scorecardresearch

Sarvam Maya Review: ചിരിപ്പിച്ചും രസിപ്പിച്ചും 'സർവ്വം മായ', നിവിന്റെ ഗംഭീര തിരിച്ചുവരവ്; റിവ്യൂ

Sarvam Maya Movie Review & Rating: തന്റെ കംഫർട്ട് സോണായ ഹ്യൂമറിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നിവിൻ. പഴയ 'അയൽപ്പക്കത്തെ പയ്യൻ' ഇമേജിൽ, സ്വാഭാവിക നർമ്മം കൈകാര്യം ചെയ്യുന്ന നിവിനെ ഇവിടെ കാണാം

Sarvam Maya Movie Review & Rating: തന്റെ കംഫർട്ട് സോണായ ഹ്യൂമറിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നിവിൻ. പഴയ 'അയൽപ്പക്കത്തെ പയ്യൻ' ഇമേജിൽ, സ്വാഭാവിക നർമ്മം കൈകാര്യം ചെയ്യുന്ന നിവിനെ ഇവിടെ കാണാം

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
sarvam maya review

Sarvam Maya Movie Review & Rating

Sarvam Maya Movie Review & Rating: ആഘോഷാരവങ്ങളുടെ ഫെസ്റ്റിവൽ സീസണിലേക്ക് ഫണ്ണും ലൈറ്റ് മൊമന്റുകളും ഇഴചേർത്തുവെച്ച ഒരു ക്ലീൻ എന്റർടൈനറുമായാണ് അഖിൽ സത്യൻ എത്തിയിരിക്കുന്നത്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ 'സർവ്വം മായ' എന്ന ചിത്രം, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അതീന്ദ്രീയമായ അനുഭവങ്ങളും യാഥാർത്ഥ്യവും കോമഡിയും കലർന്ന ഹൃദ്യമായൊരു അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Advertisment

പൂജാവിധികൾ ഹൃദിസ്ഥമാക്കിയെങ്കിലും മനഃപൂർവ്വം ആ വഴി ഉപേക്ഷിച്ച് നിരീശ്വരവാദിയായ പ്രഭേന്ദു എന്ന യുവാവിനെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. അച്ഛനും സഹോദരനും ആചാരങ്ങളിൽ മുഴുകുമ്പോൾ, സംഗീതത്തെ പ്രണയിച്ച് ഇലക്ട്രിക് ഗിറ്റാറിസ്റ്റായി ജീവിതം പടുത്തുയർത്താൻ ശ്രമിക്കുകയാണ് അവൻ. എന്നാൽ ജീവിതത്തിലെ ചില അപ്രതീക്ഷിത വഴിത്തിരിവുകൾ അവനെ വീണ്ടും പഴയ പൂജാവിധികളിലേക്കും മന്ത്രങ്ങളിലേക്കും എത്തിക്കുന്നു.

Also Read: പ്ലസ് ടുവിലെ പ്രണയം പൊട്ടി, കോളേജിലും പാളി, ഒടുവിൽ മൂന്നാമത്തെ പെൺകുട്ടിയെ കെട്ടി, എന്നോട് 'പ്രേമം' കഥ പറഞ്ഞതിങ്ങനെ: നിവിൻ പോളി

സ്വന്തം ഇഷ്ടത്തിനല്ലെങ്കിലും സാഹചര്യങ്ങൾ കൊണ്ട് കസിനായ രൂപേഷിനൊപ്പം (അജു വർഗ്ഗീസ്) പരിക്രമിയായി കൂടേണ്ടി വരുന്ന പ്രഭേന്ദുവിന്റെ ജീവിതത്തിലേക്ക് അവിശ്വസനീയമായൊരു അതിഥി എത്തുന്നതോടെ ചിത്രം ഒരു ഫാന്റസി ഹൊറർ മൂഡിലേക്ക് മാറുന്നു. ഭയപ്പെടുത്തുന്ന ഹൊററിന് പകരം ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഹൊറർ എലമെന്റുകളാണ് അഖിൽ സത്യൻ ഇവിടെ പരീക്ഷിച്ചിരിക്കുന്നത്.

ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഘടകം നിവിൻ പോളി തന്നെയാണ്. ഇടക്കാലത്ത് പരീക്ഷണ വേഷങ്ങളിലേക്ക് മാറിയ നിവിൻ, തന്റെ കംഫർട്ട് സോണായ ഹ്യൂമറിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. പഴയ 'അയൽപ്പക്കത്തെ പയ്യൻ' ഇമേജിൽ, സ്വാഭാവിക നർമ്മം കൈകാര്യം ചെയ്യുന്ന നിവിനെ ഇവിടെ കാണാം. അജു വർഗ്ഗീസുമായുള്ള കോമ്പോ വർഷങ്ങൾക്ക് ശേഷവും അതേ കെമിസ്ട്രി നിലനിർത്തുന്നുണ്ട്.

റിയ ഷിബുവിന്റെ മനോഹരമായ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. ഡെലുലുവും പ്രഭേന്ദുവും തമ്മിലുള്ള കെമിസ്ട്രി ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. നിവിന്റെയും റിയാ ഷിബുവിന്റെയും മികച്ച അഭിനയം ഇവരുടെ രംഗങ്ങൾക്ക് മിഴിവേകുന്നു. സ്ഥിരം പ്രേത സിനിമകളിൽ കണ്ടു മടുത്ത ക്ലീഷെകളെ രസകരമായി ട്രോളുന്നുണ്ടെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അൽഫോൺസ് പുത്രനും ചിത്രത്തിൽ ഒരു രംഗത്തിൽ വന്നുപോവുന്നുണ്ട്. 

Also Read: ഞെട്ടിക്കുന്ന പ്രമേയം, ധീരമായ ചുവടുവെപ്പ്: 'ഫാർമ' റിവ്യൂ

ജസ്റ്റിൻ പ്രഭാകരന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ ഫാന്റസി സ്വഭാവത്തെ മനോഹരമായി പിന്തുണയ്ക്കുന്നു. ശരൺ വേലായുധന്റെ ഓരോ ഫ്രെയിമുകളും അത്രമേൽ വർണ്ണാഭമാണ്; സിനിമയുടെ മൊത്തത്തിലുള്ള മൂഡിന് ഒരു പ്രത്യേക ഭംഗിയേകുന്നുണ്ട് സിനിമോട്ടോഗ്രാഫി. 

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. പാച്ചുവിലെ പോലെ തന്നെ ഹൃദയത്തിൽ തൊടുന്ന ഇമോഷണൽ രംഗങ്ങളുള്ള ഒരു ഫീൽ ഗുഡ് പടമാണ് സർവ്വം മായയും. ആ തട്ടകത്തിൽ തനിക്കുള്ള കയ്യടക്കം ഒന്നുകൂടി തെളിയിക്കുകയാണ് അഖിൽ സത്യൻ. 

മനസ്സു തുറന്ന് ചിരിക്കാനും ഒന്ന് റിലാക്സ് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക്, കുടുംബത്തോടൊപ്പം നിറചിരിയോടെ കണ്ടിരിക്കാവുന്ന ഒരു പക്ക ഫെസ്റ്റിവൽ മൂവിയാണ് സർവ്വം മായ. ചിത്രത്തിലെ 'ഗോസ്റ്റ്' കഥാപാത്രത്തെപ്പോലെ തന്നെ സിനിമയും വളരെ കൂളാണ്. നിവിൻ പോളിയുടെ തിരിച്ചുവരവ് എന്ന് തന്നെ ചിത്രത്തെ വിശേഷിപ്പിക്കാം.

Read More: ഇതാദ്യമല്ല അയാൾ സ്നേഹം കൊണ്ട് ഉള്ളുതൊട്ടത്; പാർത്ഥിപന്റെ സ്നേഹത്തെ കുറിച്ച് ശ്രീനിവാസൻ അന്ന് പറഞ്ഞത്

Film Review Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: