ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തരുൺ മൂർത്തിയുടെ ‘സൗദി വെള്ളക്ക’ തിരഞ്ഞെടുക്കപ്പെട്ടു. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചിരുന്നത്. താരമൂല്യം, സാറ്റലൈറ്റ് അവകാശം തുടങ്ങിയവയൊക്കെ ചലച്ചിത്രത്തിന്റെ ‘ഉള്ളടക്ക’ത്തെ ബാധിക്കുന്ന കാലത്ത് വേറിട്ടൊരു വിഷയം തിരഞ്ഞെടുക്കാനും ഒരു പറ്റം പുതുനിര അഭിനേതാക്കളെ അണിനിരത്തികൊണ്ട് പ്രേക്ഷകരുടെ മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ കഥ പറയാനും കഴിഞ്ഞുവെന്നതായിരുന്നു ‘സൗദി വെള്ളക്ക’യുടെ വിജയം.
ഐഎഫ്എഫ്കെ ഇന്ത്യൻ പനോരമ, ചെന്നൈ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, പൂനെ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ബംഗളൂരു ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ എന്നിവടെയെല്ലാം ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
ദേവി വർമ, ലുക്ക്‌മാൻ അവറാൻ, ബിനു പപ്പു, ധന്യ അനന്യ, സുജിത്ത് ശങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിർമിച്ചത് സന്ദീപ് സേനനാണ്. കോടതിവിധികളിൽ വന്നുചേരുന്ന കാലതാമസം ഓരോ കേസുമായും ബന്ധപ്പെട്ടു കിടക്കുന്ന മനുഷ്യരുടെ ജീവിതത്തെയും അവരുടെ ചുറ്റുമുള്ളവരെയും എത്രത്തോളം ബാധിക്കുന്നുവെന്നുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമാവുന്നത് 80 വയസോളം പ്രായമുള്ള ഉമ്മയും ഒരു കുട്ടിയുമാണ്. നായകൻ, നായിക, വില്ലൻ- കഥയെ മുന്നോട്ടു നയിക്കുന്നവർ ഇവരൊക്കെയാവണം എന്നതാണ് നമ്മുടെ സിനിമകളിൽ കാലാകാലങ്ങളായി കണ്ടിട്ടുള്ള നടപ്പുരീതി, ഇവർ തമ്മിലുള്ള വ്യവഹാരങ്ങളാണ് ആത്യന്തികമായി കഥയെ നിർണയിക്കുന്നതും. എന്നാൽ ഇതിൽ നിന്നും വേറിട്ട സമീപനമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ സ്വീകരിച്ചത്.