‘ഒരു മുറൈ വന്ത് പാർത്തായാ എൻ മനം നീയറിന്തായാ’ മലയാളികളുടെ നൊസ്റ്റാൾജിയ പാട്ടുകളിലൊന്നാണ് ‘മണിച്ചിത്രത്താഴി’ലെ ഈ അതിമനോഹരഗാനം. യേശുദാസും ചിത്രയും ഒന്നിച്ചുപാടി അനശ്വരമാക്കിയ ഗാനം. ഇപ്പോൾ, ചിത്രയ്ക്ക് ഒപ്പം ‘ഒരു മുറൈ വന്ത് പാർത്തായ’യ്ക്ക് അനുപല്ലവി പാടുന്ന അറബ് ഗായകനാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
സൗദി അറേബ്യയിൽ നടന്ന സ്റ്റേജ് ഷോയിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സൗദി പൗരനായ അഹമ്മദ് സുൽത്താൻ അൽ മൽമാണിയാണ് ചിത്രയ്ക്ക് ഒപ്പം അനുപല്ലവി പാടിയ ഗായകൻ. ഗായകനും അഭിനേതാവും മോഡലുമൊക്കെയാണ് അഹമ്മദ് സുൽത്താൻ.
പാടാൻ ഏറെ ബുദ്ധിമുട്ടുള്ള ഗാനം മനോഹരമായാണ് അഹമ്മദ് സുൽത്താൻ പാടുന്നത്. പാട്ടിനു ശേഷം അഹമ്മദിനെ അഭിനന്ദിക്കാനും മലയാളികളുടെ വാനമ്പാടി മറന്നില്ല. നിരവധിപേരാണ് അഹമ്മദിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള കെ എസ് ചിത്രയുടെ സംഗീതജീവിതത്തിൽ നാലു പതിറ്റാണ്ടുകൾ പിന്നിടുകയാണ്. ആറ് ദേശീയ പുരസ്കാരങ്ങൾ, എട്ട് ഫിലിം ഫെയർ പുരസ്കാരങ്ങൾ, 36 സ്റ്റേറ്റ് അവാർഡുകൾ, പത്മശ്രീ, 25000 ത്തിലേറെ ഗാനങ്ങൾ, 20 ഭാഷകൾ, 40 വർഷത്തെ മികവ്- അപൂർവ്വമായൊരു സാന്നിധ്യമാണ് മലയാളികൾക്ക് കെ എസ് ചിത്ര. പ്രിയപ്പെട്ട മെലഡികളിൽ ചിത്രയുടെ ഒരൊറ്റ ഗാനമെങ്കിലും ഇല്ലാത്ത മലയാളികൾ കുറവായിരിക്കും.
Read more: 25000 പാട്ടുകൾ, 20 ഭാഷകൾ, ആറ് ദേശീയ പുരസ്കാരങ്ങൾ; കേരളത്തിന്റെ വാനമ്പാടിക്ക് ഒപ്പം ടൊവിനോ