സഹോദരൻ സനൂപിനൊപ്പം ഒന്നിച്ച് ആദ്യമായി അഭിനയിക്കാൻ ടെൻഷനുണ്ടെന്ന് സനുഷ സന്തോഷ്. സനുഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് കൗതുകമുണർത്തുന്നു.
“എല്ലാവരും എപ്പോഴും ചോദിക്കാറുണ്ട്, നിങ്ങൾ എപ്പോഴാണ് ഒന്നിച്ച് വർക്ക് ചെയ്യുകയെന്ന്. എന്റെ കുഞ്ഞനിയൻ സനൂപിനൊപ്പം ഒന്നിച്ച് വർക്ക് ചെയ്യുക എന്നത് എന്റെയും ഡ്രീമാണ്. അവനൊപ്പം അഭിനയിക്കുമ്പോൾ ഒരേ സമയം കൗതുകവും ചെറിയ ടെൻഷനുമുണ്ട്. എന്നെക്കാൾ നന്നായി അവന് അവന്റെ ജോലി ചെയ്യാൻ അറിയാമെന്നതു കൊണ്ടുതന്നെ. ഇതെന്നെ സംബന്ധിച്ച് തീർത്തും ചലഞ്ചിംഗായ ഒന്നാണ്,” സനുഷ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.
സഹോദരങ്ങളായ സനുഷയും സനൂപും ആദ്യമായി ഒന്നിച്ച് വർക്ക് ചെയ്യുന്നത് സംവിധായകൻ റോജിൻ തോമസിന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ്. സനൂപിനും റോജിനുമൊപ്പം നിൽക്കുന്ന ഫോട്ടോയും സനുഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നീല്‍ ഡി കുന്‍ഹയാണ്. രാഹുല്‍ സുബ്രഹ്മണ്യമാണ് ഈ ചിത്രത്തിനു വേണ്ടിയും ഗാനങ്ങളൊരുക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.
മലയാളത്തില്‍ സര്‍പ്രൈസ് വിജയം നേടിയ ‘ഫിലിപ്‌സ് ആന്‍ഡ് ദ മങ്കിപെന്‍’ എന്ന ചിത്രത്തിനു ശേഷം മങ്കിപെൻ ടീം ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ജയസൂര്യയുമായി വീണ്ടുമൊന്നിക്കുന്നു എന്നു മുൻപ് വാർത്തകളുണ്ടായിരുന്നു. ‘മങ്കിപെന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയാണ്. ആട്-2 വിനു ശേഷം ഫ്രൈഡേ ഫിലിംസും ജയസൂര്യയും ഒപ്പം ചേരുന്നു. സിനിമ ഉടന്‍ ആരംഭിക്കും’ എന്ന് വിജയ് ബാബു തന്നെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.
ബാലതാരമായി മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചവരാണ് സനുഷയും സനൂപും. കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ സനുഷ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചതിനു ശേഷം ‘നാളൈ നമതെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. ‘ഇഡിയറ്റ്സി’ലും സനുഷ തന്നെയായിരുന്നു നായിക. ‘സക്കറിയായുടെ ഗർഭിണികൾ’ എന്ന ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടി.
‘കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട’, മാട്രിമോണിയൽ ഫോട്ടോയ്‌ക്ക് സനുഷയുടെ കമന്റ്
‘ഫിലിപ്സ് ആന്റ് ദ മങ്കിപെൻ’ എന്ന ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം സ്വന്തമാക്കി കൊണ്ടാണ് സനൂപ് തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ‘ഭാസ്ക്കർ ദ റാസ്ക്കലി’ലും ‘ജോ ആന്റ് ദി ബോയി’ലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയും സനൂപ് അവതരിപ്പിച്ചു.