍ ഞാന്‍ ഒരു പൊതുവേദിയില്‍ പറഞ്ഞാല്‍ ഇത് കൂടുതല്‍ ആളുകള്‍ അറിയുമായിരിക്കും”. -കേരള സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ടൊവിനോ നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു.

അതിനു പുറകെ സണ്ണി വെയ്ന്‍, പൃഥ്വിരാജ് എന്നിവരും എത്തി.
സത്യസന്ധമായി പറഞ്ഞാല്‍, ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റുകൊണ്ടു എന്തു മാത്രം ഉപകാരം ഉണ്ടാകും എന്നെനിക്ക് അറിയില്ല !
തുറന്ന് പറയട്ടെ, എപ്പോഴും ഏതെങ്കിലും ഒരു സാമൂഹിക പ്രശ്‌നം ഉയര്‍ന്നു വരുമ്പോള്‍ നമ്മള്‍ ചെയ്ത് വരുന്ന ഈ സോഷ്യല്‍ മീഡിയയിലെ, ഹാഷ് ടാഗോ മറ്റോ ഉപയോഗിച്ചുള്ള പട പുറപ്പാട് ഒരു തരത്തില്‍ അര്‍ഥശൂന്യമാണ്. എന്നാല്‍ ഇതിനെല്ലാം ഉപരി എന്നെ ആശങ്കപ്പെടുത്തുന്നത്, മതമോ, വിശ്വാസമോ ചോദ്യം ചെയ്യപ്പെട്ടാല്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്നത് ഒരു തീക്ഷ്ണമായ ചര്‍ച്ചയും വാര്‍ത്ത പ്രാധാന്യവും ആണ്… എന്നാല്‍ അതേ സമയം നമ്മുടെ സഹോദരങ്ങളുടെ വീടും കിടപ്പാടവും നഷ്ടമാകുന്ന അവസ്ഥ വരുമ്പോള്‍, എന്തുകൊണ്ടോ ചാനലുകളിലെ അന്തി ചര്‍ച്ചകളിലെ ഇപ്പോളും ചൂടുള്ള വാര്‍ത്ത മതവും വിശ്വാസവും തന്നെ. ഞാന്‍ ഈ പോസ്റ്റ് നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഹാഷ് ടാഗ് ഓട് കൂടി ആണ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഒടുവില്‍ ഇത് വെറും ഒരു ഹാഷ് ടാഗ് ക്യാംപെയ്ന്‍ മാത്രം ആയി പോകും എന്നുള്ള എന്റെ ചിന്ത എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ഈ പോസ്റ്റ് ഇടുമ്പോള്‍, നിങ്ങളെ പോലെ എനിക്കും പ്രതീക്ഷിക്കാനും വിശ്വസിക്കാനും മാത്രമേ കഴിയൂ, നിങ്ങളുടെ ഒപ്പം എന്റെ ശബ്ദവും ഉയര്‍ന്നുവെന്നും അത് അധികാരികളുടെ ചെവിയില്‍ എത്തട്ടെ എന്നും, അവരുടെ കണ്ണു തുറക്കട്ടെ എന്നും,’ പൃഥ്വി കുറിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook