‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ സജീവ് പാഴൂര് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’. ബിജു മേനോൻ പ്രധാന കഥാപാത്രമായെത്തുന്ന ഈ ചിത്രത്തിലൂടെ നടി സംവൃത സുനിലും ഒരിടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്.
ജൂലൈ 12 ന് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ തിയേറ്ററുകളിലെത്താനിരിക്കെ ചിത്രത്തിന്റെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തോട് പങ്കുവയ്ക്കുകയാണ് സജീവ്.
‘ഒരു വടക്കന് സെല്ഫി’യുടെ സംവിധായകനായ ജി പ്രജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ” പ്രജിത്തുമായുള്ള വർഷങ്ങൾ നീണ്ട സൗഹൃദത്തിന്റെയും നിരന്തരമായ ചർച്ചകളുടെയും തുടർച്ചയാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രം.” സജീവ് സംസാരിച്ചു തുടങ്ങി.
” പ്രജിത്തുമായി വളരെ മുൻപു തന്നെ സൗഹൃദമുണ്ട്. ആറു വർഷം മുൻപു തന്നെ ഞങ്ങൾ പല വിഷയങ്ങളും സിനിമയാക്കുന്നതിനെ കുറിച്ചൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു. ഈ കഥയുടെ ഒരു രൂപരേഖ ആയപ്പോൾ ഞാൻ പ്രജിത്തിനോട് സംസാരിക്കുകയായിരുന്നു. പ്രജിത്തുമായുള്ള വ്യക്തിപരമായ അടുപ്പവും സൗഹൃദത്തിന്റെ അന്തരീക്ഷവും പരസ്പരമുള്ള വിശ്വാസവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.”
“ഇതേ കഥ ‘തൊണ്ടിമുതലി’ന്റെ നിർമ്മാതാവായ സന്ദീപ് സേനനോടും ഞാൻ ചർച്ച ചെയ്തിരുന്നു. കഥയിഷ്ടപ്പെട്ട സന്ദീപ് ഈ ചിത്രം നമുക്കു ചെയ്യാം എന്നു പറഞ്ഞു. സന്ദീപ്, അനീഷ്, രമാദേവി എന്നിവർ ചേർന്നാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ നിർമ്മിച്ചിരിക്കുന്നത്. വളരെ വേഗത്തിൽ സംഭവിച്ച ഒന്നാണ് ഈ ചിത്രം എന്നു വേണമെങ്കിൽ പറയാം, ഒരു വർഷത്തിനകത്ത് കഥയും തിരക്കഥയും ഷൂട്ടിംഗും എല്ലാം നടന്നു,” സജീവ് പറയുന്നു.
വാർക്കപ്പണി ചെയ്യുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിലെ സുനി (ബിജു മേനോൻ). സുനിക്കൊപ്പം കൊച്ചച്ചനായ കറുപ്പായി (അലൻസിയർ), താമര (സുധി കോപ്പ), പ്രസാദ് (ദിനേഷ് പ്രഭാകർ), പിന്നെ ഒരു ബംഗാളി കഥാപാത്രം ഷാനവാസ് (മംഗൾ) എന്നിങ്ങനെ പണിക്കാരുടെ ഒരു സംഘം തന്നെയുണ്ട്. ഇവരുടെ ജീവിതം രസകരമാണ്. ഇന്ന് എന്നൊരു സംഭവമേ അവരുടെ ജീവിതത്തിലുള്ളൂ, നാളെ എന്നൊരു കരുതലൊന്നുമില്ല. ഇന്ന് രസകരമായി ജീവിക്കുക എന്നതാണ് അവരുടെ ഐഡിയ. അങ്ങനെ ജീവിച്ചു പോവുന്ന ഒരു കൂട്ടം ആളുകളുടെ ജീവിതമാണ് സിനിമ പറയുന്നത്. സുനിയുടെ ഭാര്യയാണ് ഗീത (സംവൃത)- പണിയ്ക്കു പോയ വീട്ടിലെ പെണ്ണിനെ പ്രേമിച്ച് കല്യാണം കഴിച്ചതാണ് അയാൾ. അവരുടെ രസകരമായ ജീവിതത്തിനിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.
സുനിയെ കണ്ടെത്തിയത്
തന്റെ ജീവിതത്തിൽ താൻ കണ്ട ചില കഥാപാത്രങ്ങൾ ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് സജീവ് പറയുന്നു. “ഇതിന്റെ കഥ പൂർണമായും ഫിക്ഷനാണ്. എന്നാൽ അതേസമയം, ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ഒരു കഥയാണ് താനും. എന്റെ വീടിന്റെ പണി നടക്കുമ്പോഴാണ് വാർക്കപ്പണിയൊക്കെ ചെയ്യുന്ന നിർമ്മാണ തൊഴിലാളികളുടെ ജീവിതം അടുത്തുനിന്ന് ശ്രദ്ധിക്കാൻ തുടങ്ങിയത്. അവർക്കൊപ്പം കൂടുതൽ യാത്ര ചെയ്യാനും സംസാരിക്കാനും അവരുടെ ജീവിതത്തിലെ കുഞ്ഞുകുഞ്ഞു രസങ്ങളും സന്തോഷങ്ങളുമൊക്കെ അടുത്തുനിന്ന് കാണാനും സാധിച്ചു. ആ അനുഭവങ്ങളും തിരക്കഥയെഴുത്തിൽ ഏറെ ഗുണം ചെയ്തിട്ടുണ്ട്.” സജീവ് പറഞ്ഞു.
എന്റെ തിരക്കഥയുടെ ആദ്യവായനക്കാർ ഭാര്യയും മകളും
ഓരോ തിരക്കഥയും ഞാനെഴുതി കഴിയുമ്പോൾ ആദ്യത്തെ വായനക്കാർ എന്റെ പ്രായപൂർത്തിയായ മകളും ഭാര്യയുമാണ്. അവർ വായിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നാത്തത് മാത്രമേ എഴുതാൻ ശ്രമിക്കാറുണ്ട്. ആ ഗ്യാരണ്ടി ഈ സിനിമയിലും ഉണ്ട്. ‘തൊണ്ടിമുതലി’ൽ നിന്നും ഏറെ വ്യത്യസ്തമായൊരു ഫാമിലി എന്റർടെയിനർ ആയിട്ടാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ ഒരുക്കിയിട്ടുള്ളത്. ‘തൊണ്ടിമുതലിന്റെ’ സ്ട്രീമിൽ നിന്നും പൂർണ്ണമായും മാറി നിൽക്കുന്ന ഒന്നാവണം എന്നത് ബോധപൂർവ്വമെടുത്ത ഒരു തീരുമാനമാണ്. ‘തൊണ്ടിമുതലി’നു കിട്ടിയ എന്തു പുരസ്കാരവും വിമർശനവും പ്രശംസയുമെല്ലാം അതിനു മാത്രം കിട്ടിയതാണ്, അതു അവസാനിച്ചു. വീണ്ടുമൊരു ‘തൊണ്ടിമുതലി’ന്റെ ആവശ്യമില്ല. വ്യത്യസ്തമായ സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം.
‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രം ഉദ്ദേശിച്ച ഴോണറിൽ തന്നെ കൊണ്ടെത്തിക്കാൻ സാധിച്ചിട്ടുണ്ട്, അതിൽ ആത്മവിശ്വാസമുണ്ട്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കിയ ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും പറയുന്നുണ്ട്.
ബിജു മേനോൻ സുനിയാകുമ്പോൾ
ബിജു ചേട്ടന് ഇത്തരം കഥാപാത്രങ്ങളെയൊക്കെ നന്നായി അറിയാം. ഇത്തരം ജോലികൾ ചെയ്യുന്നവരൊക്കെയായി നല്ല രീതിയിൽ ആശയവിനിമയം നടത്തുകയും താഴെ തട്ടിൽ നിന്നുകൊണ്ട് അവരെ നിരീക്ഷിക്കുകയും ഒക്കെ ചെയ്തിട്ടുള്ള ഒരു അഭിനേതാവാണ് അദ്ദേഹം. അതുകൊണ്ടു തന്നെ വളരെ വേഗത്തിൽ ആ കഥാപാത്രത്തെ പിടി കിട്ടിയിട്ടുണ്ട്. കഥാപാത്രമായി മാറാൻ ബിജു മേനോന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല, അലസിയറിനും അതെ. രസകരമായി തന്നെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.
