തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു സംവിധായകനും മാസ്സ് ഹീറോയും മൂന്നാം തവണയും ഒന്നിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ പ്രതീക്ഷകള്‍ക്ക് ഉയരം കൂടുന്നത് സ്വാഭാവികം. എ.ആര്‍ മുരുകദോസും വിജയും മൂന്നാം തവണയും കൈകോര്‍ത്ത ചിത്രമാണ് ‘സര്‍ക്കാര്‍’. നിര്‍ഭാഗ്യവശാല്‍ ആ പ്രതീക്ഷകള്‍ കാത്തു സൂക്ഷിക്കാന്‍ ചിത്രത്തിനായില്ലെന്ന് പറയേണ്ടി വരും. ഒന്നാം പകുതി ചിത്രം നല്ല രീതിയില്‍ പ്രേക്ഷരെ എന്റര്‍ടെയിന്‍ ചെയ്യിച്ചതിന് നന്ദി പറയേണ്ടത് ഇന്‍ട്രൊഡക്ഷന്‍ രംഗങ്ങള്‍ക്ക് തന്നെയാണ്. പിന്നെ ലാസ് വേഗാസില്‍ ചിത്രീകരിച്ച ഒരു പാട്ടാണ് ആകെയുള്ളത്. എന്നാല്‍ രണ്ടാം പകുതിയില്‍ മുഴുവന്‍ പ്രതീക്ഷയും നഷ്ടപ്പെടുകയും, ചിത്രം സംവിധായകന്റെ കൈയ്യില്‍ നിന്നും പോയി എന്ന് തിരിച്ചറിയുകയും ചെയ്യുകയാണ്.

Read in English Logo Indian Express

‘സര്‍ക്കാര്‍’ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കമായിരുന്നെങ്കില്‍, അതു വിജയിച്ചു എന്ന് പറയാം. പക്ഷെ, നിര്‍ഭാഗ്യവശാല്‍ അതൊരു സിനിമയായിപ്പോയി. മാസ്സ് രംഗങ്ങളും, സിഗരറ്റ് സ്‌റ്റൈലായി വലിക്കുന്ന രംഗങ്ങളും, ആക്ഷനും മാത്രം പോര ഒരു ചിത്രം വിജയിക്കാന്‍. ദുര്‍ബലമായ തിരക്കഥയെ ഒരു വിധത്തിലെങ്കിലും പിടിച്ചു നിര്‍ത്തുന്നത് വിജയ്‌യുടെ അപാരമായ സ്‌ക്രീന്‍ പ്രസെന്‍സ് തന്നെയാണ്. പക്ഷെ ഒരു താരത്തെ വച്ച് മാത്രം ചിത്രം വിജയിപ്പിക്കാന്‍ കഴിയുമെന്ന് കരുതരുത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഗവര്‍ണര്‍ ചീഫ് ജസ്റ്റിസിന്റെ ഫോണ്‍ കോളിന് പ്രതികരിക്കുന്ന പോലുള്ള അബദ്ധങ്ങളൊക്കെയാണ് ചിത്രത്തില്‍ നിരത്തി വച്ചിരിക്കുന്നത്.

 

വിജയ് (സുന്ദര്‍ രാമസാമി) ഒരു അമേരിക്കന്‍ കമ്പനിയുടെ സിഇഓ ആണ്. അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത് ഒരു ‘കോര്‍പ്പറേറ്റ് ക്രിമിനല്‍’ എന്നാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാണ് അദ്ദേഹം നാട്ടിലെത്തുന്നത്. എന്നാല്‍ തന്റെ പേരില്‍ നേരത്തേ തന്നെ ആരോ കള്ള വോട്ട് ചെയ്തതായി സുന്ദര്‍ അറിയുന്നു. ഇതിനെതിരെ നിയമപരമായി പോരാടാന്‍ സുന്ദര്‍ തീരുമാനിക്കുന്നു. ഐപിസി 49 പി പ്രകാരമാണ് സുന്ദര്‍ ഇതിനെ നേരിടുന്നത്. ഇത്തരത്തിലൊരു നിയമം ഉണ്ടെന്ന് പോലും അറിയാത്തൊരു അഭിഭാഷകനെയാണ് (ജെത്മലാനി) സംവിധായകന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.

ആദ്യം സുന്ദര്‍ പറയുന്നത്, നാല് മണിക്കൂറിനുള്ളില്‍ അദ്ദേഹം ചെന്നൈയില്‍ നിന്നും തിരിച്ചു പോകും എന്നാണ്. എന്നാല്‍ തന്റെ മുമ്പില്‍ ഒരു കുടുംബം കത്തിയെരിയുന്നത് കാണുമ്പോള്‍ ഈ തീരുമാനത്തില്‍ നിന്നും അദ്ദേഹം പിന്മാറുന്നു. നാട്ടില്‍ തന്നെ നില്‍ക്കുകയും നിലവിലെ വ്യവസ്ഥകള്‍ക്കെതിരെ പോരാടുകയും ചെയ്യാന്‍ സുന്ദര്‍ തീരുമാനിക്കുന്നു. ഏറ്റവും പ്രധാനമായി, തങ്ങളുടെ കൈകളിലെ ജനാധിപത്യം എന്നതിന്റെ ശക്തിയെന്തെന്ന് ജനങ്ങളില്‍ തിരിച്ചറിവുണ്ടാക്കണമെന്ന് സുന്ദര്‍ തീരുമാനിക്കുന്നു.

