scorecardresearch
Latest News

നയൻതാര ഇത്ര വലിയ സ്റ്റാറാകുമെന്ന് കരുതിയില്ല: സത്യൻ അന്തിക്കാട്

“മനസ്സിനക്കരെയിലേക്ക് നിങ്ങളെ ഫിക്സ് ചെയ്തു എന്നു പറഞ്ഞ് വിളിച്ചപ്പോൾ, ‘ഇല്ല സാർ, ഞാൻ അഭിനയിക്കുന്നില്ല’ എന്നായിരുന്നു നയൻതാരയുടെ മറുപടി”

നയൻതാര ഇത്ര വലിയ സ്റ്റാറാകുമെന്ന് കരുതിയില്ല: സത്യൻ അന്തിക്കാട്

‘മനസ്സിനക്കരെ’ എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി എത്തി പിന്നീട് തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ നയൻതാരയുടെ അഭിനയ ജീവിതം ഏതൊരാളെയും ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീകളിൽ ഒരാൾ കൂടിയാണ് നയൻതാര ഇന്ന്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസിനക്കരെ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഡയാനയുടെ അരങ്ങേറ്റം. ‘മനസ്സിനക്കരെ’യിലേക്ക് തിരഞ്ഞെടുക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ നയൻതാരയ്ക്ക് വലിയ താൽപ്പര്യമില്ലാതിരുന്നുവെന്ന് പറയുകയാണ് സത്യൻ അന്തിക്കാട്.

“അസിൻ, സംയുക്ത വർമ്മ, നയൻതാര ഇവരെയൊക്കെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞത് എന്റെയൊരു ഭാഗ്യമായി ഞാൻ വിശ്വസിക്കുന്നു. മനസ്സിനക്കരെയിൽ നയൻതാര വരുമ്പോൾ ഇത്ര വലിയ സ്റ്റാറാകുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല. എന്റെ കഥാപാത്രത്തിന് ഇണങ്ങിയൊരു മുഖം എന്ന രീതിയിലാണ് അവരിലേക്ക് എത്തുന്നത്. നയൻതാരയുടെ ഒരു പരസ്യമാണ് ഞാൻ ആദ്യം കാണുന്നത്. ആത്മവിശ്വാസമുള്ള ആ മുഖം, അതാണ് ഞാനാദ്യം ശ്രദ്ധിക്കുന്നത്. ആരാണ് ഈ കുട്ടി എന്നന്വേഷിച്ചു. ആ മാഗസിന്റെ എഡിറ്ററായ മണർക്കാട് മാത്യുവിനെ വിളിച്ചു. ഡയാന എന്നാണ് ആളുടെ പേര്, തിരുവല്ലയിലുള്ള കുട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ നേരിട്ട് ഡയാനയെ വിളിച്ചു, അച്ഛന്റെയും അമ്മയുടെയും കൂടെയാണ് എന്നെ കാണാൻ വന്നത്. വലിയ അഭിനയമോഹമൊന്നും കൊണ്ടുനടക്കുന്ന ആളല്ല എന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി. പക്ഷേ അഭിനയത്തോട് ഇഷ്ടമുണ്ട് താനും.”

“അവർ വന്നു പോയി കഴിഞ്ഞ്, ‘മനസ്സിനക്കരെ’യിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പറയാൻ ഞാൻ വീണ്ടും വിളിച്ചു. നിങ്ങളെ ഫിക്സ് ചെയ്തു എന്നു പറഞ്ഞപ്പോൾ, ‘ഇല്ല സാർ, ഞാൻ അഭിനയിക്കുന്നില്ല’ എന്നായിരുന്നു മറുപടി. കാര്യം തിരക്കിയപ്പോൾ, എന്റെ ബന്ധുക്കൾക്കൊന്നും ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോട് താൽപ്പര്യമില്ലെന്നു പറഞ്ഞു.

