താനൊരു കരീന കപൂർ ഫാനാണെന്ന് തുറന്നു പറയുകയാണ് സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറാ അലിഖാൻ. തന്റെ ആറാം വയസ്സിലാണ് താൻ ‘കഭീ ഖുശി കഭീ ഹം’ കാണുന്നതെന്നും ആ ചിത്രം കണ്ട നാൾ മുതൽ കരീനയുടെ ഫാനായി മാറിയതാണ് താനെന്നുമാണ് സാറ പറയുന്നത്. “ഞാനൊരു കടുത്ത കരീന കപൂർ ആരാധികയായിരുന്നു. അതുകൊണ്ട് തന്നെ ‘കഭീ ഖുശി കഭീ ഹ’മ്മിലെ പൂ (കരീനയുടെ കഥാപാത്രം) എന്റെ സ്റ്റെപ്പ് മദറായി വരുമ്പോഴും ആ സർപ്രൈസ് നിലനിൽക്കുന്നുണ്ട്. ആളുകൾ പറയുന്നത്, ഞാൻ ആഗ്രഹിച്ചിട്ടാണ് അങ്ങനെ സംഭവിച്ചതെന്നാണ്. ശ്രീദേവി കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടമുള്ള നടി കരീനയാണ്, ഞാനൊരു കരീന കപൂർ ഫാനാണ്,” ഒരു മാഗസിൻ അഭിമുഖത്തിനിടെയായിരുന്നു സാറാ അലിഖാന്റെ പ്രതികരണം.
തനിക്ക് കരീനയെ സ്നേഹിക്കാനും സ്വീകരിക്കാനും കഴിയുന്നത് തന്റെ അമ്മ അമൃത സിംഗ് കാരണമാണെന്നും സാറാ കൂട്ടിച്ചേർത്തു. താനും കരീനയും തമ്മിൽ നല്ലൊരു ബന്ധം നിലനിർത്തുന്നതിന്റെ മുഴുവൻ ക്രെഡിറ്റും അമ്മ അമൃത സിംഗിനാണ് സാറാ നൽകുന്നത്. വീട്ടിൽ നല്ല അന്തരീക്ഷമുണ്ടെങ്കിൽ ബന്ധങ്ങളെ കുറിച്ചൊന്നും ആശയക്കുഴപ്പമുണ്ടാകില്ലെന്നാണ് സാറ വിശ്വസിക്കുന്നത്.

“ഈ ബന്ധങ്ങളിലെല്ലാം തന്നെ എല്ലാവർക്കും അവരുടേതായ വ്യക്തതയുണ്ട്. ഒരിക്കലും ഒരു ആശയക്കുഴപ്പം ഉണ്ടായിട്ടില്ല. കരീന അന്നും ഇന്നും എന്നോട് പറയുന്നത്: നോക്കൂ, നിനക്ക് ഒരു നല്ല അമ്മയുണ്ട്, ഞാനാഗ്രഹിക്കുന്നത് നീയുമായി ഒരു നല്ല സൗഹൃദമാണെന്നാണ്. എന്റെ അച്ഛനും ഒരിക്കലും ഇത് നിന്റെ രണ്ടാനമ്മയാണെന്ന് എന്നോട് പറഞ്ഞിട്ടില്ല. കരീന എന്നു വിളിക്കണോ കരീന ആന്റി എന്നു വിളിക്കണോ എന്നു ഞാൻ ആലോചിച്ചപ്പോൾ, നീ അവളെ ആന്റിയെന്നു വിളിക്കേണ്ട ആവശ്യമൊന്നുമില്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഈ ബന്ധങ്ങളിലൊന്നും തന്നെ യാതൊരു ആശയക്കുഴപ്പത്തിന്റെയും ആവശ്യമില്ല. എന്താണ് മറ്റുള്ളവർക്ക് വേണ്ടതെന്ന് മനസ്സിലാക്കി അതിനെ ബഹുമാനിക്കാൻ പഠിക്കൽ മാത്രമാണ് പ്രധാനം. ഞാനെന്റെ അച്ഛനെയും അമ്മയേയും നോക്കി കാണുകയാണ്, അവർ ഒന്നിച്ചായാൽ ഉണ്ടാകുമായിരുന്നതിനേക്കാൾ സന്തോഷം അവരിപ്പോൾ അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് ചുറ്റുമുള്ളവരും സന്തോഷവാന്മാരാണ്. എനിക്കിപ്പോൾ ആശ്വാസം തരുന്ന രണ്ടു വീടുകളുണ്ട്, അതൊരു വിജയം തന്നെയായി ഞാൻ കരുതുന്നു,” എന്നാണ് തന്റെ കുടുംബത്തെ കുറിച്ചും കരീനയുമായുള്ള അടുപ്പത്തെ കുറിച്ചും സാറ പ്രതികരിച്ചത്. സെയ്ഫ് അലിഖാനും കരീന കപൂറും തമ്മിലുള്ള വിവാഹത്തിന് തന്നെ അണിയിച്ചൊരുക്കി വിട്ടത് അമ്മ അമൃത സിങ്ങാണെന്നും മുൻപ് ‘കോഫി വിത്ത് കരൺ’ എന്ന ടെലിവിഷൻ ഷോയിൽ അതിഥിയായെത്തിയപ്പോൾ സാറ വെളിപ്പെടുത്തിയിരുന്നു.
1991 ൽ ‘ബേഖുഡി’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അഭിനേത്രിയായ അമൃത സിങ്ങിനെ സെയ്ഫ് അലിഖാൻ പരിചയപ്പെടുന്നതും ഇരുവരും വിവാഹിതരാവുന്നതും. സാറാ അലിഖാനെ കൂടാതെ ഈ ദമ്പതികൾക്ക് ഇബ്രാഹിം എന്ന ഒരു മകൻ കൂടിയുണ്ട്. 2004 ൽ സെയ്ഫും അമൃതയും ഔദ്യോഗികമായി വിവാഹമോചനം നേടി. പിന്നീട് 2012 ഒക്ടോബറിലാണ് കരീന കപൂറിനെ സെയ്ഫ് വിവാഹം ചെയ്യുന്നത്. അഞ്ചു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു സെയ്ഫിന്റെയും കരീനയുടെയും വിവാഹം.