/indian-express-malayalam/media/media_files/uploads/2022/11/Sreenivasan-Sathyan-Anthikkad.jpg)
ഇടയ്ക്ക് അസുഖങ്ങളിൽ ഉലഞ്ഞു വീണുപോയെങ്കിലും രോഗങ്ങളെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ശ്രീനിവാസൻ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ് ശ്രീനിവാസൻ. 'കുറുക്കന്‍'എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ ഇപ്പോൾ അഭിനയിക്കുന്നത്.
ശ്രീനിവാസനെ കുറിച്ച് പ്രിയ സുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട് പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു-
"ഞാൻ രോഗശയ്യയിലായിരുന്നു.
അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു."
ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,
"ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും"
പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു. രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന 'കുറുക്കൻ' എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി; എല്ലാ അർത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റൂ," സത്യൻ അന്തിക്കാട് കുറിച്ചു.
ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുക്കന്‍'. ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല്‍ റിജിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ 'കീടം' ആണ് ശ്രീനിവാസന്റെ അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.