ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനുളള ഒരുക്കത്തിലാണ് നടൻ സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാൻ. സാറയുടെ ആദ്യ ചിത്രം ‘കേദാർനാഥി’ന്റെ ചിത്രീകരണം ഉടൻ തുടങ്ങും. സാറയ്ക്ക് പൂർണ പിന്തുണയുമായി അമ്മ അമൃത സിങ് ഒപ്പമുണ്ട്. പക്ഷേ അച്ഛൻ സെയ്ഫ് അലി ഖാൻ മകളുടെ ബോളിവുഡ് അരങ്ങേറ്റത്തിൽ അത്ര സന്തുഷ്ടനല്ല. സിനിമാ ജീവിതം കരിയറായി തിരഞ്ഞെടുത്തതിനെക്കാളും കുറച്ചുകൂടി സ്ഥിരതയുളള പ്രൊഫഷൻ സാറ തിരഞ്ഞെടുക്കണം എന്നായിരുന്നു സെയ്ഫ് പറയുന്നത്.

ടടഎന്തിനാണ് സാറ അഭിനയം തിരഞ്ഞെടുത്തത്? ന്യൂയോർക്കിലാണ് അവൾ പഠിക്കുന്നത്. പഠനം പൂർത്തിയായശേഷം അവിടെതന്നെ ജോലി ചെയ്ത് ജീവിക്കാൻ അവൾക്ക് ആഗ്രഹിച്ചുകൂടേ? എന്തിനാണ് സിനിമ മേഖലയിലേക്ക് വരുന്നത്. അഭിനയം കരിയറായി തിരഞ്ഞെടുക്കുന്നതിനെ ഞാൻ തരംതാഴ്ത്തുന്നതല്ല, ഇതിലും മികച്ച പ്രൊഫഷൻ അവൾക്ക് ലഭിക്കും. സിനിമയിൽ എല്ലാവരും നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നത്. അവിടെ നിങ്ങളുടെ സിനിമ വിജയിച്ചില്ലെങ്കിൽ നിങ്ങൾക്ക് അവിടെ തുടരാനാവില്ല. നിങ്ങൾ പിന്നെ അവിടെ ഉണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല. ഇതല്ല ജീവിതം, ഒരു മാതാപിതാക്കളും തങ്ങളുടെ മക്കൾ സിനിമ കരിയറായി എടുക്കണമെന്ന് ആഗ്രഹിക്കാറില്ല”- അടുത്തിടെ ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ 46 കാരനായ സെയ്ഫ് പറഞ്ഞു.

സാറ എപ്പോഴും അഭിനേത്രിയാവണമെന്നാണ് ആഗ്രഹിച്ചിരുന്നതായും സെയ്ഫ് അഭിമുഖത്തിൽ പറഞ്ഞു. ”വർഷങ്ങൾക്കു മുൻപ് സ്റ്റേജ് പ്രോഗ്രാമിനായി വിദേശത്ത് പോയി. സ്റ്റേജിൽ സൽമാനും മറ്റു നടന്മാർക്കും ഒപ്പമായിരുന്നു ഞാൻ. ആ സമയത്ത് സ്റ്റേജിലെ കർട്ടനു പുറകിൽനിന്ന് സാറ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അവൾക്കും ഞങ്ങളെപ്പോലെ സ്റ്റേജിനു മുന്നിൽ നിൽക്കാനാണ് ഇഷ്ടമെന്ന് പിന്നീട് എനിക്ക് മനസ്സിലായി. സ്റ്റേജിൽ നിൽക്കുമ്പോൾ ജനങ്ങൾ അവളുടെ പേര് ഉച്ചത്തിൽ വിളിക്കണമെന്നും അവൾ ആഗ്രഹിച്ചിരുന്നു”- സെയ്ഫിന്റെ വാക്കുകൾ

ബോളിവുഡിലേക്കുളള അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് സാറ തന്നോട് ഒന്നും സംസാരിച്ചിരുന്നില്ലെന്നും സെയ്ഫ് വ്യക്തമാക്കി. ”എന്നോട് സാറയ്ക്ക് എന്തിനെക്കുറിച്ചും സംസാരിക്കുകയോ ചോദിക്കുകയോ ചെയ്യാം. സാറ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം. മറ്റെല്ലാത്തിനെക്കുറിച്ചും സംസാരിക്കുന്നതുപോലെ സിനിമയെക്കുറിച്ചും ഞങ്ങൾ സംസാരിക്കാറുണ്ടെ”ന്നും സെയ്ഫ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