ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ് അമിതാഭ് ബച്ചൻ പ്രധാന വേഷത്തിലെത്തുന്ന സർക്കാർ 3 എന്ന ചിത്രത്തിനായി. രാം ഗോപാൽ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ സിനിമ തിയേറ്ററിലെത്തുന്നതിന് മുൻപായി വ്യത്യസ്‌തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് ഇരുവരും. തന്റെ ട്വിറ്റർ പേജിലൂടെയാണ് രാം ഗോപാൽ വർമ ഇരുവരും തമ്മിലുളള അഭിമുഖത്തെക്കുറിച്ച് അറിയിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.

അമിതാഭ് ബച്ചന്റെ അഭിമുഖം നടത്തുന്ന അവതാരകനായാണ് രാം ഗോപാൽ വർമ എത്തുന്നതെന്നാണ് ഇതിന്റെ പ്രത്യേകത. ട്വിറ്ററിലൂടെയും മറ്റും സ്വന്തം നിലപാടുകൾ ഉറക്കെ വിളിച്ച് പറയുന്ന രാം ഗോപാൽ വർമയുടെ തീർത്തും വ്യത്യസ്‌തമായ മുഖമാണ് ഈ പ്രൊമോ വിഡിയോയിൽ കാണുന്നത്.

ആദ്യ തവണ ഞാൻ ഒരു മാധ്യമപ്രവർത്തകനായി എന്ന് പറഞ്ഞാണ് രാം ഗോപാൽ വർമ ഒരു ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ആദ്യമായാണ് ഒരു സംവിധായകൻ ബച്ചനെ അഭിമുഖം നടത്തുന്നതെന്നും രാം ഗോപാൽ വർമ ട്വീറ്റിൽ പറയുന്നുണ്ട്.

ശരിക്കും എന്താണ് ബച്ചൻ എന്ന ചോദ്യവുമായാണ് രാം ഗോപാൽ വർമ ഒരു വിഡിയോയിലുളളത്. മറ്റൊരു ബച്ചൻ ഇനിയുണ്ടാവുമോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഏറ്റവും രസകരമായത് സർക്കാർ 3യിൽ അമിതാഭ് ബച്ചൻ വളരെ ചെറുപ്പമായതായി കരുതുന്നു എന്ന അഭിഷേക് ബച്ചന്റെ പ്രതികരണത്തെക്കുറിച്ചുളള ചോദ്യത്തിന്റെ മറുപടിയാണ്. അവൻ എന്റെ മകനായത് കൊണ്ടാണ് അങ്ങനെയെന്നാണ് ബിഗ് ബി മറുപടി പറയുന്നത്. മികച്ച നുണയനുളള അവാർഡും ബിഗ്ബിയ്‌ക്കാണെന്നും രാം ഗോപാൽ വർമ്മ ഈ വിഡിയോയിൽ പറയുന്നത്.

രസകരമായ ചോദ്യങ്ങളും അതിനു തക്ക മറുപടികളുമായി ബിഗ് ബിയും രാം ഗോപാൽ വർമയും വരുന്ന അഭിമുഖം മെയ് എട്ടിനാണ് സംപ്രേക്ഷണം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