ജൂൺ, ബിഗ് ബ്രദർ, 4 ഇയേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവനടനാണ് സർജാനോ ഖാലിദ്. പ്രിയ വാര്യർക്കൊപ്പമാണ് സർജാനോ ‘4 ഇയേഴ്സി’ൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് താരം നേടിയത്.
സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് സർജാനോ ഖാലിദ്. ബിഎംഡബ്യൂ ആണ് താരം സ്വന്തമാക്കിയത്. കുടുംബത്തിനൊപ്പം താക്കോൽ ഏറ്റുവാങ്ങുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അർജുൻ അശോകൻ ഉൾപ്പെടെ താരത്തിനു ആശംസകളുമായി എത്തിയിട്ടുണ്ട്.
‘നോൺസെൻസി’ൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സർജാനോയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ജൂണിലെ കാമുകവേഷം സർജാനോയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തു. ആദ്യരാത്രി, ബിഗ് ബ്രദർ, 4 ഇയേഴ്സ് എന്നിവയാണ് സർജാനോയുടെ മറ്റു ശ്രദ്ധേയ ചിത്രങ്ങൾ.
96 ഫെയിം ഗൗരിയ്ക്ക് ഒപ്പം അഭിനയിച്ച ‘ഹായ് ഹലോ കാതൽ’ എന്ന ഹ്രസ്വചിത്രവും ഏറെ വൈറലായിരുന്നു. ‘കോബ്ര’ എന്ന ചിത്രത്തിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. ‘ഇരവ്’, ‘രാസ്ത’ എന്നിവയാണ് സർജാനോയുടെ പുതിയ ചിത്രങ്ങൾ.