Sathyam Paranja Viswasikkuvo Review: മലയാള സിനിമ ഒരു മാറ്റത്തിന്റെ പാതയിലാണെന്നു തന്നെ പറയാം, പ്രമേയം കൊണ്ടും സമീപനം കൊണ്ടു ശ്രദ്ധേയമാകുന്ന ഒരുപിടി ചിത്രങ്ങളാണ് 2019 ന്റെ ആദ്യപകുതിയിൽ മലയാളത്തിൽ ഇറങ്ങിയത്. മാറ്റത്തിന്റെ ആ പാതയിൽ തന്നെ സഞ്ചരിക്കുകയാണ് ബിജു മേനോനെ നായകനാക്കി ഇന്ന് തിയേറ്ററുകളിലെത്തിയ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രവും. വളരെ റിയലിസ്റ്റിക് ആയി സാധാരണ മനുഷ്യരുടെ ജീവിതത്തിലെ പ്രശ്നങ്ങളും ചില സംഭവവികാസങ്ങളുമൊക്കെ പറഞ്ഞു പോവുകയാണ് ചിത്രം

സുനി (ബിജു മേനോൻ), കറുപ്പായി (അലൻസിയർ), താമര (സുധി കോപ്പ), പ്രസാദ് (ദിനേഷ് പണിക്കർ), പിന്നെ ബംഗാളിയായ ഷാനവാസ് (മംഗൾ) എന്നിങ്ങനെ അഞ്ചുപേർ. ദിവസക്കൂലിയ്ക്ക് ജോലി ചെയ്യുന്ന വാർക്കപ്പണിക്കാരാണ് അഞ്ചുപേരും. അന്നന്നേയ്ക്കുള്ള ഭക്ഷണം കണ്ടെത്തുക എന്നതിനപ്പുറം അവരുടെ ജീവിതത്തിൽ കരുതിവയ്ക്കലുകളൊന്നുമില്ല. എന്തിനും ഏതിനും ഒന്നിച്ച് നിൽക്കുന്നവർ. ജീവിതത്തിലെ തമാശകളും രസങ്ങളും കൂട്ടുക്കെട്ടും വൈകുന്നേരങ്ങളിലെ മദ്യപാനവുമൊക്കെയായി ഇന്നിൽ മാത്രം ജീവിക്കുന്നവർ.

Sathyam Paranja Viswasikkuvo audience review, Sathyam Paranja Viswasikkuvo public reactions, Sathyam Paranja Viswasikkuvo public ratings, Biju Menon, ബിജു മേനോൻ, Samvrutha Sunil, സംവൃത സുനിൽ, malayalam movies, malayala cinema, അലൻസിയർ, സുധി കോപ്പ, സജീവ് പാഴൂർ, പ്രജിത്ത് ജി, Prajith G, Alencier, Sudhi Koppa, Sajeev Pazhoor

പണിക്കു പോയ വീട്ടിലെ പെൺകുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ച ആളാണ് ചങ്ങാതിക്കൂട്ടത്തിന്റെ നേതാവായ സുനി. പ്രണയത്തിനു പുറത്ത് ഇറങ്ങി വന്നെങ്കിലും പട്ടിണിയും പരിവട്ടവും സുനിയുടെ മദ്യപാനത്തോടുള്ള പരിഭവവുമൊക്കെയായി ജീവിക്കുന്ന ഭാര്യയാണ് ഗീത (സംവൃത സുനിൽ). വെച്ചുവിളമ്പിയും മകളെ നോക്കിയും കൂൺകൃഷി നടത്തിയുമൊക്കെ കുടുംബം നോക്കി നടത്തുകയാണ് ഗീത.

എങ്ങനെയെങ്കിലും കുറച്ചു പണം ഉണ്ടാക്കാൻ പറ്റിയിരുന്നെങ്കിൽ, ഈ കഷ്ടപ്പാടൊക്കെ തീരുമായിരുന്നു എന്ന് എല്ലാ പ്രാരാബ്ധക്കാരെയും പോലെ ആഗ്രഹിക്കുന്നുണ്ട് സുനിയും. അങ്ങനെയിരിക്കെ സംഭവിക്കുന്ന ചില കാര്യങ്ങളും പണമുണ്ടാക്കണമെന്ന സുനിയുടെയും കൂട്ടുകാരുടെയും അതിമോഹങ്ങളും എല്ലാം കൂടി അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രത്തിനു പ്രമേയമാകുന്നത്.

അഭിനേതാക്കളുടെ വളരെ സ്വാഭാവികമായ അഭിനയമാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. ‘വെള്ളിമൂങ്ങ’, ‘രക്ഷാധികാരി ബൈജു’ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലുള്ളൊരു കഥാപാത്രത്തെയാണ് ബിജു മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുനിയെന്ന കഥാപാത്രത്തെ വളരെ സൂക്ഷ്മതയോടെയാണ് ബിജു മേനോൻ അവതരിപ്പിച്ചിരിക്കുന്നത്. ബിജു മേനോനിലെ മികച്ച നടനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സംവിധായകനും സാധിച്ചിട്ടുണ്ട്.

ബിജു മേനോനൊപ്പം തന്നെ ശ്രദ്ധേയമായ അഭിനയമാണ് അലൻസിയർ, സുധി കോപ്പ, ദിനേഷ് പണിക്കർ, മംഗൾ എന്നിവരും കാഴ്ച വയ്ക്കുന്നത്. സംവൃത സുനിൽ അവതരിപ്പിച്ച ഗീത എന്ന കഥാപാത്രവും ഇഷ്ടം കവരും. രണ്ടാം വരവിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ തന്നെയാണ് സംവൃതയ്ക്കും ലഭിച്ചിരിക്കുന്നത്. ശ്രീലക്ഷ്മി, ശ്രീകാന്ത് മുരളി,ഭഗത് മാനുവൽ, ധർമജൻ ബോൾഗാട്ടി, ജാഫർ ഇടുക്കി, സൈജു കുറുപ്പ്, സുധീഷ്, വെട്ടുകിളി പ്രകാശ്, ശ്രുതി ജയൻ, സുരേഷ് കുമാർ, അരുൺ, ജോണി ആന്റണി എന്നിവരും ചെറുതും വലുതുമായ വേഷങ്ങളെ അവതരിപ്പിക്കുന്നു.

വളരെ ലളിതമായി പറഞ്ഞുപോവുന്ന, സ്വാഭാവികമായ കഥാമുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഒരു തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. സംഭവകഥയെന്നോ അല്ലെങ്കിൽ സംഭവിക്കാൻ സാധ്യതയുള്ള ഒന്നെന്നോ പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിക്കുന്ന രീതിയിലാണ് ഓരോ സംഭവങ്ങളെയും തിരക്കഥയിൽ ഇണക്കിചേർത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമെല്ലാം അതിശയോക്തിയില്ലാതെ പ്രേക്ഷകനു ഉൾക്കൊള്ളാനാവും . നമുക്കു ചുറ്റും കാണുന്ന ആളുകൾ, സാമൂഹിക പരിതസ്ഥിതികൾ, ആൾക്കൂട്ട മനോഭാവം എന്നിവയെല്ലാം വൃത്തിയായ രീതിയിൽ ചിത്രീകരിക്കാൻ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രത്തിനു സാധിച്ചിട്ടുണ്ട്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിനു ശേഷം സജീവ് പാഴൂർ ഒരുക്കിയ തിരക്കഥ ഇത്തവണയും ജീവിതഗന്ധിയായ വിഷയം തന്നെയാണ് ചർച്ച ചെയ്യുന്നത്.

റിയലിസ്റ്റിക്ക് ആയൊരു വിഷയത്തെ ആ വിഷയം ആവശ്യപ്പെടുന്ന ഗൗരവത്തോടെ സമീപിക്കുകയാണ് സംവിധായകൻ ജി പ്രജിത്ത്. തന്റെ ആദ്യ ചിത്രത്തിൽ നിന്നും (‘ഒരു വടക്കൻ സെൽഫി’) തീർത്തും വ്യത്യസ്തമായ രീതിയിലാണ് ഈ സിനിമയെ പ്രജിത്ത് ട്രീറ്റ് ചെയ്തിരിക്കുന്നത്. ഷെഹ്നാദ് ജലാൽ പകർത്തിയ ദൃശ്യങ്ങളാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഒരു ഗ്രാമീണ അന്തരീക്ഷത്തിലൂടെ പ്രേക്ഷകരെ കൂടെ നടത്തുകയാണ് ഷെഹ്നാദ് ഒരുക്കിയ വിഷ്വലുകൾ. ബിജി ബാലിന്റെ പശ്ചാത്തല സംഗീതവും ഷാൻ റഹ്മാന്റെ സംഗീതവുമെല്ലാം ചിത്രത്തിന്റെ മൊത്തത്തിലുള്ള മൂഡിനോട് നീതിപുലർത്തുന്നുണ്ട്.

പ്രണയമോ ആക്ഷനോ ഹീറോയിസമോ ഒന്നുമില്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ചിത്രം ഒരുക്കാനാവുമെന്ന് തെളിയിക്കുകയാണ് സംവിധായകനും അണിയറപ്രവർത്തകരും. ഒട്ടും ബോറടിപ്പിക്കാതെ കാഴ്ചക്കാരെ കൂടെ നടത്തിക്കുന്ന ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്.

Read more: Sathyam Paranja Viswasikkuvo Release: പച്ചയായ ജീവിതക്കാഴ്ചകളുമായി ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’; ചിത്രത്തെ കുറിച്ച് ബിജു മേനോനും സംവൃതയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook