സത്യസായി ബാബയുടെ ജീവചരിത്ര സിനിമ ഒരുങ്ങുന്നു. ചിത്രത്തിൽ സത്യസായി ബാബയെ അവതരിപ്പിക്കുന്നത് ഗായകനും പത്മശ്രീ അവാർഡ് ജേതാവുമായ അനൂപ് ജലോട്ടയാണ്. ചിത്രത്തിൽ നിന്നുള്ള സ്റ്റിൽസ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വിക്കി റണാവത്താണ് ചിത്രത്തിന്റെ സംവിധായകൻ.
മുൻപും ഏതാനും ചിത്രങ്ങളിൽ ജലോട്ട അഭിനയിച്ചിട്ടുണ്ട്. ഏറെ നാളുകൾക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്താൻ കാരണമായത് വിക്കി റണാവത്ത് ചിത്രത്തിൽ സത്യസായി ബാബയുടെ വേഷം വാഗ്ദാനം ചെയ്തതാണെന്ന് അനൂപ് ജലോട്ട പറയുന്നു.
ജീവിതത്തിലും ഒരു സായ് ഭക്തനായിരുന്നു അനൂപ് ജലോട്ട എന്നാണ് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സായി ബാബയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അനൂപിന് ബാബയുടെ പെരുമാറ്റരീതികളും രീതിയുമെല്ലാം സൂക്ഷ്മമായി അവതരിപ്പിക്കാൻ കഴിയുന്നുണ്ടെന്നും അണിയറപ്രവർത്തകർ പറയുന്നു.
ആദ്യമായാണ് അനൂപ് ജലോട്ട ഒരു ജീവചരിത്രസിനിമയുടെ ഭാഗമാവുന്നത്. “സത്യസായിബാബയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്, കാരണം അദ്ദേഹത്തിന്റെ ആശയങ്ങളിലും തത്വങ്ങളിലും ഞാൻ വിശ്വസിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അദ്ദേഹത്തെക്കുറിച്ച് ധാരാളം വായിക്കുകയും ചെയ്തിട്ടുണ്ട്. ഇതെനിക്ക് ഒരു വെല്ലുവിളിയാണ്.”
സാധിക രന്ധവ, ജാക്കി ഷ്രോഫ്, ഗോവിന്ദ് നംദേവ്, അരുൺ ബക്ഷി, മുഷ്താഖ് ഖാൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. സുധക്കർ ശർമ്മയുടെ വരികൾക്ക് സംഗീതം നൽകിയത് ബാപ്പി ലാഹിരി, സുമീത് തപ്പു എന്നിവരാണ്. എ വൺ ക്രിയേഷന്റെ ബാനറിൽ ബാൽകൃഷ്ണ ശ്രീവാസ്തവ് ആണ് ചിത്രം നിർമ്മിക്കുന്നത്. 2021 ജനുവരി 22 ന് ചിത്രം റിലീസിനെത്തും.
Read more: ‘സീസണി’ൽ അഭിനയിച്ചതിന് ജയിലിലായി; അനുഭവം പങ്കുവച്ച് അശോകൻ