ബെംഗളൂരു: ബാഹുബലി 2 കർണാടകയിൽ റിലീസ് ചെയ്യും. കാവേരി പ്രശ്നത്തിലെ വിവാദ പ്രസ്താവനയിൽ നടൻ സത്യരാജ് മാപ്പു പറഞ്ഞതിനാൽ പ്രതിഷേധം അവസാനിപ്പിക്കുന്നതായി തീവ്ര കന്നഡ അനുകൂല സംഘടനകൾ അറിയിച്ചു. ഏപ്രിൽ 28 ന് നടത്താനിരുന്ന കർണാടക ബന്ദും പിൻവലിച്ചു.

അതേസമയം, തമിഴ്നാട്ടിൽ കന്നഡ ചിത്രങ്ങളുടെ പ്രദർശനം താൽക്കാലികമായി നിർത്തിവച്ചു. സത്യരാജ് മാപ്പ് പറഞ്ഞതിനു പിന്നാലെയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകൾ കന്നഡ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് നിർത്തിവച്ചത്. ഇതിനു ഔദ്യോഗിക വിശദീകരണമൊന്നും തിയേറ്റർ ഉടമകൾ നൽകിയിട്ടില്ല.

Read More: ഒടുവിൽ സത്യരാജ് മാപ്പു പറഞ്ഞു

കാവേരി നദീജല തർക്കത്തിന്റെ പേരിൽ ഒൻപതു വർഷം മുൻപു കന്നഡിഗർക്കെതിരെ നടത്തിയ പ്രസ്താവനയിൽ ഖേദമുണ്ടെന്നു നടൻ സത്യരാജ് ഇന്നലെ പറഞ്ഞിരുന്നു. ‘കന്നഡ ജനങ്ങൾക്കു ഞാൻ എതിരല്ല. കാവേരി ജലത്തെക്കുറിച്ചു നടത്തിയ പ്രസ്താവന അവരെ നോവിച്ചെങ്കിൽ ഖേദിക്കുന്നു. ’ – സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിൽ സത്യരാജ് പറഞ്ഞു. ബാഹുബലിയുടെ റിലീസിനു തടസ്സം നിൽക്കരുതെന്ന് അഭ്യർഥിച്ചു സംവിധായകൻ എസ്.എസ്.രാജമൗലിയും കഴിഞ്ഞ ദിവസം വിഡിയോ പുറത്തുവിട്ടിരുന്നു.

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകത്തിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുളള പ്രസ്താവന സത്യരാജ് നടത്തിയിരുന്നു. ഇതിൽ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ വാട്ടാൽ നാഗരാജാണ് രംഗത്ത് വന്നത്. ഇദ്ദേഹത്തെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പിന്തുണച്ചോതോടെയാണ് പ്രശ്നം സങ്കീർണമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