Latest News

പുതിയ ചിത്രത്തിനു പേരിട്ടു സത്യൻ അന്തിക്കാട്

സിനിമ തിയേറ്ററുകളിലൂടെ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി

Meera Jasmine, Meera Jasmine dance video, Meera Jasmine back to acting, Meera Jasmine and Jayaram, Sathyan Anthikad movie, ജയറാം, മീര ജാസ്മിൻ, iemalayalam, ഐഇ മലയാളം

ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു. ജയറാം ആണ് ഈ ചിത്രത്തിലെ നായകൻ.

ചിത്രീകരണം പൂർത്തിയാകാറായ സമയത്തും ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. ജയറാം ആണ് ഈ ചിത്രത്തിലെ നായകൻ. ഇപ്പോൾ സംവിധായകൻ സത്യൻ അന്തിക്കാട് ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പോസ്റ്റിലാണ് അദ്ദേഹം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

പുതിയ സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അതിന്റെ പേരിനായി അന്വേഷണം തുടങ്ങുമെന്നും എന്നാൽ അത് തെളിഞ്ഞ് വരാൻ സമയമെടുക്കുമെന്നും സത്യൻ അന്തിക്കാട് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഇപ്പോഴാണ് ആ പേര് തെളിഞ്ഞ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മകൾ’ എന്നാണ് ചിത്രത്തിന്റെ പേര് എന്നും അദ്ദേഹം അറിയിച്ചു. സിനിമ തിയേറ്ററുകളിലൂടെ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

“പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂർവ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ട്.
ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു.”മകൾ”അത് നിങ്ങളുമായി പങ്കു വക്കുന്നു,” സത്യൻ അന്തിക്കാട് കുറിച്ചു.

“‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിർമ്മിച്ച ‘സെൻട്രൽ പ്രൊഡക്ഷൻസാണ്’ നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങൾ നൽകുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്,” കുറിപ്പിൽ പറയുന്നു.

“ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാൻ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ ‘മകൾ’ നിങ്ങൾക്കു മുമ്പിലെത്തും,” സത്യൻ അന്തിക്കാട് കുറിച്ചു.

Also Read: ‘മല്ലൂസ് വാക്കിങ് എറൗണ്ട് ഇൻ ശൃംഗാര ചെന്നൈ;’ പുതിയ ഡാൻസ് വീഡിയോയുമായി ശോഭന

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മീര എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകരും. വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങി നിരവധി സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച നായിക കൂടിയാണ് മീര ജാസ്മിൻ.

സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികൾക്ക് കിട്ടിയ പ്രിയ നായികയാണ് മീര ജാസ്മിൻ. മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ​ നൽകിയ താരം കൂടിയാണ് മീര. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയ മീര, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sathyan anthikkad meera jasmine jayaram movie name announced makal

The moderation of comments is automated and not cleared manually by malayalam.indianexpress.com