ബന്ധുക്കളുടെ കാര്യം പോവട്ടെ, ഡയാനയ്ക്ക് ഇഷ്ടമാണോ, അച്ഛനുമമ്മയ്ക്കും ഇഷ്ടമാണോ? എന്നൊക്കെ ഞാൻ തിരക്കി. അതെ എന്നായിരുന്നു മറുപടി, എങ്കിൽ വരൂ എന്നു പറഞ്ഞു. അങ്ങനെയാണ് വന്നു അഭിനയിച്ചത്. പിന്നെ പേരു മാറ്റാൻ പറഞ്ഞപ്പോൾ ഞാൻ തന്നെ കുറച്ചു പേരുകൾ എഴുതി കൊടുത്തു, അതിൽ നിന്ന് ഡയാന തിരഞ്ഞെടുത്ത പേരാണ് നയൻതാര എന്നത്. ഈ പേര് തിരഞ്ഞെടുത്തത് നന്നായി, വേറെ ഭാഷകളിലേക്കു പോവുമ്പോഴും ഈ പേര് ഗുണം ചെയ്യുമെന്ന് അന്ന് ഞാനവരോട് പറഞ്ഞു.

ഞാവനവരെ പരിചയപ്പെടുത്തിയതുകൊണ്ടാണ് അവർ വന്നതെന്ന് ഞാനൊരിക്കലും പറയില്ല, ഞാനല്ലായിരുന്നെങ്കിൽ മറ്റാരെങ്കിലും അവരെ സിനിമയിലേക്കു കൊണ്ടുവരുമായിരുന്നു. ഉള്ളിൽ പ്രതിഭയുള്ള അഭിനേത്രിയാണ് നയൻതാര.

സൂപ്പർസ്റ്റാറായി മാറിയതിനു ശേഷവും ഇപ്പോഴും ഇടയ്ക്കൊക്കെ എന്നെ വിളിക്കും. അവർക്ക് കടന്നുവരാനുള്ള ഒരു വഴിയുണ്ടാക്കാൻ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യമായി കാണുന്നു. അതിനപ്പുറം ഇന്നു കാണുന്ന അവരുടെ സ്റ്റാർഡമൊക്കെ നയൻതാരയുടെ മാത്രം കഴിവും കഠിനാധ്വാനവും കൊണ്ടും ഉണ്ടായതാണ്,” സത്യൻ അന്തിക്കാട് പറയുന്നു.

ഒരർഥത്തിൽ, പോരാട്ടം തന്നെയായിരുന്നു നയൻതാരയുടെ ജീവിതം. പതിനാറു വര്‍ഷത്തിനിടെ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് നയൻതാരയുടെ കരിയർ മുന്നോട്ട് പോയത്. വ്യക്തിജീവിതത്തിലും കരിയറിലുമെല്ലാം തിരിച്ചടികൾ ഉണ്ടായിട്ടും കൂടുതൽ കരുത്തയായി നയൻതാര തിരിച്ചുവന്നു. സൂപ്പർസ്റ്റാറുകളുടെയോ നായകനടന്മാരുടെയോ സാന്നിധ്യമില്ലെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുമെന്ന് നയൻതാര തെളിയിക്കുകയായിരുന്നു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അഭിനേത്രി കൂടിയാണ് നയൻതാര. അഞ്ചു മുതൽ ആറു കോടി രൂപ വരെ ഓരോ സിനിമയ്ക്കും നയൻതാര പ്രതിഫലം ഈടാക്കുന്നു എന്നാണ് റിപ്പോർട്ട്.

മോഡലിംഗിനൊപ്പം ചാനലിൽ അവതാരകയായും തുടക്കക്കാലത്ത് നയൻതാര ജോലി ചെയ്തിട്ടുണ്ട്. കൈരളി ചാനലിലെ ചമയം എന്ന പരിപാടിയുടെ അവതാരകയായും നയൻതാര എത്തിയിരുന്നു. മോഡലിംഗ്, സിനിമാസ്വപ്നങ്ങളുമായി നടക്കുന്ന ഏതൊരു പെൺകുട്ടിയ്ക്കും പ്രത്യാശ സമ്മാനിക്കുന്നൊരു വ്യക്തിത്വം മാത്രമല്ല നയൻതാര, അതിനപ്പുറം ഏതു പ്രതിസന്ധികളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു വരാനും വിജയം നേടാനും കഴിയും എന്ന് ജീവിതം കൊണ്ട് തെളിയിച്ച കരുത്തുറ്റ സ്ത്രീ കൂടിയാണ് ആരാധകരുടെ പ്രിയപ്പെട്ട തലൈവി.

