Sathyam Paranja Viswasikkuvo release: ബിജു മേനോൻ, സംവൃത സുനിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ നാളെ തിയേറ്ററുകളിലേക്ക്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സജീവ് പാഴൂറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു കൂട്ടം കോൺക്രീറ്റ് തൊഴിലാളികളുടെ പച്ചയായ ജീവിതം പറഞ്ഞുപോവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ നാളെ തിയേറ്ററുകളിലെത്താനിരിക്കേ ചിത്രത്തെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തോട് സംസാരിക്കുകയാണ് ബിജു മേനോൻ, സംവൃത സുനിൽ, സംവിധായകൻ പ്രജിത്ത്, സജീവ് പാഴൂർ, ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാൽ എന്നിവർ.
ഏറെ നാളുകൾക്കു ശേഷം ജീവിതത്തോട് അടുത്തുകിടക്കുന്ന റിയലിസ്റ്റിക്ക് ആയൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രത്തിൽ ബിജുമേനോൻ.
“ദിവസക്കൂലിയ്ക്ക് അരിഷ്ടിച്ചുജീവിക്കുന്ന ഒരു വാർക്കപ്പണിക്കാരന്റെ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഭാര്യയും മകളും അടങ്ങുന്ന ചെറിയൊരു കുടുംബം. അയാളുടെയും സുഹൃത്തുക്കളുടെെയും ജീവിതത്തിൽ ഉണ്ടാകുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ടു പോവുന്നത്. ഞാനിതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ളൊരു കഥാപാത്രമാണ് ഇതിലെ സുനി. സിനിമാറ്റിക് കാഴ്ചകൾക്ക് അപ്പുറം നമ്മുടെ തൊട്ടു മുൻപിൽ നടക്കുന്ന ഒരു കഥ പോലെ പ്രേക്ഷകർക്ക് അനുഭവിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്,” തന്റെ കഥാപാത്രത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും ബിജു മേനോൻ പറഞ്ഞു.
” തൊണ്ടിമുതലും ദൃക്സാക്ഷിയുമൊക്കെ കണ്ടു കഴിഞ്ഞപ്പോൾ അതുപോലൊരു സിനിമയുടെ ഭാഗമാകണമെന്നൊക്കെ എനിക്കും തോന്നിയിട്ടുണ്ട്. അങ്ങനെയിരിക്കെ, ഞാൻ കൊടൈക്കനാലിൽ ഉളളപ്പോഴാണ് സംവിധായകൻ പ്രജിത്തും തിരക്കഥാകൃത്ത് സജീവും വന്നു കാണുന്നതും ഈ കഥ പറയുന്നതും. കഥ കേട്ടപ്പോഴെ എനിക്കൊരു കോൺഫിഡൻസ് തോന്നി. ‘രക്ഷാധികാരി ബൈജു’വിനു ശേഷം കുറേകാലം കൂടിയാണ് ഇത്തരമൊരു നാച്യുറൽ കഥാപാത്രം എന്നെ തേടിയെത്തുന്നത്. പ്രതീക്ഷിക്കാതെ ഈ കഥാപാത്രത്തെ കുറിച്ചു കേട്ടപ്പോൾ എക്സൈറ്റ്മെന്റ് തോന്നി. ഒട്ടും കൃത്രിമത്വമില്ലാതെ, സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അതും ഈ സിനിമയിലേക്ക് ആകർഷിച്ച കാര്യമാണ്,” ബിജു മേനോൻ കൂട്ടിച്ചേർക്കുന്നു.
‘ഒരു വടക്കൻ സെൽഫി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’. മുൻചിത്രത്തിൽ നിന്നും വ്യത്യസ്തമായി റിയലിസ്റ്റിക് ആയൊരു സമീപനമാണ് ഈ ചിത്രത്തിൽ പ്രജിത്ത് സ്വീകരിച്ചിരിക്കുന്നത്.
“ബോധപൂർവ്വം കൊണ്ടുവന്ന ഒന്നല്ല ഇത്, ഈ കഥ അത്തരമൊരു ട്രീറ്റ്മെന്റ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. റിയലിസ്റ്റിക് ആയി വേണം ചിത്രം അവതരിപ്പിക്കുന്നത് എന്നുണ്ടായിരുന്നു. അങ്ങനെ പറഞ്ഞാൽ കുറച്ചുകൂടി ആളുകളിലേക്ക് ഇറങ്ങിച്ചെല്ലും എന്നു തോന്നി. കുടുംബ പ്രേക്ഷകരെയും കൂടി മുന്നിൽ കണ്ടു ചെയ്ത ഒരു എന്റർടെയിനർ തന്നെയാണ് ഇത്. സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ കഥ പറയുകയാണ് ചിത്രത്തിലൂടെ. ഒപ്പം ഒരു മധ്യവർഗ കുടുംബത്തിന്റെ കഥയും ചിത്രം പറഞ്ഞുപോവുന്നുണ്ട്,” തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംവിധായകൻ പ്രജിത്ത് പറഞ്ഞു.
” സിനിമ ഷൂട്ട് ചെയ്യുമ്പോഴും പ്രജിത്തിന്റെ ഭാഗത്ത് നിന്ന് നല്ല സ്വാതന്ത്യം ഉണ്ടായിരുന്നു, പ്രത്യേകിച്ചും സംഭാഷണങ്ങളുടെ കാര്യത്തിൽ. ഇതാണ് സംഭവം, ഇതാണ് പശ്ചാത്തലം, ഡയലോഗ് ഇതാണ് എന്നൊക്കെ കൃത്യമായി പറഞ്ഞുതരും. സംഭാഷണം ഇങ്ങനെ തന്നെ പറയണം എന്നില്ല, രംഗത്തിന്റെ ഒരു ഫീൽ നോക്കി ഉചിതമായ രീതിയിൽ പറഞ്ഞാൽ മതി എന്ന രീതിയിൽ ആർട്ടിസ്റ്റുകളുടെ സ്വാതന്ത്ര്യത്തിന് വിട്ടു തന്നിരുന്നു. അത് കുറച്ചൂടി സ്വാഭാവികത കൊണ്ടുവന്നു,” ചിത്രീകരണ അനുഭവങ്ങൾ ബിജു മേനോൻ പങ്കുവയ്ക്കുന്നു.
നീണ്ട ഒരിടവേളയ്ക്ക് ശേഷം സംവൃത സുനിൽ തിരിച്ചെത്തുന്നു എന്നതു കൂടിയാണ് ചിത്രത്തിന്റെ പ്രത്യേക ആകർഷണങ്ങളിൽ ഒന്ന്. ഗീത എന്ന കഥാപാത്രത്തെയാണ് സംവൃത സിനിമയിൽ അവതരിപ്പിക്കുന്നത്. “ബിജു ചേട്ടന്റെ കഥാപാത്രമായ സുനിയുടെ ഭാര്യയാണ് ഗീത. ഒരു മകളുണ്ട്. വളരെ ചെറിയൊരു കുടുംബമാണ്. വളരെ പ്രത്യേക സ്വഭാവമുളളയാളാണ് സുനി ചേട്ടൻ. അങ്ങനെയുളള ഒരു ഭർത്താവിനെ സ്നേഹിച്ച് കുടുംബത്തെ നോക്കി കൊണ്ടുപോകുന്ന ഭാര്യയാണ് ഗീത. വളരെ സാധാരണക്കാരിയായ പെൺകുട്ടി. എനിക്ക് തോന്നുന്നു കേരളത്തിലെ ഒരു വിഭാഗം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഭാര്യയാണ് ഗീത,” തന്റെ കഥാപാത്രത്തെ കുറിച്ച് സംവൃത പറയുന്നു.
സംവൃത ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും വേറിട്ടൊരു കഥാപാത്രവും വേറിട്ടൊരു മുഖവുമായിരിക്കും ഗീതയുടേത് എന്നാണ് സംവിധായകൻ പ്രജിത്തിന്റെ നിരീക്ഷണം. ‘സംവൃത വന്നത് ഗീത എന്ന കഥാപാത്രത്തിനും ഗുണം ചെയ്തിട്ടുണ്ടെന്ന്,’ പ്രജിത്ത് കൂട്ടിച്ചേർക്കുന്നു.
ചിത്രത്തിലേക്ക് സംവൃതയെ നിർദ്ദേശിക്കുന്നത് ബിജു മേനോനാണ്. “സംവൃതയൊക്കെ പ്രതീക്ഷിക്കാതെ വന്ന ഒരാളാണ്. സംവൃതയെ പോലെ ഒരാൾ എന്നൊക്കെയുള്ള ചർച്ചകളിൽ നിന്നാണ് എന്നാൽ എന്തുകൊണ്ട് സംവൃതയെ തന്നെ വിളിച്ചുകൂടാ എന്ന ചിന്ത വരുന്നത്. ഞാൻ വിളിച്ചിട്ട് സംവൃതയോട് പറഞ്ഞത്; ഒരു തിരിച്ചുവരവ് ഉദ്ദേശിക്കുന്നെങ്കിൽ ഇതൊരു നല്ല സബ്ജക്ട് ആണ്. ഒന്നു കഥ കേട്ടു നോക്കൂ,’ എന്നാണ്. കഥ കേട്ടപ്പോൾ സംവൃത ഓകെ പറഞ്ഞു. ഈ സിനിമയ്ക്കു വേണ്ടി സംവൃത ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, കുഞ്ഞിനെയും കൊണ്ട് യു എസിൽ നിന്നും വന്നു, ഗ്രാമീണ സാഹചര്യത്തിലുള്ള കഥാപാത്രത്തെ മനോഹരമായി ചെയ്തു. ആ കഥാപാത്രത്തിന് നല്ല ലൈഫ് കൊടുക്കാൻ സംവൃതയ്ക്ക് സാധിച്ചിട്ടുണ്ട്,” ബിജു മേനോൻ പറയുന്നു.
Read more: എനിക്ക് മാറ്റങ്ങളുണ്ട്: മടങ്ങി വരവിനെക്കുറിച്ച് സംവൃത സുനില്
” വാർക്കപ്പണി ചെയ്യുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിലെ സുനി (ബിജു മേനോൻ). സുനിക്കൊപ്പം കൊച്ചച്ചനായ കറുപ്പായി (അലൻസിയർ), താമര (സുധി കോപ്പ), പ്രസാദ് (ദിനേഷ് പ്രഭാകർ), പിന്നെ ഒരു ബംഗാളി കഥാപാത്രം ഷാനവാസ് (മംഗൾ) എന്നിങ്ങനെ പണിക്കാരുടെ ഒരു സംഘം തന്നെയുണ്ട്. ഇവരുടെ ജീവിതം രസകരമാണ്. ഇന്ന് എന്നൊരു സംഭവമേ അവരുടെ ജീവിതത്തിലുള്ളൂ, നാളെ എന്നൊരു കരുതലൊന്നുമില്ല. ഇന്ന് രസകരമായി ജീവിക്കുക എന്നതാണ് അവരുടെ ഐഡിയ. അങ്ങനെ ജീവിച്ചു പോവുന്ന ഒരു കൂട്ടം ആളുകളുടെ ജീവിതമാണ് സിനിമ പറയുന്നത്. സുനിയുടെ ഭാര്യയാണ് ഗീത (സംവൃത)- പണിയ്ക്കു പോയ വീട്ടിലെ പെണ്ണിനെ പ്രേമിച്ച് കല്യാണം കഴിച്ചതാണ് അയാൾ. അവരുടെ രസകരമായ ജീവിതത്തിനിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്,” സിനിമയുടെ പ്രമേയത്തെ കുറിച്ച് തിരക്കഥാകൃത്ത് സജീവ് പറയുന്നു.
Read more: ഇന്നിൽ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’: സജീവ് പാഴൂർ
മാഹി, വടകര എന്നിവിടങ്ങളിലായി രണ്ടു മാസത്തോളം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ പൂർത്തിയാക്കിയത്. ” റിയലിസ്റ്റിക് ആയ കാഴ്ചകളാണ് ചിത്രത്തിലുടനീളം പകർത്താൻ ശ്രമിച്ചത്. ക്യാമറ മാറിനിന്ന് നിരീക്ഷിക്കുന്ന രീതിയിലാണ് ചിത്രത്തിലെ പല ആക്റ്റിവിറ്റികളും ഷൂട്ട് ചെയ്തിരിക്കുന്നത്. അഭിനേതാക്കൾക്ക് കൂടുതൽ സ്പേസ് കൊടുത്തു. നല്ലൊരു ടീം വർക്ക് ഉണ്ടായിരുന്നു ചിത്രത്തിനു പിറകിൽ,” ഷൂട്ടിംഗ് അനുഭവങ്ങൾ ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാൽ പങ്കുവയ്ക്കുന്നതിങ്ങനെ.