ധനുഷ് വീണ്ടും ബോളിവുഡിലേക്ക്. ആനന്ദ് എൽ.റായ് സംവിധാനം ചെയ്യുന്ന ‘ആഡ്‌രംഗി രേ’ എന്ന ചിത്രത്തിൽ സാറ അലി ഖാനാണ് ധനുഷിന്റെ നായികയാവുന്നത്. അക്ഷയ് കുമാർ ഒരു പ്രധാന റോളിൽ ചിത്രത്തിലുണ്ട്. ദേശീയ പുരസ്കാര ജേതാവായ ഹിമാൻഷു ശർമയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. എ.ആർ.റഹ്മാനാണ് സംഗീതം.
2019 ൽ ധനുഷ് ആനന്ദ് എൽ.റായുമായി കൈകോർക്കുന്നതിനെക്കുറിച്ച് അറിയിച്ചിരുന്നു. പക്ഷേ പിന്നീട് ഇതിനെക്കുറിച്ചുളള വിവരങ്ങളൊന്നും അറിയിച്ചില്ല. ആനന്ദുമായുളള ധനുഷിന്റെ രണ്ടാമത്തെ ചിത്രമാണിത്. 2013 ൽ പുറത്തിറങ്ങിയ ആനന്ദിന്റെ ‘രാഞ്ജന’ എന്ന ചിത്രത്തിൽ ധനുഷ് നായകനായിട്ടുണ്ട്. സോനം കപൂറായിരുന്നു ചിത്രത്തിലെ നായിക.
‘ലൗ ആജ് കൽ’ സിനിമയ്ക്കുശേഷം സാറ അലി ഖാൻ നായികയാവുന്ന സിനിമയാണ് ‘ആഡ്‌രംഗി രേ’. ചിത്രത്തെക്കുറിച്ചുളള വിവരങ്ങളും ധനുഷിനും അക്ഷയ്ക്കും ഒപ്പമുളള ചിത്രങ്ങളും സാറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആനന്ദ് എൽ.റായ്ക്കൊപ്പം അക്ഷയ് കൈകോർക്കുന്നത് ഇതാദ്യമാണ്. ”ആനന്ദ് കഥ പറഞ്ഞതും 10 മിനിറ്റിനുളളിൽ ഞാൻ യെസ് പറഞ്ഞു. ചിത്രത്തിൽ വളരെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമാണ് എന്റേത്. അതേസമയം, വളരെ സ്‌പെഷ്യലായ റോളും. അതിനാൽ തന്നെ നോ പറയാൻ എന്റെ ഹൃദയം അനുവദിച്ചില്ല. എന്റെ കരിയറിൽ എന്നെന്നും ഓർത്തിരിക്കുന്നൊരു കഥാപാത്രമായിരിക്കും” അക്ഷയ് കുമാർ പറഞ്ഞു.
Read Also: രണ്ടും ഒരാൾ തന്നെയോ; സാറ അലിഖാന്റെ പഴയ വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ
ഇത്തരമൊരു വേഷം ചെയ്യാൻ അക്ഷയ് പോലുള്ളൊരു നടൻ വേണം. എപ്പോഴും വെല്ലുവിളികൾ ഏറ്റെടുക്കുന്ന നടനാണ് അദ്ദേഹമെന്നാണ് സംവിധായകൻ ആനന്ദ് പറഞ്ഞത്. ധനുഷും സാറയും ജോഡിയാകുന്നത് വളരെ മനോഹരമായിരിക്കും. ഇരുവരും ഒരുമിച്ച് ബിഗ് സ്ക്രീനിലെത്തുമ്പോൾ ആരാധകർക്ക് അതൊരു പുതുമയായിരിക്കുമെന്നും സംവിധായകൻ പറഞ്ഞു.
ഭൂഷൻ കുമാറാണ് ചിത്രത്തിന്റെ നിർമാതാവ്. മാർച്ച് 1 നാണ് ‘ആഡ്‌രംഗി രേ’ ചിത്രീകരണം തുടങ്ങുക. 2021 ഫെബ്രുവരി 14 ന് വാലന്റെൻസ് ദിനത്തിലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.