തെലുങ്കു സിനിമാ മേഖലയില്‍ നടി ശ്രീ റെഡ്ഡി തുടങ്ങിവച്ച കാസ്റ്റിങ് കൗച്ച് വിവാദത്തില്‍ പ്രതികരണവുമായി പ്രശസ്ത നൃത്തസംവിധായിക സരോജ് ഖാന്‍. കാസ്റ്റിങ് കൗച്ച് ലൈംഗിക ചൂഷണമല്ലെന്നും, പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ഇത് നടക്കുന്നതെന്നും സരോജ് ഖാന്‍ പറഞ്ഞു. മാത്രമല്ല, ലൈംഗിക ചൂഷണം നടക്കുന്നത് സിനിമയില്‍ മാത്രമാണോ എന്നും അവര്‍ ചോദിച്ചു.

രണ്ടായിരത്തിലധികം സിനിമകളില്‍ നൃത്തസംവിധായികയായി പ്രവര്‍ത്തിച്ച ആളാണ് സരോജ് ഖാന്‍. കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ലെന്നും, എല്ലാവര്‍ക്കും അറിയുന്നതാണെന്നും അവര്‍ പറഞ്ഞു. ഇത് പെണ്‍കുട്ടിക്ക് ജീവിത മാര്‍ഗം നല്‍കുന്നു എന്നും സരോജ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ കഴിവില്‍ ആത്മവിശ്വാസം ഉണ്ടെങ്കില്‍ ആര്‍ക്കും സ്വയം വില്‍ക്കേണ്ടി വരില്ലെന്നും, തെറ്റായ വഴിയില്‍ പോകേണ്ടെന്നു നിങ്ങള്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ക്കതു ചെയ്യേണ്ടി വരില്ലെന്നും അവര്‍ പറഞ്ഞു. സ്വന്തം കഴിവില്‍ വിശ്വാസമില്ലാതെ ഇത്തരം മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ സിനിമാ മേഖലയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സരോജ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

സരോജ് ഖാന്റെ പ്രസ്താവനക്കെതിരെ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്ത് വന്നിട്ടുണ്ട്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നു സരോജ് ഖാന്റെ പ്രസ്താവനയെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

ഈ പശ്ചാത്തലത്തില്‍ തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സരോജ് ഖാന്‍ മാപ്പപേക്ഷയുമായി രംഗത്ത് വന്നിട്ടുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