സംവൃതയെ നിർദ്ദേശിക്കുന്നത് ബിജു മേനോൻ
കഥ രൂപപ്പെടുന്ന സമയത്ത് ആര് ഈ കഥാപാത്രം ചെയ്യും എന്നൊന്നും മനസ്സിലുണ്ടായിരുന്നില്ല. തിരക്കഥ എഴുത്തിലേക്ക് ഇരിക്കുമ്പോഴാണ് അത്തരം കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തത വരുന്നത്. ചിത്രത്തിന്റെ ഒരു ഘട്ടത്തിലാണ് സംവൃത സിനിമയിലേക്ക് എത്തുന്നത്. ബിജു ചേട്ടനാണ് സംവൃതയെ നിർദ്ദേശിക്കുന്നത്. സംവൃത അഭിനയിക്കുമോ, തിരിച്ചു വരാൻ താൽപ്പര്യമുണ്ടോ എന്നൊന്നും അറിയാത്ത സമയമാണ്. ഒന്നു പറഞ്ഞു നോക്കൂ എന്ന നിർദ്ദേശം ബിജു ചേട്ടൻ മുന്നോട്ട് വെച്ചപ്പോൾ വിളിച്ചു സംസാരിച്ചു. ഫോണിലാണ് കഥ പറഞ്ഞത്, കഥ കേട്ടപ്പോൾ സംവൃത സമ്മതിച്ചു. ഗീത എന്ന കഥാപാത്രം സംവൃതയുടെ കയ്യിൽ ഭദ്രമായിരുന്നു.
Read more: എനിക്ക് മാറ്റങ്ങളുണ്ട്: മടങ്ങി വരവിനെക്കുറിച്ച് സംവൃത സുനില്
കാലവും സമയവും സിനിമയ്ക്ക് അപ്പുറത്താണ്
എഡിറ്റ് എന്നൊരു സാധ്യത ഉള്ളിടത്തോളം കാലം, സിനിമയ്ക്ക് കാലവും സമയവും ബാധകമല്ലെന്നാണ് ഞാൻ കരുതുന്നത്. കാലവും സമയവും സിനിമയ്ക്ക് അപ്പുറത്താണ്. ജീവിതവുമായി എത്രത്തോളം അടുത്തുനിൽക്കുന്നു എന്നതാണ് എന്റെയൊരു മാനദണ്ഡം. ഒരു സിനിമ പ്രേക്ഷകൻ കാണുമ്പോൾ ആ കഥ തനിക്കോ തന്റെ പരിചയത്തിലോയുള്ള ആർക്കെങ്കിലും സംഭവിച്ചതാവാം എന്നു തോന്നിയാൽ, അല്ലെങ്കിൽ ഈ കഥാപാത്രത്തെ ഞാനെവിടെയോ കണ്ടിട്ടുണ്ടെന്ന് തോന്നിയാൽ അതാണ് ഒരു എഴുത്തുകാരൻ എന്ന രീതിയിൽ ഞാൻ കാണുന്ന വിജയം. ഇപ്പോൾ തൊണ്ടി മുതലിനെ കുറിച്ച് പറയുകയാണെങ്കിൽ, ‘തൊണ്ടിമുതൽ’ ഇന്ത്യയിലെവിടെ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കഥയാണ്.
ഷാജി കരുൺ സാറിനൊപ്പമാണ് ഞാൻ ആദ്യകാലത്ത് വർക്ക് ചെയ്തിട്ടുള്ളത്. ഞാൻ സിനിമ പഠിച്ച ഇൻസ്റ്റിറ്റ്യൂട്ടും അദ്ദേഹമാണ്. സിനിമ ഗൗരവകരമായൊരു കലയാണ് എന്നാണ് അദ്ദേഹമെപ്പോഴും പറയാറുള്ളത്. ആ വാക്കുകൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്, അതേ അടിസ്ഥാന പ്രമാണങ്ങളിലാണ് ഞാനും പ്രവർത്തിക്കുന്നത്.
പുതിയ ചിത്രങ്ങൾ
ജോഷി സാറിനു വേണ്ടി ഒരു കഥയെഴുതുന്നുണ്ട്. പിന്നെ നാദിർഷ- ദിലീപ് ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ അതിന്റെയും ജോലികൾ നടക്കുന്നു. ഓരോ സിനിമയും വേറിട്ട രീതിയിൽ പറയണം എന്നാണ് ആഗ്രഹം. എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നു, അതിനുള്ള ശ്രമങ്ങളിലാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook