നായകൻ, നായിക, വില്ലൻ- കഥയെ മുന്നോട്ടു നയിക്കുന്നവർ ഇവരൊക്കെയാവണം എന്നതാണ് നമ്മുടെ സിനിമകളിൽ കാലാകാലങ്ങളായി കണ്ടിട്ടുള്ള നടപ്പുരീതി, ഇവർ തമ്മിലുള്ള വ്യവഹാരങ്ങളാണ് ആത്യന്തികമായി കഥയെ നിർണയിക്കുന്നതും. എന്നാൽ ഇതിൽ നിന്നും വേറിട്ട സമീപനമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ സ്വീകരിക്കുന്നത്. ഇവിടെ കേന്ദ്രകഥാപാത്രമാവുന്നത് 80 വയസോളം പ്രായമുള്ള ഉമ്മയും ഒരു കുട്ടിയുമാണ്. സിനിമ ചർച്ച ചെയ്യുന്നതാവട്ടെ, കോടതിവിധികളിൽ വന്നുചേരുന്ന കാലതാമസം ഓരോ കേസുമായും ബന്ധപ്പെട്ടു കിടക്കുന്ന മനുഷ്യരുടെ ജീവിതത്തെയും അവരുടെ ചുറ്റുമുള്ളവരെയും എത്രത്തോളം ബാധിക്കുന്നുവെന്നും.
ഇന്ത്യയിലെ വിവിധ കോടതികളിലായി ഇനിയും തീർപ്പാവാതെ കിടക്കുന്ന 45 മില്യൺ കേസുകൾ ഉണ്ടെന്നത് വേദനിപ്പിക്കുന്ന വസ്തുതയാണ്. വിചാരണ പോലും കിട്ടാതെ ജയിലിൽ കിടക്കുന്ന മനുഷ്യരുള്ള രാജ്യമാണിത്. ‘നീതി’യെന്നത് കിട്ടാക്കനിയോ മരുപ്പച്ചയോ ആയി മാറുമ്പോൾ കോടതി മുറികളിൽ കയറിയിറങ്ങി ഒരു മനുഷ്യായുസ്സു തന്നെ നഷ്ട്ടപെട്ടു പോവുന്ന എത്രയോ മനുഷ്യർ. വൈകുന്ന നീതിയും ചിലപ്പോൾ അനീതിയാണ്. ഒരാൾക്ക് നഷ്ട്ടപെട്ടുപോവുന്ന വർഷങ്ങൾക്കു ആർക്ക് നഷ്ടപരിഹാരം നൽകാനാവും? ‘സൗദി വെള്ളക്ക’യിലും കാണാം നീതി തേടി കോടതി കയറിയിറങ്ങി തളർന്നുപോവുന്ന സാധാരണക്കാരിയായൊരു ഉമ്മയെ. ആ ഉമ്മ ഓർമ്മിപ്പിക്കുന്നത് സമാന അവസ്ഥകളിലൂടെ കടന്നുപോവുന്ന പരശതം ജീവിതങ്ങളെ കൂടിയാണ്.
താരമൂല്യം, സാറ്റലൈറ്റ് അവകാശം തുടങ്ങിയവയൊക്കെ ചലച്ചിത്രത്തിന്റെ ‘ഉള്ളടക്ക’ത്തെ ബാധിക്കുന്ന കാലത്ത് ഇത്തരമൊരു വിഷയം തിരഞ്ഞെടുക്കാനും ഒരു പറ്റം പുതുനിര അഭിനേതാക്കളെ അണിനിരത്തികൊണ്ട് പ്രേക്ഷകരുടെ മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ കഥ പറയാനും കഴിഞ്ഞുവെന്നതാണ് ‘സൗദി വെള്ളക്ക’യുടെ വിജയം.
കോടതിവിധികളിൽ വരുന്ന കാലതാമസം മനുഷ്യരുടെ ജീവിതം എത്രത്തോളം ദുസ്സഹമാക്കുമെന്ന വിഷയം പ്രേക്ഷകർക്കു അറിയാത്തതോ മലയാള സിനിമ ഇതുവരെ ചർച്ച ചെയ്യാത്തതോ അല്ല. സമാനമായ വിഷയം കൈകാര്യം ചെയ്ത ചിത്രങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, ബുദ്ധികൊണ്ടല്ല മനസ്സുകൊണ്ട്/ ഹൃദയം കൊണ്ട് ആ യാഥാർത്ഥ്യത്തെ നോക്കി കാണാൻ പ്രേക്ഷകരെ പ്രചോദിപ്പിക്കുന്നു എന്നിടത്താണ് ‘സൗദി വെള്ളക്ക’ വേറിട്ടുനിൽക്കുന്നത്. ചില ആശയങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ വിപ്ലവമോ സമരാഹ്വാനമോ അല്ല ഫലപ്രദം. കഥാപാത്രത്തിന്റെ മാനസികാവസ്ഥകളോട്, പരിതസ്ഥികളോട് ഓരോരുത്തരും വൈകാരികമായി താദാത്മ്യം പ്രാപിക്കുന്നിടത്തു നിന്നുതന്നെ ആ സംവേദനം പൂർണ്ണമാവും. ‘നമ്മുടെ കോടതികൾ മാറേണ്ടതുണ്ട്, നിയമ വ്യവസ്ഥകൾ മാറേണ്ടതുണ്ട്’ എന്ന് ‘സൗദി വെള്ളക്ക’ പറയുന്നത് മുദ്രാവാക്യം വിളിച്ചല്ല, വ്യവസ്ഥിതികളുടെ കുരുക്കിൽ ശ്വാസം മുട്ടി പിടയുന്ന മനുഷ്യരുടെ ജീവിതം കാണിച്ചു കൊണ്ടാണ്.

നമ്മുടെ സമൂഹത്തിൽ, നിയമം എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നു കൂടി ചിത്രം കാണിച്ചുതരുന്നുണ്ട്. സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് അവരുടെ സുരക്ഷയെയും ക്ഷേമത്തെയും കരുതി നിയമം ഉറപ്പു നൽകുന്ന പരിരക്ഷയെ ദുരുപയോഗം ചെയ്യുന്ന എത്രയോ കേസുകൾ ചുറ്റുമൊന്നു കണ്ണോടിച്ചാൽ കാണാനാവും. അതിർത്തി പ്രശ്നങ്ങൾ കേസാകുമ്പോൾ വീട്ടിലെ സ്ത്രീകളെ ഉപദ്രവിച്ചു എന്ന് എഴുതി ചേർത്ത് കേസിനു ബലം കൊടുക്കുന്നവർ, ഡിവോഴ്സ് കേസുകളിൽ ഗാർഹിക പീഡനം നടന്നിട്ടില്ലെങ്കിൽ കൂടി കേസ് അനുകൂലമാവാൻ അതെഴുതി ചേർക്കുന്നവർ, മകളുടെ സംരക്ഷണം വിട്ടുകിട്ടാനായി നൽകിയൊരു കേസിന് ബലം കിട്ടാനായി അമ്മയ്ക്ക് വേണ്ടി വാദിച്ച വക്കീൽ എഴുതി ചേർത്തത് അച്ഛനൊരു ‘പീഡോഫൈല്‍’ ആണെന്നതാണ്. നിയമം കൊണ്ട് തന്നെ കുരുക്കിട്ട് ‘കേസിലെ പ്രതിയെ’ വീഴ്ത്താനായി എഴുതിച്ചേർക്കപ്പെടുന്ന ഇത്തരത്തിലുള്ള ‘തൊങ്ങലു’കളും കള്ളങ്ങളുമാണ് നീതിയ്ക്ക് വേണ്ടി വാദിക്കുന്നതെന്നാണ് ഇതിലെയെല്ലാം വിരോധാഭാസം!
‘സൗദി വെള്ളക്ക’യിലും കാണാം, പരസ്പരം പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങളുടെ ഇടയിൽ കയറി അതിനെ വലുതാക്കി വ്യക്തിപരമായ സ്വാർത്ഥതക്കായി ഉപയോഗപ്പെടുത്തുന്ന ഒരു കഥാപാത്രത്തെ. മതം, ജാതി, രാഷ്ട്രീയം, സാമൂഹികാവസ്ഥ എന്നിവയെല്ലാം നോക്കി ആളുകൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കുന്നവരുടെ പ്രതിനിധിയാണ് ആ കഥാപാത്രം. പരസ്പരമുള്ള വാശിയും ജയിക്കണമെന്ന വീറും മത്തുപിടിപ്പിക്കുന്ന ഇത്തരം മനുഷ്യർക്കിടയിൽ നിന്നുകൊണ്ട്, വിട്ടുകൊടുക്കാൻ മനസ്സുള്ള മനുഷ്യരുടെ കഥപറയുന്നതിൽ ഒരു രാഷ്ട്രീയമുണ്ട്, മാനവികതയുടെ രാഷ്ട്രീയം. അതുകൊണ്ടാണ്, ‘ഇത്രയെ ഉള്ളു മനുഷ്യർ അല്ലേ?’ എന്ന ലുക്ക്മാന്റെ തിരിച്ചറിവിനെ ‘ഇത്രയുമൊക്കെ ഉണ്ടെടോ മനുഷ്യർ’ എന്ന് ബിനു പപ്പുവിന്റെ ബ്രിട്ടോ തിരുത്തുമ്പോൾ കാഴ്ചക്കാരുടെ ഉള്ളുവിങ്ങുന്നത്.
കാഴ്ചക്കാരുടെ വൈകാരികതയെ സ്പർശിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ (Feel good films) ഇന്ന് മലയാളസിനിമയിൽ ധാരാളമായി ഉണ്ടാവുന്നുണ്ട്. എന്നാൽ ഒരുവിഭാഗം ആളുകളിലെങ്കിലും അത്തരം സിനിമകൾ മടുപ്പുളവാക്കുന്നുണ്ടെങ്കിൽ അതിനു കാരണം കഥയിലേക്ക് സംവിധായകനോ തിരക്കഥാകൃത്തോ ബോധപൂർവ്വം കൊണ്ടുവരുന്ന കൃത്രിമത്വം നിറഞ്ഞ സമീപനങ്ങളാണ്. നായകനെ ‘നന്മമര’മായി അവതരിപ്പിക്കാൻ വേണ്ടി നിർബന്ധബുദ്ധിയോടെ സൃഷ്ടിക്കുന്ന കഥാസന്ദർഭങ്ങൾ, കരുണ തുളുമ്പുന്ന കൃത്രിമത്വം നിറഞ്ഞ സംഭാഷണശകലങ്ങൾ… ഇതൊക്കെ അത്തരം ചിത്രങ്ങളിൽ മുഴച്ചുനിൽക്കാറുണ്ട്. എന്നാൽ സ്വാഭാവികമായ സംഭാഷണശകലങ്ങളാലും കയ്യടക്കത്താലും അത്തരം വാർപ്പു മാതൃകകളെ മറികടക്കുന്നുണ്ട് ‘സൗദി വെള്ളക്ക’. കേന്ദ്ര കഥാപാത്രത്തെ കരുണയുള്ളവനാക്കി മാറ്റുന്നത് സ്വഭാവികമായ സാഹചര്യങ്ങൾ ആണ്, ഒരു പതിറ്റാണ്ടിലേറെ നീളുന്ന സംഭവവികാസങ്ങളിലൂടെയാണ് ലുക്ക്മാന്റെ കഥാപാത്രത്തിന് പരിവർത്തനം സംഭവിക്കുന്നത്. മനുഷ്യനുള്ളിലെ ആത്യന്തികമായ നന്മയെ പുറത്തുവരാൻ പ്രാപ്തമാക്കുന്ന രീതിയിൽ സൂക്ഷ്മമായാണ് ആ കഥാപരിസരം തിരക്കഥാകൃത്ത് കൂടിയായ തരുൺ ഒരുക്കിയിരിക്കുന്നത്. നൂറുശതമാനം പണികുറ്റം തീർത്തൊരു ചിത്രമൊന്നുമല്ല ‘സൗദി വെള്ളക്ക’. എന്നാൽ, ചിത്രത്തിലെ ചെറിയ പോരായ്മകളെ പോലും അപ്രസക്തമാക്കി കൊണ്ട് കഥയും കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയത്തെ കീഴടക്കും.
