നടിയും ബോളിവുഡിന്റെ പുതിയ സെൻസേഷനും സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലി ഖാൻ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ കുട്ടിക്കാലചിത്രമാണ് സാറാ ആരാധകരുമായി ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ കൊച്ചുകുട്ടിയ്ക്ക് സാറായുടെ അനിയനും സെയ്ഫ്- കരീന ദമ്പതികളുടെ മകനുമായ തൈമൂറിനോടുള്ള രൂപസാദൃശ്യമാണ് ആരാധകർ ചർച്ച ചെയ്യുന്നത്. കൊച്ചു സാറ തൈമൂറിനെ പോലെ തന്നെ ഇരിക്കുന്നു എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
സെയ്ഫിന്റെയും മുൻഭാര്യ അമൃത സിങ്ങിന്റെയും മക്കളാണ് സാറ. കഴിഞ്ഞ വർഷം ‘കേദാർനാഥ്’ സിനിമയിലൂടെ സുശാന്ത് സിങ് രാജ്പുതിന്റെ നായികയായാണ് ബി ടൗണിലേക്ക് സാറ എത്തിയത്. പിന്നീട് ‘സിംബ’ സിനിമയിൽ രൺവീർ സിങ്ങിന്റെ നായികയായി. വെറും രണ്ടു സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും സാറ വലിയൊരു ആരാധക കൂട്ടത്തിന്റെ ഹൃദയം കവർന്നിട്ടുണ്ട്. വരുൺ ധവാൻ നായകനാവുന്ന ‘കൂലി നമ്പർ 1’ ആണ് സാറയുടെ അടുത്ത സിനിമ. ഇംതിയാസ് അലിയുടെ ‘ലൗ ആജ് കൽ 2’ എന്ന ചിത്രത്തിലും സാറയുണ്ട്.
സിനിമയിലെത്തും മുൻപ് ശരീരഭാരം കുറച്ചാണ് സാറാ ആദ്യം വാർത്തകളിൽ താരമായത്. 96 കിലോയോളം ശരീരഭാരമുണ്ടായിരുന്ന സാറായുടെ മേക്ക് ഓവർ ആരെയും ഞെട്ടിക്കുന്നതാണ്. തന്റെ അമ്മ അമൃത സിംഗിനോപ്പം ഇരിക്കുന്ന ഒരു പഴയ ചിത്രം സാറാ പങ്കുവച്ചപ്പോൾ അത്ഭുതത്തോടെയാണ് ആരാധകർ ചിത്രം ഏറ്റെടുത്തത്. ഇപ്പോള്‍ കാണുന്ന സാറയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു രൂപത്തിലാണ് സാറാ ആ ചിത്രത്തില്‍ ഉള്ളത്. ഇരട്ടിയിലേറെ ശരീരഭാരം കുറച്ച് ‘ഫാറ്റില്‍ നിന്നും ഫിറ്റിലേക്കുള്ള’ സാറയുടെ യാത്രയെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.
Read more: അതിരുവിട്ട് ആരാധകൻ, സാറയുടെ കയ്യിൽ ബലമായി പിടിച്ച് ഉമ്മവച്ചു; വീഡിയോ