scorecardresearch

ആത്മഹത്യയെ കുറിച്ചു വരെ ചിന്തിച്ചു; വിഷാദനാളുകളെ കുറിച്ച് സനുഷ

ഞാന്‍ പോയാൽ അനിയന് ആര് എന്ന ചി‌ന്തയാണ് ആത്മഹത്യ ചെയ്യണമെന്ന പ്രേരണയിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചത്

Sanusha, Sanusha video, Sanusha depression

ലോക്ക്ഡൗൺകാലത്ത് പലതരം മാനസിക സംഘർഷങ്ങളിലൂടെയാണ് ആളുകൾ കടന്നുപോവുന്നത്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുമ്പോൾ വിഷാദരോഗവും മാനസിക പിരിമുറുക്കവുമൊക്കെ അനുഭവിക്കുന്നവർ ഏറെയാണ്. താൻ കടന്നു പോയ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും വിഷാദത്തെ കുറിച്ചും സംസാരിക്കുകയാണ് നടി സനുഷ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കടന്നുപോയ വിഷാദ ദിനങ്ങളെ കുറിച്ച് സനുഷ മനസ്സു തുറന്നത്.

‘ഒരു സമയത്ത് എനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്തത് എന്റെ ചിരിയായിരുന്നു. കൊറോണ തുടങ്ങിയ സമയം എന്നെ സംബന്ധിച്ച്, വ്യക്തിപരമായും ജോലി പരമായും വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. ആരോടും ഒന്നും സംസാരിക്കാൻ തോന്നിയില്ല. എന്താണ് പറയേണ്ടത് എന്നറിയില്ല. എന്റെ ഉള്ളിലെ ഇരുട്ട്, പേടിപെടുത്തുന്ന നിശബ്ദത ഒന്നും എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു. പാനിക് അറ്റാക്ക്, ടെൻഷൻ ഒക്കെ അനുഭവിച്ചു. ഒന്നിനോടും താൽപ്പര്യമില്ലായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാനെന്തെങ്കിലും തെറ്റ് ചെയ്തു പോവുമോ എന്നായി. ആത്മഹത്യയെ കുറിച്ച് കുറേ ചിന്തിച്ചു.”

“ഞാൻ വല്ലാതെ ഭയന്നു. ഓടിപ്പോവുക എന്നായിരുന്നു എന്റെ മുന്നിലുള്ള ഏകമാർഗം. ഞാനെന്റെ കാർ എടുത്തു ഇറങ്ങി. വളരെ ക്ലോസ് ആയുള്ള ഒരാളെ മാത്രം വിളിച്ചു. എനിക്ക് കുറച്ചു ദിവസം ഒന്നു മാറി നിൽക്കണം എന്നു പറഞ്ഞു. വയനാട്ടിലേക്ക് പോയി. നിങ്ങൾ ചിരിച്ചും കളിച്ചും കണ്ട ചിത്രങ്ങളെല്ലാം വല്ലാത്തൊരവസ്ഥയിലൂടെ കടന്നു പോവുമ്പോൾ എടുത്തതാണ്.” സനൂഷ പറഞ്ഞു.

Read more: നാല് വർഷമായി വിഷാദത്തോട് പോരാടുന്നു; തുറന്നു പറഞ്ഞ് ആമിർ ഖാന്റെ മകൾ

“വീട്ടിൽ പറയാനും എനിക്ക് പേടിയായിരുന്നു. മെന്റൽ ഹെൽത്തിനു വേണ്ടി സഹായം ചോദിക്കുമ്പോൾ, സൈക്കോളജിസ്റ്റിനിയോ സൈക്കാർട്ടിസ്റ്റിനിയോ കാണുന്നത് എല്ലാം പലരും ഇപ്പോഴും മോശം കാര്യമായാണ് കാണുന്നത്. ആരോടും പറയാതെ ഞാനോരു ഡോക്ടറുടെ സഹായം തേടി. മരുന്നുകൾ കഴിച്ചുതുടങ്ങി.”

“ആ സമയത്ത് ഞാൻ എല്ലാ കാര്യങ്ങളും പങ്കുവെച്ചത് അനിയനോടാണ്. എന്നെ പിടിച്ചുനിർത്തിയൊരു ഘടകം അവനാണ്. ഞാന്‍ പോയാൽ അവനാര് എന്ന ചി‌ന്തയാണ് ആത്മഹത്യയിൽ നിന്നും എന്നെ പിന്തിരിപ്പിച്ചത്. യോഗ, ഡാൻസ്, യാത്രകൾ മനസ്സിനിഷ്ടമുള്ള കാര്യങ്ങൾ ചെയ്തു തിികെ വരാൻ ശ്രമിച്ചു. ഇപ്പോൾ മെഡിക്കേഷൻ ഒക്കെ നിർത്തി. ജീവിതത്തെ വീണ്ടും സ്നേഹിക്കാൻ തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. എന്നെക്കുറിച്ച് ഇപ്പോഴെനിക്ക് അഭിമാനം തോന്നുന്നുണ്ട്, വിട്ടുകൊടുക്കാതിരുന്നതിന്.”

വിഷാദാവസ്ഥകളിലൂടെ കടന്നുപോവുന്നവർക്കുള്ള ഒരു സന്ദേശം നൽകി കൊണ്ടാണ് സനൂഷ വീഡിയോ അവസാനിപ്പിക്കുന്നത്. “സഹായം തേടുന്നതിൽ മടി കാണിക്കാതിരിക്കുക. നമുക്ക് പ്രിയപ്പെട്ടവരോട് പറയാൻ പറ്റാത്ത കാര്യങ്ങൾ ചിലപ്പോൾ അപരിചിതനായ ഒരു ഡോക്റോട് തുറന്ന് പറയാൻ സാധിച്ചേക്കാം.”

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sanusha talk about her depression days