നിലപാടുകളും ജോലിയുടെ കാര്യത്തിലെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും നയൻതാരയുടെ സൂപ്പർസ്റ്റാർ ഇമേജിന് തിളക്കമേകുന്നു. ”ഞാൻ മുഖ്യകഥാപാത്രമായ സിനിമകളിൽ, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളിൽ, സംവിധായകർ ഭർത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാൻ ചോദിക്കാറുണ്ട്,” വോഗിനു നൽകിയ അഭിമുഖത്തിൽ നയൻതാര പറഞ്ഞ വാക്കുകളാണ് ഇവ.

എന്തുകൊണ്ടാണ് എല്ലായ്പ്പോഴും പുരുഷന്മാർക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? പ്രശ്നമെന്തെന്നാൽ, സ്ത്രീകൾ ഇപ്പോഴും കമാൻഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതെന്നു പറയാൻ അവർക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെൻഡർ കാര്യമല്ല. നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടെങ്കിൽ, ഞാൻ പറയുന്നത് നിങ്ങളും കേൾക്കണം.” നിലപാടുകളുടെ ഉറപ്പോടെ നയൻതാര പറയുമ്പോൾ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന തലൈവി എന്ന പേരിന് അവരോളം അർഹയായി മറ്റാരുമില്ലെന്ന് തോന്നും.

രജനി, മമ്മൂട്ടി, മോഹൻലാൽ, അജിത്, വിജയ്, സൂര്യ, ചിരഞ്ജീവി, ശിവ കാർത്തികേയൻ എന്നു തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള അപൂർവ്വ നടിമാരിൽ​ ഒരാൾ കൂടിയാണ് നയൻതാര. എന്നാൽ ഈ സൂപ്പർസ്റ്റാറുകളിൽ നിന്നെല്ലാം നയൻതാരയെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം അഭിമുഖങ്ങളോടും സിനിമാ പ്രമോഷൻ പരിപാടികളോടും മറ്റും കാണിക്കുന്ന വിമുഖതയാണ്. മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറിനിൽക്കാൻ താരങ്ങൾ പോലും ആശങ്കപ്പെടുകയും പ്രമോഷൻ കുറഞ്ഞാൽ അത് സിനിമയെ ബാധിക്കുമെന്ന് കരുതുകയും ചെയ്യുന്ന സിനിമയുടെ സാമ്പ്രദായിക രീതികളിൽ നിന്നും നയൻതാര മാറിനിന്നു.

നീണ്ട പത്തുവർഷത്തോളം ഒരു മാധ്യമത്തിനു പോലും അഭിമുഖം കൊടുക്കാതെ തന്നെ തന്റെ സ്റ്റാർഡം പരിപാലിച്ചു കൊണ്ടുപോവാൻ നയൻതാരയ്ക്ക് കഴിഞ്ഞുവെന്നതാണ് സത്യം. ”ഞാൻ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാൻ എനിക്ക് താൽപര്യമില്ല. ഞാൻ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആൾക്കൂട്ടത്തിനിടയിൽ എനിക്ക് നിൽക്കാനാവില്ല. പല തവണ മാധ്യമങ്ങള്‍ എന്നെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. എനിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തത്ര പ്രശ്നങ്ങള്‍ ഉണ്ടായി. എന്റെ ജോലി അഭിനയമാണ്.എന്റെ സിനിമകൾ എനിക്ക് വേണ്ടി സംസാരിക്കും എന്നാണ് ഞാന്‍ കരുതുന്നത്.” മാധ്യമങ്ങൾക്ക് അഭിമുഖം നൽകാത്തതിന്റെയും സിനിമാ പ്രൊമോഷനുകളിൽ പങ്കെടുക്കാത്തതിന്റെയും കാരണം നയൻതാര വ്യക്തമാക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sathyan anthikkad about nayanthara

Best of Express