ഏറെ നിരൂപക പ്രശംസ നേടിയ മലയാള ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ച’ന്റെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ കേന്ദ്രകഥാപാത്രമായി എത്തുന്നത് സന്യ മൽഹോത്ര. ആരതി കഡവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹർമൻ ബവേജയാണ് ചിത്രം നിർമ്മിച്ചത്.
“ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഹിന്ദി റീമേക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും ആവേശവും. കാത്തിരിക്കാൻ വയ്യ,” എന്നാണ് സന്യ മൽഹോത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കഴിഞ്ഞ വർഷം ഓടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഏറെ നിരൂപകപ്രശംസ നേടിയ ചിത്രം വലിയ രീതിയിൽ ചർച്ചയായിരുന്നു.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ് റീമേക്കും നിർമ്മാണത്തിലാണ്. ഐശ്വര്യ രാജേഷും രാഹുൽ രവീന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് ആർ കണ്ണനാണ്.
ലവ് ഹോസ്റ്റൽ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് സന്യ മൽഹോത്ര. ഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും ദൃശ്യം ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ശങ്കർ രാമൻ സിനിമയിൽ ബോബി ഡിയോൾ, വിക്രാന്ത് മാസി എന്നിവരും അഭിനയിക്കുന്നുണ്ട്.