ഗംഭീരമായ കാസ്റ്റിംഗും അഭിനേതാക്കളുടെ ഉള്ളുതൊടുന്ന പ്രകടനവുമാണ് ‘സൗദി വെള്ളക്ക’യുടെ സൗന്ദര്യം. ഓരോ അഭിനേതാവിനെയും എങ്ങനെ ‘കഥാപാത്രങ്ങൾക്കായി പരുവപ്പെടുത്തണം’ എന്ന സംവിധായകന്റെ ഉൾക്കാഴ്ച ചിത്രത്തിനു നൽകുന്ന കരുത്ത് ചെറുതല്ല. അതുകൊണ്ടാണ്, ചിത്രം കണ്ടിറങ്ങുമ്പോൾ ആയിഷ റാവുത്തറായി ‘ജീവിക്കുന്ന’ ആ ഉമ്മയെ എവിടെ നിന്നും കണ്ടെത്തി എന്ന് പ്രേക്ഷകർക്ക് സംവിധായകനോട് ചോദിക്കാൻ തോന്നുന്നത്. അധികം സംഭാഷണങ്ങളോ ഭാവപ്രകടനങ്ങളോ എന്തിന്, ആ മുഖത്തൊരു ചിരി പോലും വിരിയുന്നില്ല. എന്നിട്ടും നിർവികാരത തണുത്തുറഞ്ഞതുപോലെ തോന്നിപ്പിക്കുന്ന ആയിഷ റാവുത്തർ പ്രേക്ഷകരുടെ കണ്ണുനനയ്ക്കും.

ബിനു പപ്പുവിന്റെ മുഖഭാവത്തിൽ സ്ഥായിയായുള്ള കരുണയെ, ശബ്ദത്തിലെ ആർദ്രതയെ ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തുകയാണ് ‘സൗദി വെള്ളക്ക’. മുതിർന്നവരുടെ ശരികൾ തെറ്റാണെന്നു മനസ്സിലാക്കുമ്പോഴും ശബ്ദിക്കാൻ ആവാതെ പോവുന്നൊരു കുട്ടിയുടെ നിസ്സഹായത ലുക്കുമാൻ അവറാനിലും ആ കഥാപാത്രത്തിന്റെ ബാല്യം അവതരിപ്പിച്ച കുട്ടിയിലും തെളിഞ്ഞു കാണാം. കഥാപാത്രങ്ങൾക്ക് സംവിധായകനും തിരക്കഥാകൃത്തും നൽകിയിരിക്കുന്ന സൂക്ഷ്മാംശങ്ങളും എടുത്തുപറയേണ്ടതുണ്ട്. ‘മഹേഷിന്റെ പ്രതികാര’ത്തിലെ ആണഹന്തയുടെ പ്രതീകമായ ജിംസണിൽ നിന്നും അതിന്റെ ഒരംശം പോലുമില്ലാത്ത സത്താറിലേക്ക് സുജിത്ത് ശങ്കർ എന്ന നടനെത്തുമ്പോൾ അവിടെയെല്ലാം കഥാപാത്രനിർമ്മിതിയിലെ സൂക്ഷ്മാംശങ്ങളാണ് തെളിഞ്ഞുനിൽക്കുന്നത്. ദൈന്യതയുടെ ആൾരൂപമായ സത്താർ എന്ന മനുഷ്യനെയല്ലാതെ സുജിത്ത് എന്ന നടനെ പ്രേക്ഷകർക്ക് എവിടെയും കാണാനാവില്ല.
