Saturday Night OTT: നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്സന്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘സാറ്റര്‍ഡെ നൈറ്റ്’ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 27 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.
ഗ്രേസ് ആന്റണി, മാളവിക ശ്രീകാന്ത്, സാനിയ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവീന്‍ ഭാസ്കര്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഛായാഗ്രഹണം അസ്ലം കെ പുരയില്‍, എഡിറ്റിങ്ങ് ടി. ശിവനന്ദീശ്വരന് എന്നിവര്‍ നിര്‍വ്വഹിക്കുന്നു. വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിർമാതാവ്.
കിറുക്കനും കൂട്ടുകാരും എന്നാണ് ‘സാറ്റർഡേ നൈറ്റി’ന്റെ ടാഗ് ലൈൻ. സൗഹൃദത്തെ കുറിച്ചു സംസാരിക്കുന്ന, നാലു ചങ്ങാതിമാരുടെ കഥ പറയുന്ന ചിത്രമാണിത്. സ്റ്റാൻലി, പൂച്ച സുനിൽ, അജിത് എബ്രഹാം, ജസ്റ്റിൻ- ഒന്നിച്ചു പഠിച്ച നാലു കൂട്ടുകാർ. കൂട്ടത്തിൽ ആത്മാർത്ഥ കൂടുതൽ സ്റ്റാൻലിയ്ക്കും സുനിലിനുമാണ്. അജിതും ജസ്റ്റിനും ആ സൗഹൃദത്തിന് വലിയ മൂല്യമൊന്നും കൊടുക്കുന്നില്ലെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കി പോവുന്നുണ്ട് , ഇരുവർക്കുമിടയിൽ പ്രത്യക്ഷത്തിൽ തന്നെ ചില അസ്വാരസ്യങ്ങൾ ഉണ്ടുതാനും. കൂട്ടത്തിലെ നേതാവ് സ്റ്റാൻലിയാണ്, എല്ലാവരെയും ചേർത്തുനിർത്താൻ ഇഷ്ടപ്പെടുന്ന, ചങ്ങാതിമാർക്ക് ജീവിതത്തിൽ അമിതപ്രാധാന്യം നൽകുന്ന, മൊത്തത്തിൽ ആദ്യകാഴ്ചയിൽ തന്നെ അൽപ്പം കിറുക്കുണ്ടോ എന്നുതോന്നിപ്പിക്കുന്ന ഒരാൾ. പ്രൈവറ്റ് ജെറ്റ് പൈലറ്റായ സ്റ്റാൻലി അവധിക്ക് എത്തുന്നതുതന്നെ, കൂട്ടുകാർക്കൊപ്പം ‘WTF weekend with Saturday Night’ എന്ന ആശയവുമായാണ്. ചങ്ങാതിമാർക്കൊപ്പം എല്ലാം മറന്ന് ‘ചിൽ’ ചെയ്യണം എന്നതിൽ കഴിഞ്ഞ് സന്തോഷമുള്ള ഒന്നും സ്റ്റാൻലിയുടെ ജീവിതത്തിലില്ല. എന്നാൽ പലവിധ കാരണങ്ങളാൽ സ്റ്റാൻലിയുടെ ആ സ്വപ്നം നടക്കാതെ പോവുന്നു. ചില പിണക്കങ്ങളുടെ പേരിൽ ആ ചങ്ങാതികൂട്ടം പിരിയുന്നു. എന്നാൽ പിണങ്ങി അകന്നുപോയവർ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുകയാണ്, ഇത്തവണ അകമ്പടിയായി ഒരു ലോഡ് പ്രശ്നങ്ങളും അവർക്കൊപ്പമുണ്ട്. ആ പുനഃസമാഗമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ട്രെയിലറും ടീസറുമൊന്നും വാഗ്ദാനം ചെയ്ത ആ ഫൺ മൂഡ് സമ്മാനിക്കാൻ ചിത്രത്തിനു കഴിയാത്തത് തിയേറ്ററിൽ തിരിച്ചടിയാവുകയായിരുന്നു.