ജനിച്ച ദിവസം തൊട്ട് മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും താരമാണ് സെയ്ഫ്-കരീന ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന്‍. തൈമൂറിന്റെ ചിത്രങ്ങളും, കുസൃതികളുമെല്ലാം ഏറെ കൗതുകത്തോടെയാണ് എല്ലാവരും നിരീക്ഷിക്കുന്നത്. അതിനിടയില്‍ തൈമൂര്‍ കേരളത്തിലും തരംഗമായി. തൈമൂറിനോട് രൂപസാദൃശ്യമുള്ള ഒരു പാവകളാണ് ഇടക്കാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

Read More: തൈമൂര്‍ തരംഗം കേരളത്തിലും: പാവക്കടകളിലും താരമായി സെയ്ഫ്-കരീന ദമ്പതികളുടെ മകന്‍

തന്റെ ആദ്യ ചിത്രമായ ‘കേദാര്‍നാഥി’ന്റെ പ്രചരണത്തിനായി സീ ടിവിയിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലെത്തിയ സാറ അലി ഖാന് ചാനല്‍ നല്‍കിയ സമ്മാനം തൈമൂര്‍ ഡോള്‍ ആയിരുന്നു. പാവക്കുട്ടിയെ കെട്ടിപ്പിടിച്ചാണ് സാറ സന്തോഷം അറിയിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നിര്‍മ്മാതാവായ അശ്വിനി യാര്‍ദ്ദിയാണ് കേരളത്തിലെ ഒരു ടോയ് ഷോപ്പില്‍ കണ്ട തൈമൂര്‍ പാവയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. നീല കണ്ണുള്ള പട്ടൗഡി കുടുംബത്തിലെ ഇളം തലമുറക്കാരന്‍ ഒരു കുര്‍ത്തയും പൈജാമയും ധരിച്ച് മുകളില്‍ നെഹ്‌റു ജാക്കറ്റും ധരിച്ചു നില്‍ക്കുന്നതുപോലെയാണ് പാവയുടെ രൂപം. ചുരുണ്ട, ഇടതൂര്‍ന്ന ബ്രൗണ്‍ നിറത്തിലുള്ള മുടിയും മുഖഭാവവുമൊക്കെയായി തൈമൂറുമായി പാവയ്ക്കുള്ള സാമ്യം കൗതുകമുണര്‍ത്തും.

ഈ ചിത്രം കണ്ട് സെയ്ഫ് അലി ഖാന്റെ പ്രതികരണം രസകരമായിരുന്നു.

‘ഞാന്‍ അവന്റെ പേര് ട്രേഡ്മാര്‍ക്ക് ചെയ്യേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് അവര്‍ക്ക് ഒരു പാവ അയയ്ക്കാമായിരുന്നു. അവന്‍ മറ്റുള്ളവര്‍ക്ക് ഗുണകരമായി മാറുന്നതില്‍ സന്തോഷമുണ്ട്. അതിനു പകരമെന്നോണം, അവന്റെ സുരക്ഷയും സന്തോഷവും ഉറപ്പു വരുത്തണമേ എന്നു മാത്രമാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്,” ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ പ്രതികരിച്ചത് ഇങ്ങനെ.

കേദാര്‍നാഥിന്റെ പ്രമോഷനായി സുശാന്ത് സിങ് രജ്പുത്തിനൊപ്പമാണ് സാറ എത്തിയത്. സെയ്ഫ് അലി ഖാന്റെ മുന്‍ ഭാര്യയിലെ മകളാണ് സാറ. ഡിസംബര്‍ ഏഴിന് കേദാര്‍നാഥ് തിയേറ്ററുകളില്‍ എത്തും. രണ്‍വീര്‍ സിങ് നായകനാവുന്ന സിംബ ചിത്രത്തിലാണ് സാറ ഇപ്പോള്‍ അഭിനയിക്കുന്നത്. ഡിസംബര്‍ 28 നാണ് ഈ ചിത്രം റിലീസിന് എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook