ബോളിവുഡിലെ ന്യൂജെൻ താരങ്ങളിൽ ഏറെ ആരാധകരുളള നടിയാണ് സാറ അലി ഖാൻ. ആരാധകരോട് സാറ കാണിക്കുന്ന സ്നേഹവും എടുത്തു പറയേണ്ടതാണ്. പൊതുവിടങ്ങളിൽ തനിക്കു ചുറ്റും കൂടുന്ന ആരാധകരെ സാറ ഒരിക്കലും നിരാശപ്പെടുത്താറില്ല. ഫൊട്ടോ പകർത്തിയും ഓട്ടോഗ്രാഫ് നൽകിയും സന്തോഷത്തോടെയാണ് ആരാധകരെ സാറ മടക്കി അയയ്ക്കാറുളളത്.
പക്ഷേ ഇന്നലെ ഒരു ആരാധകനിൽനിന്നും വളരെ മോശം അനുഭവമാണ് സാറയ്ക്ക് ഉണ്ടായത്. പതിവുപോലെ ജിമ്മിൽ എത്തിയതായിരുന്നു സാറ. ജിമ്മിൽനിന്നിറങ്ങി കാറിൽ കയറാൻ തുടങ്ങുമ്പോഴേക്ക് സാറയ്ക്കു ചുറ്റും ആരാധകർ കൂടി. സാറയാകട്ടെ അവർക്കൊപ്പം ചിരിച്ചുനിന്നുകൊണ്ട് ഫൊട്ടോയ്ക്ക് പോസ് ചെയ്തു. ഇതിനിടയിലാണ് ഒരു ആരാധകൻ സാറയ്ക്ക് ഹസ്തദാനം നൽകാനായി മുന്നോട്ടുവന്നത്. സാറയാകട്ടെ കൈനീട്ടുകയും ചെയ്തു. പെട്ടെന്നാണ് ആരാധകൻ സാറയുടെ കൈയ്യിൽ ഉമ്മ വച്ചത്. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥൻ അയാളെ അവിടെനിന്നു മാറ്റുകയും ചെയ്തു. അപ്രതീക്ഷിതമായി ആരാധകനിൽനിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടും സാറ സൗമ്യമായ രീതിയിലാണ് പ്രതികരിച്ചത്. അവിടെനിന്നും പോകാതെ മറ്റു ആരാധകർക്കൊപ്പം നിന്നു ഫൊട്ടോ പകർത്തിയശേഷമാണ് മടങ്ങിയത്.
മാലിദ്വീപിൽ അമ്മ അമൃത സിങ്ങിനും സഹോദരൻ ഇബ്രാഹിം അലി ഖാനുമൊപ്പം വെക്കേഷൻ ആഘോഷിച്ചശേഷം ഈ ആഴ്ച ആദ്യമാണ് സാറ മുംബൈയിൽ മടങ്ങിയെത്തിയത്. വെക്കഷനിൽനിന്നുളള നിരവധി ചിത്രങ്ങൾ സാറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
സെയ്ഫ് അലി ഖാന്റെ മകളായ സാറ 2018 ൽ പുറത്തിറങ്ങിയ ‘കേദാർനാഥ്’ സിനിമയിലൂടെയാണ് ബോളിവുഡിലെത്തിയത്. അതിനുശേഷം രൺവീർ സിങ്ങിന്റെ നായികയായി ‘സിംബ’ ചിത്രത്തിൽ അഭിനയിച്ചു. ‘കൂലി നമ്പർ 1’ ആണ് സാറയുടെ ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം. വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ.