ബോളിവുഡിൽ കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച സാറ അലി ഖാൻ റാംപിൽ ആദ്യമായി ചുവടുവച്ചു. എഫ്ഡിസിഐ ഇന്ത്യ കോച്വർ വീക്കിന്റെ ഭാഗമായുളള ഫാഷൻ റാംപിലാണ് സാറ എത്തിയത്. ഡിസൈനർ ലേബലായ ഫാൽഗുനി ഷെയ്ൻ പീകോക്കിനു വേണ്ടിയാണ് സാറ റാംപിലെത്തിയത്.

സാറയുടെ റാംപിലെ ആദ്യ ചുവടുവയ്പ് കാണാൻ താരത്തിന് ഇഷ്ടപ്പെട്ട മറ്റു രണ്ടുപേർ കൂടി എത്തിയിരുന്നു. സാറയുടെ കാമുകനെന്ന് പറയപ്പെടുന്ന നടൻ കാർത്തിക് ആര്യനും സാറയുടെ സഹോദരൻ ഇബ്രാഹിം അലി ഖാനും. കാണികൾക്കിടയിൽ ഇരുന്ന് റാംപിലെത്തിയ സാറയെ കൈയ്യടിച്ച് പ്രോൽസാഹിപ്പിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഫാൽഗുനി ഷെയ്ൻ പീകോക്കിന്റെ ബോൻജോർ അജ്മർ കളക്ഷനിൽനിന്നുളള കല്ലുകൾ പതിപ്പിച്ച എംബ്രോയിഡറി വർക്കുകൾ ചെയ്ത ലെഹങ്കയായിരുന്നു സാറ​ ധരിച്ചത്. ലെഹങ്കയിൽ വളരെ സുന്ദരിയായിരുന്നു സാറ.

സാറയെയും കാർത്തിക്കിനെയും ഒരുമിച്ച് പൊതുവിടങ്ങളിൽ കാണാൻ തുടങ്ങിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നത്. ലക്‌നൗവിൽ ഇരുവരും പരസ്പരം കൈകോർത്ത് നടക്കുന്ന ചിത്രങ്ങൾ ഇത് സ്ഥിരീകരിക്കുന്നതായി. ഇതിനുപിന്നാലെയാണ് ഇപ്പോൾ സാറയുടെ റാംപ് വാക്ക് കാണാൻ കാർത്തിക് എത്തിയത്. സാറയും കാർത്തിക്കും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണ് ലവ് ആജ് കൽ 2. 2020 ൽ വാലന്റൈൻസ് ദിനത്തിലാണ് ചിത്രം റിലീസിനെത്തുക.

തന്റെ ആദ്യ റാംപ് വാക്കിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഉളളിൽ ഭയമുണ്ടായിരുന്നുവെന്നാണ് സാറ പ്രതികരിച്ചത്. ”റാംപിൽ നടക്കുന്നത് ഇതാദ്യമാണ്. ഭയമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഞാൻ പറഞ്ഞാൽ അത് വലിയ കളളമായിരിക്കും. ഞാൻ ശരിക്കും അസ്വസ്ഥയായിരുന്നു. അതോടൊപ്പം തന്നെ ഒരുപാട് രസകരവുമായിരുന്നു.”

2018 ൽ കേദാർനാഥ് എന്ന ചിത്രത്തിലൂടെയാണ് സെയ്ഫ് അലി ഖാന്റെ മകൾ സാറ ബോളിവുഡിലെത്തിയത്. അതേ വർഷം തന്നെ രൺവീർ സിങ് നായകനായ സിംബയിലും അഭിനയിച്ചു. കാർത്തിക് ആര്യനൊപ്പമുളള ലവ് ആജ് കൽ 2 വിനു പുറമേ വരുൺ ധവാൻ നായകനാവുന്ന കൂലി നമ്പർ 1 റീമേക്കിലും അഭിനയിക്കാൻ സാറ കരാറൊപ്പിട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook