‘ഒരു ഇന്ത്യൻ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യൻ അന്തിക്കാടും ഫഹദ് ഫാസിലും കൈകോർക്കുന്ന ചിത്രമാണ് ‘ഞാൻ പ്രകാശൻ’. ചിരിയുണർത്തുന്ന മുഖഭാവവും ശരീര ഭാഷയുമൊക്കെയായി ബൈക്ക് ഓടിക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തിൽ ഫഹദ് എത്തുന്ന പോസ്റ്റർ കൗതുകമുണർത്തും.

പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിന് അവകാശപ്പെടാനുണ്ട്.

‘മലയാളിക്ക് കണ്ടു പരിചയമുള്ള ഒരു ടിപ്പിക്കൽ മലയാളി യുവാവാണ് പ്രകാശൻ’ എന്നാണ് സത്യൻ​​ അന്തിക്കാട് ‘പ്രകാശ’നെ വിശേഷിപ്പിച്ചത്. ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ എന്ന പേര് ‘പി.ആർ.ആകാശ് ‘ എന്ന് പരിഷ്കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.

അരവിന്ദന്റെ അതിഥികൾ, ലവ് 24X7 എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖിത വിമൽ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന റോളിൽ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാൽജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാൻ എസ്.കുമാറാണ്. ഷാൻ റഹ്മാന്റേതാണ് സംഗീതം. ചിത്രം ക്രിസ്‌മസിന് തിയേറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook