ഏഴ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മലയാളികളുടെ പ്രിയ താരം സംവൃത സുനില്‍ വെള്ളിത്തിരയിലേക്ക് മടങ്ങിവരവ് നടത്തുന്ന ചിത്രം ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. തന്റെ ചിത്രം ഇന്ന് പ്രേക്ഷകരുടെ മുന്നിലേക്കെത്തുമ്പോള്‍ ലോകത്തിന്റെ മറ്റൊരു അറ്റത്തിരുന്ന് ആ സിനിമയ്ക്ക് വേണ്ടി പ്രാർഥിക്കുകയും പ്രതീക്ഷിക്കുകയുമാണ് സംവൃത.

Read More: Sathyam Paranja Viswasikkuvo Release: പച്ചയായ ജീവിതക്കാഴ്ചകളുമായി ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’; ചിത്രത്തെ കുറിച്ച് ബിജു മേനോനും സംവൃതയും

ചിത്രത്തില്‍ ഗീത എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുന്നത്. ഗീതയെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷയുമാണ് ഇന്ന് സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

‘ഇത് ഗീതയുടെ ആദ്യ സെല്‍ഫിയാണ്. നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ സ്‌നേഹത്തോടെ അഭിനയിച്ച ഒരു കഥാപാത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. ലോകത്തിന്റെ മറ്റൊരു ഭാഗത്ത്, വീട്ടിലെ നിത്യ ജോലിക്കള്‍ ചെയ്യുന്നതിനിടയില്‍, എല്ലാം നന്നായി നടക്കട്ടെയെന്നും ഞങ്ങളുടെ ഈ കൊച്ചു സിനിമയ്ക്ക് തിയേറ്ററില്‍ ഊഷ്മളമായ സ്വീകരണം ലഭിക്കട്ടെയെന്നും പ്രത്യാശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു,’ സംവൃത കുറിച്ചു. ഗീത എന്ന കഥാപാത്രത്തിന്റെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംവിധാനം ജി.പ്രജിത്ത് ആണ്. ഒരുകൂട്ടം കോണ്‍ക്രീറ്റ് തൊഴിലാളികളുടെ പച്ചയായ ജീവിതം പറഞ്ഞു പോകുന്ന ചിത്രമാണിത്.

ഏറെ നാളുകള്‍ക്കു ശേഷം ജീവിതത്തോട് അടുത്തുകിടക്കുന്ന റിയലിസ്റ്റിക്ക് ആയൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രത്തില്‍ ബിജുമേനോന്‍.

‘ദിവസക്കൂലിക്ക് അരിഷ്ടിച്ചു ജീവിക്കുന്ന ഒരു വാര്‍ക്കപ്പണിക്കാരന്റെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മകളും അടങ്ങുന്ന ചെറിയൊരു കുടുംബം. അയാളുടെയും സുഹൃത്തുക്കളുടൈയും ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ടു പോവുന്നത്. ഞാനിതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ളൊരു കഥാപാത്രമാണ് ഇതിലെ സുനി. സിനിമാറ്റിക് കാഴ്ചകള്‍ക്ക് അപ്പുറം നമ്മുടെ തൊട്ടു മുന്‍പില്‍ നടക്കുന്ന ഒരു കഥ പോലെ പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്,” തന്റെ കഥാപാത്രത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും ബിജു മേനോന്റെ വാക്കുകള്‍.

”ബിജു ചേട്ടന്റെ കഥാപാത്രമായ സുനിയുടെ ഭാര്യയാണ് ഗീത. ഒരു മകളുണ്ട്. വളരെ ചെറിയൊരു കുടുംബമാണ്. വളരെ പ്രത്യേക സ്വഭാവമുളളയാളാണ് സുനി ചേട്ടന്‍. അങ്ങനെയുളള ഒരു ഭര്‍ത്താവിനെ സ്‌നേഹിച്ച് കുടുംബത്തെ നോക്കി കൊണ്ടുപോകുന്ന ഭാര്യയാണ് ഗീത. വളരെ സാധാരണക്കാരിയായ പെണ്‍കുട്ടി. എനിക്ക് തോന്നുന്നു കേരളത്തിലെ ഒരു വിഭാഗം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഭാര്യയാണ് ഗീത,” തന്റെ കഥാപാത്രത്തെ കുറിച്ച് സംവൃത പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook