സാറ അലിഖാന്റെ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ രണ്ടു സാറ ഉണ്ടായിരുന്നോ എന്ന് ആരാധകർക്ക് സംശയം തോന്നാം. കാരണം ഇപ്പോഴത്തെ രൂപത്തിൽ നിന്നും ഇരട്ടിയിലേറെ ശരീരഭാരമുണ്ടായിരുന്നു പഴയ സാറയ്ക്ക്. ഡയറ്റിലൂടെയും വ്യായാമത്തിലെയും ‘ഫാറ്റിൽ നിന്നും ഫിറ്റി’ലേക്ക് എത്തിയ സാറയുടെ പരിണാമം ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ, തന്റെ പഴയകാല വീഡിയോ പങ്കുവച്ച് വീണ്ടും അത്ഭുപ്പെടുത്തുകയാണ് സാറ.
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിനു മുൻപുള്ള സാറയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു വിമാനയാത്രയ്ക്കിടെ പകർത്തിയ വീഡിയോ ആണിത്. ഒറ്റനോട്ടത്തിൽ സാറ തന്നെയോ എന്ന് സംശയം തോന്നാം. ഇപ്പോള്‍ കാണുന്ന സാറയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമാണ് വീഡിയോയിലെ സാറ.
Read more: അച്ഛന്റെ രണ്ടാം വിവാഹത്തിന് തന്നെ ഒരുക്കി വിട്ടത് അമ്മയെന്ന് സാറാ അലി ഖാൻ
96 കിലോയോളമായിരുന്നു സാറയുടെ ശരീരഭാരം. സിനിമയിലെത്തും മുൻപ് ശരീരഭാരം കുറച്ചാണ് സാറാ ആദ്യം വാർത്തകളിൽ താരമായത്. ഇപ്പോൾ ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന സാറ തന്റെ വർക്ക് ഔട്ട് വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നമ്രത പുരോഹിത് എന്ന തന്റെ ട്രെയിനർക്കാണ് സാറ ഇപ്പോഴത്തെ രൂപത്തിൽ എത്തിയതിനുള്ള മുഴുവൻ ക്രെഡിറ്റും നൽകുന്നത്. 46 കിലോയോളമാണ് സാറ തന്റെ ശരീരഭാരം കുറച്ചത്.
ഇംതിയാസ് അലിയുടെ ‘ലവ് ആജ് കൽ’ ആണ് സാറായുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ഇതിനു പുറമേ വരുൺ ധവാൻ നായകനാവുന്ന ‘കൂലി നമ്പർ 1’ റീമേക്കിലും അഭിനയിക്കാൻ സാറ കരാറൊപ്പിട്ടിട്ടുണ്ട്.