മുഖ്യധാരാ സിനിമകൾ ‘നായക ‘ കേന്ദ്രീകൃതമായി കഥാപറയുമ്പോൾ മറ്റു കഥാപാത്രങ്ങൾ പലപ്പോഴും വെറും നോക്കുകുത്തികളാവാറുണ്ട്. എന്നാൽ ‘സൗദി വെള്ളക്ക’യിൽ സ്ക്രീനിൽ വന്നുപോവുന്ന മിക്ക കഥാപാത്രങ്ങളും നായകന്മാരും നായികമാരുമാണ്. അവരുടേതായ ജീവിതസമരങ്ങളെ കൂടി രേഖപ്പെടുത്തുന്നുണ്ട് ചിത്രം. ഗോകുലൻ, വിൻസി അലോഷ്യസ്, ധന്യ അനന്യ, അഡ്വക്കറ്റ് സിദ്ധാർത്ഥ് ശിവ, മൂന്നാനും ചവിട്ടുനാടക കലാകാരനുമായ സജീദ്, കഥാഗതിയിൽ വന്നു ചേരുന്ന ആ ഓട്ടോ ഡ്രൈവറെ വരെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് സംവിധായകൻ തരുൺ മൂർത്തി, അവർക്കുമുണ്ട് പറയാനൊരു കഥ. ഒട്ടും ഏച്ചുക്കെട്ടൽ തോന്നിപ്പിക്കാതെ തന്നെ ആ ഉപകഥകളും പ്രധാനകഥയോട് ചേർന്നു സഞ്ചരിക്കുന്നു.
താരമൂല്യമുള്ള അഭിനേതാക്കളുടെ സിനിമകൾ മാത്രം തിയേറ്ററുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നു എന്ന രീതിയിലേക്ക് കോവിഡാനന്തരം തിയേറ്റർ സംസ്കാരം മാറിയിട്ടുണ്ട്. താരമൂല്യത്തെ വളരെ ലാഘവത്തോടെ ഉപയോഗപ്പെടുത്തുകയും മുൻപ് വിജയിച്ച ചിത്രങ്ങളുടെ അതേ ഫോർമുലയിൽ തന്നെ വാർത്തെടുക്കുകയും ചെയ്ത ചിത്രങ്ങൾ നൽകുന്ന ആവർത്തനവിരസതയും തിയേറ്ററുകളിൽ നിന്നും പ്രേക്ഷകരെ അകറ്റുന്ന ഘടകമാണ്. മാത്രമല്ല, മുപ്പതോ നാൽപ്പതോ ദിവസം മാത്രം കാത്തിരുന്നാൽ ഒട്ടുമിക്ക സിനിമകളും ഒടിടിയിലേക്ക് എത്തുന്നു എന്നതും മേൽപ്പറഞ്ഞ പ്രശ്നത്തിനൊരു കാരണമാണ്. തീയേറ്റർ സംസ്കാരത്തെ തന്നെ പതിയെ ഇല്ലാതാക്കിയേക്കാവുന്ന ഒരു പ്രവണതയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്നാൽ, സിനിമാക്കാഴ്ചയ്ക്ക് തിയേറ്ററിന്റെ അന്തരീക്ഷത്തിനു മാത്രം സമ്മാനിക്കാനാവുന്ന ചില അനുഭവതലങ്ങളുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള മനുഷ്യർ… അവർ ഒരുമിച്ചിരുന്നു ഒരേ കാഴ്ചയുടെ ഭാഗമാവുന്നു.. ഒന്നിച്ചു ചിരിക്കുന്നു, കണ്ണ് നിറയുന്നു, അത്ഭുതപ്പെടുന്നു.. പൂർണ്ണമായും അപരിചിതരായ ആ മനുഷ്യർക്കിടയിൽ നൈസർഗികമായി വന്നുചേരുന്ന ഒരു കണക്ഷൻ. നിറഞ്ഞ കണ്ണുകളോടെ ‘സൗദി വെള്ളക്ക’ കണ്ടിറങ്ങുമ്പോൾ ചുറ്റുമുള്ള മനുഷ്യരുടെ കണ്ണിൽ കണ്ട നനവിന്റെ പേരു കൂടിയാണ് മനുഷ്യത്വം! മാനവികതകയെ ആഘോഷിക്കുന്ന സിനിമകൾ കൂടി നമുക്ക് ഉണ്ടാകേണ്ടതുണ്ട്, ‘സൗദി വെള്ളക്ക’യെ പോലെ.