 

‘സര്‍ക്കാര്‍’ എന്നത് ഒരു വിജയ് ചിത്രമാണ്, മുരുഗദോസ് ചിത്രമല്ല. കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ചും, ജല്ലിക്കെട്ടിനെക്കുറിച്ചും, തൂത്തുക്കുടി പ്രതിഷേധത്തെക്കുറിച്ചും, മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന, യുവാക്കളുടെ പിന്തുണയോടെ തമിഴ്‌നാടിനെ എങ്ങനെ രക്ഷിക്കാം എന്ന് ചിന്തിക്കുന്ന വിജയ്‌യെയാണ്.

Read More: തൂത്തുക്കുടിയിൽ അർധരാത്രിയിൽ വിജയ്‌യുടെ സന്ദർശനം, നടനെത്തിയത് ബൈക്കിൽ

സഹതാരങ്ങളില്‍ രാധാ രവി ഒഴികെ മറ്റൊരാളും നിലവാരം പുലര്‍ത്തിയില്ല. മസിലാമണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രാധാന്യം എന്തെന്ന് മനസിലാകുന്നില്ല. യോഗി ബാബുവിന്റെ തമാശകളും വളരെ പരിതാപകരമായിരുന്നു.
ഇന്റര്‍വെല്ലിന് തൊട്ടു മുമ്പായി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ‘ഞാന്‍ കാത്തിരിക്കുന്നു’ എന്ന് വിജയ് പറയുന്ന ഭാഗം വളരെ മനോഹരമായിട്ടുണ്ട്. ദൈര്‍ഘ്യമുള്ള നിരവധി സംഭാഷണങ്ങളുണ്ടെങ്കിലും ഒന്നു പോലും മനസില്‍ തങ്ങി നില്‍ക്കുന്നില്ല എന്നതാണ് ‘സര്‍ക്കാരി’ന്റെ മറ്റൊരു പരാജയം. ഒരുപക്ഷേ, പറയാന്‍ നിരവധി കാര്യങ്ങളുണ്ടായിട്ടും അതെങ്ങനെ അവതരിപ്പിക്കണം എന്നറിയാതെ സംവിധായകന്‍ കുഴങ്ങിപ്പോയതാകാം. നേതാവിന്റെ മരണം ഉള്‍പ്പെടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട പല കാര്യങ്ങളും സര്‍ക്കാരില്‍ പ്രതിപാദിച്ചിട്ടുണ്ട്.
Image may contain: 2 people
അത്ഭുതപ്പെടുത്തന്ന മറ്റൊരു കാര്യം, എങ്ങനെയാണ് ചിത്രത്തിലെ നായികയായി കീര്‍ത്തി സുരേഷ് എത്തിയത് എന്നാണ്. നായകന്റെ പുറകെ യാതൊരു ലക്ഷ്യവുമില്ലാതെ അലയുക എന്നതിനപ്പുറം ഈ ചിത്രത്തിലെ നായികയ്ക്ക് മറ്റൊന്നും ചെയ്യാനില്ല. ‘മഹാനടി’ പോലൊരു ചിത്രത്തില്‍ അഭിനയിച്ച കീര്‍ത്തി സുരേഷ് എന്തിനാണ് ‘സര്‍ക്കാര്‍’ ചെയ്തത് എന്നത് ആശ്ചര്യപ്പെടുത്തുന്നു! അതൊരു കച്ചവട ചിത്രമായതുകൊണ്ടല്ല, മറിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രം തിരഞ്ഞെടുത്തതിനു പിന്നിലെ ചേതോവികാരം എന്തെന്നാണ്  മനസിലാകാത്തത്.
ഒരു വശത്ത് ഒന്നും ചെയ്യാനില്ലാതെ കീര്‍ത്തി നില്‍ക്കുമ്പോള്‍, മറുവശത്ത് കോമളവല്ലി എന്ന കഥാപാത്രമായി വരലക്ഷ്മി ശരത് കുമാര്‍ അത്ഭുതപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ വരലക്ഷ്മിയെ അണിയറപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്താമായിരുന്നു. എന്നാല്‍ തന്റെ രാഷ്ട്രീയക്കാരനായ അച്ഛന് വിദേശത്തിരുന്നുകൊണ്ട് ഫോണ്‍ വഴി ഉപദേശം കൊടുക്കുക മാത്രമായിരുന്നു അവിടെ വരലക്ഷമിയുടെ ജോലി. ‘സര്‍ക്കാരി’ലെ ചില രംഗങ്ങള്‍ മുരഗദോസിന്റെ തന്നെ ചിത്രമായ ‘രമണ’യുമായി സാദൃശ്യം പുലര്‍ത്തുന്നതായി തോന്നി.  ചിത്രം ‘രമണ’യുടെ പകുതി പോലും നന്നായില്ല താനും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook