തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രസിനിമകളുടെ ബഹളമാണ് തമിഴകത്ത്. വലിയ രണ്ടു ചിത്രങ്ങൾ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്നു എന്ന വാർത്തകൾക്കു പുറമെ പുതിയൊരു ബയോപിക് ചിത്രം കൂടി അനൗൺസ് ചെയ്യപ്പെട്ടിരിക്കുകയാണ്. ‘ശശിലളിത’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ തേടുന്നത്.

കെ ജഗദീശ്വര റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം ജയലളിതയ്ക്ക് ഒപ്പം ശശികലയ്ക്ക് കൂടി പ്രാധാന്യം നൽകിയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. “ജയലളിതയ്ക്കൊപ്പം തന്നെ ശശികലയ്ക്കും പ്രാധാന്യം നൽകുന്നതു കൊണ്ട് ചിത്രത്തിന് ‘ശശിലളിത’ എന്ന് പേരു നൽകിയത്,” ജഗദീശ്വര റെഡ്ഡി പറയുന്നു. അവസാന നാളുകളിലെ ജയലളിതയുടെ 75 ദിവസത്തോളം നീണ്ട ആശുപത്രി ജീവിതവും സിനിമയിൽ ചിത്രീകരിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ജയം മൂവീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയലളിതയേയും ശശികലയേയും അവതരിപ്പിക്കാനുള്ള താരങ്ങൾക്കു വേണ്ടിയുള്ള​ അന്വേഷണത്തിലാണ് തങ്ങളെന്നും കാസ്റ്റിംഗ് തീരുമാനമായാൽ മേയ് ആദ്യ ആഴ്ചയോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിരവധിയേറെ ചിത്രങ്ങളാണ് അനൗൺസ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടൊരു ചിത്രം, സംവിധായകൻ മിഷ്കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദർശിനി സംവിധാനം ചെയ്യുന്ന ‘ദി അയേൺ ലേഡിയാണ്. ചിത്രത്തിൽ നിത്യമേനോനാണ് ജയലളിതയെ അവതരിപ്പിക്കുന്നത്. കൂടാതെ കങ്കണ റണാവത്തിനെ കേന്ദ്രകഥാപാത്രമാക്കി എ എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളും നടന്നു കൊണ്ടിരിക്കുകയാണ്. ‘തലൈവി’ എന്ന പേരിൽ തമിഴിലും ‘ജയ’ എന്ന പേരിൽ ഹിന്ദിയിലുമാണ് ചിത്രമൊരുങ്ങുന്നത്.

Read more: തലൈവിയാവാൻ ഒരുങ്ങി കങ്കണ റണാവത്

ഒരു മുഖ്യധാരസിനിമയ്ക്ക് ഇണങ്ങിയ മികച്ചൊരു ആശയമാണ് ജയലളിതയുടെ ജീവിതമെന്നും ഈ പ്രൊജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. ” ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയകഥകളിൽ ഒന്നാണ് ജയലളിതജിയുടേത്. സൂപ്പർ സ്റ്റാറായിരുന്ന അവർ ശ്രദ്ധേയയായ രാഷ്ട്രീയബിംബമായി മാറി. മുഖ്യധാരാ സിനിമയ്ക്ക് ഇണങ്ങിയ മികച്ച ആശയമാണ് അവരുടെ ജീവിതം,” കങ്കണ പറഞ്ഞു.

‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read more: ജയലളിതയായി നിത്യ മേനോന്റെ പരകായപ്രവേശം; രൂപസാദൃശ്യം കണ്ട് വാ പൊളിച്ച് ആരാധകര്‍

രമ്യ കൃഷ്ണനെ കേന്ദ്രകഥാപാത്രമാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഒരു വെബ് സീരിസിന്റെ ചർച്ചകളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്. അതേസമയം ജയലളിതയുടെ ആത്മസുഹൃത്തായിരുന്ന ശശികലയുടെ ജീവിതത്തെ ആസ്പദമാക്കി റാം ഗോപാൽ വർമ്മയും ഹിന്ദിയിലൊരു ചിത്രം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പുകളിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook