മലയാളത്തിലെ മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായിരുന്ന സത്യൻ അന്തിക്കാടും ശ്രീനിവാസനും പതിനാറ് വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ‘മലയാളി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പി ആർ ആകാശ് എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥയാണ് ചിത്രം പറയുന്നത്. ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ചിത്രം നിർമിക്കുന്നത്. എസ്. കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു. ശ്രീനിവാസന്രെ തിരക്കഥയില്‍ സത്യന്‍ അവസാനം ഒരുക്കിയ ചിത്രം യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ആയിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

എല്ലാവർക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകൾ.

പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.
പല കഥകളും ആലോചിച്ചു.
പലതും ആരംഭത്തിൽ തന്നെ വിട്ടു.
“എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്” ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.

ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന് വരുമ്പോൾ, പുറത്തെ മുറിയിൽ ശ്രീനിവാസൻ ശാന്തനായി ഇരിക്കുന്നു.
“കഥ കിട്ടി”
ശ്രീനി പറഞ്ഞു.
“കഥക്ക് വേണ്ടി നമ്മൾ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങൾ.”
ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തിൽ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

“നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റിൽ പരസ്യപ്പെടുത്തി, ‘പി ആർ ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.”
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു.
അതാണ് ഞങ്ങളുടെ പുതിയ സിനിമ.
ഫഹദ് ഫാസിലാണ് പ്രകാശൻ.

‘ജോമോന്റെ സുവിശേഷങ്ങൾ’ക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് തന്നെ ഈ സിനിമയും നിർമ്മിക്കുന്നു.
ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം.
എസ്.കുമാർ ആണ് ഛായാഗ്രഹണം.
ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.

വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.

‘മലയാളി’ എന്നാണ് സിനിമയുടെ പേര്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook