നിർമാതാക്കളുടെ അസോസിയേഷൻ ഷെയ്ൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് മലയാളത്തിനപ്പുറം തമിഴിലേക്കും നീളുകയാണ്. വിക്രം നായകനാവുന്ന ‘കോബ്ര’ എന്ന ചിത്രത്തിൽ നിന്നും ഷെയ്ൻ നിഗത്തെ മാറ്റി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. പകരം ‘ജൂൺ’, ‘ബിഗ് ബ്രദർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സർജാനോ ഖാലിദാണ് ഈ വിക്രം ചിത്രത്തിൽ അഭിനയിക്കുന്നത്.
ഷെയ്ൻ ‘കോബ്ര’യിൽ അഭിനയിക്കുന്ന വിവരമറിഞ്ഞ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പറിനു വിലക്കിന്റെ കാര്യം അറിയിച്ചുകൊണ്ട് കത്തെഴുതിയിരുന്നു. അതിനെ തുടർന്നാണ് വിക്രം ചിത്രത്തിൽ നിന്നും ഷെയ്ൻ നിഗത്തെ മാറ്റിയിരിക്കുന്നത്. സീനു രാമസ്വാമി സംവിധാനം നിർവഹിക്കുന്ന ‘സ്പാ’ എന്ന ചിത്രത്തിൽ നിന്നും ഷെയ്‌നെ മാറ്റിയിട്ടുണ്ട്.
Read more: പടച്ചോൻ ഒട്ടും വെളിച്ചം കാണിക്കാത്ത ആറു മാസം ജീവിതത്തിലുണ്ടായിരുന്നു: ഷെയ്ൻ നിഗം
അജയ് ജ്ഞാനമുത്തുവാണ് ‘കോബ്ര’യുടെ സംവിധായകൻ. ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീനിധി ഷെട്ടി, മൃണാലിനി രവി, കെ എസ് രവികുമാര്‍, പ്രദീപ് രംഗനാഥന്‍, റോബോ ശങ്കര്‍, ലാല്‍, കനിഹ, പത്മപ്രിയ, ബാബു ആന്റണി എന്നിവരാണ് മറ്റു അഭിനേതാക്കൾ. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.