ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയ കഥയാണ് കാവ്യ മാധവനും സനുഷയ്ക്കും പറയാനുള്ളത്. മലബാറിലെ ഗ്രാമീണ അന്തരീക്ഷത്തിൽ നിന്നെത്തി അഭിനയത്തിന്റെ ലോകത്ത് തന്റേതായ ഇടം നേടിയ അഭിനേതാക്കളാണ് രണ്ടുപേരും. ഇപ്പോഴിതാ, കാവ്യയെ കുറിച്ച് സനുഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“പെരുമഴക്കാലം സിനിമ കഴിഞ്ഞ ഉടനെ എടുത്ത ചിത്രമാണിത്. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ അവർ എന്റെ അമ്മയുടെ നാട്ടുകാരിയാണ്, നീലേശ്വരം. ഒരേ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ചിലർക്കിടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ലെന്ന് അഭിമാനത്തോടെ ഞാൻ പറയും. കാണുമ്പോഴെല്ലാം എന്നോടും അനിയനോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന, ഒരു സഹോദരിയെ പോലെയെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ. ഇപ്പോഴും അതുപോലെ തന്നെ.”
“ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ എല്ലായ്പ്പോഴും മനസ്സിൽ സൂക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒന്നാണത്. എല്ലായ്പ്പോഴും വിനയാന്വിതനായിരിക്കുകയും, നിങ്ങളുടേതായ രീതിയിൽ കഴിവുകളുള്ള ഓരോ വ്യക്തിയെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.” സനുഷ കുറിക്കുന്നു.
Read more: ‘കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട’, മാട്രിമോണിയൽ ഫോട്ടോയ്ക്ക് സനുഷയുടെ കമന്റ്
‘കാഴ്ച’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ സനുഷ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചതിനു ശേഷം ‘നാളൈ നമതെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. ‘ഇഡിയറ്റ്സി’ലും സനുഷ തന്നെയായിരുന്നു നായിക.
സനുഷയുടെ സഹോദരൻ സനൂപും ചേച്ചിയുടെ വഴിയെ സിനിമയിലെത്തിയ കുട്ടിത്താരമാണ്. ‘ഫിലിപ്സ് ആന്റ് ദ മങ്കിപെൻ’ എന്ന ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം സനൂപ് സ്വന്തമാക്കിയിരുന്നു. ‘ഭാസ്ക്കർ ദ റാസ്ക്കലി’ലും ‘ജോ ആന്റ് ദി ബോയി’ലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയും സനൂപ് അവതരിപ്പിച്ചു.
അടുത്തിടെ ലോക്ക്ഡൗൺ കാലത്ത് താൻ കടന്നുപോയ ഡിപ്രഷനെ കുറിച്ച് തുറന്നു പറഞ്ഞ സനുഷയുടെ വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കടന്നുപോയ വിഷാദ ദിനങ്ങളെ കുറിച്ച് സനുഷ മനസ്സു തുറന്നത്.
‘ഒരു സമയത്ത് എനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്തത് എന്റെ ചിരിയായിരുന്നു. കൊറോണ തുടങ്ങിയ സമയം എന്നെ സംബന്ധിച്ച്, വ്യക്തിപരമായും ജോലി പരമായും വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. ആരോടും ഒന്നും സംസാരിക്കാൻ തോന്നിയില്ല. എന്താണ് പറയേണ്ടത് എന്നറിയില്ല. എന്റെ ഉള്ളിലെ ഇരുട്ട്, പേടിപെടുത്തുന്ന നിശബ്ദത ഒന്നും എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു. പാനിക് അറ്റാക്ക്, ടെൻഷൻ ഒക്കെ അനുഭവിച്ചു. ഒന്നിനോടും താൽപ്പര്യമില്ലായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാനെന്തെങ്കിലും തെറ്റ് ചെയ്തു പോവുമോ എന്നായി. ആത്മഹത്യയെ കുറിച്ച് കുറേ ചിന്തിച്ചു.”
“ഞാൻ വല്ലാതെ ഭയന്നു. ഓടിപ്പോവുക എന്നായിരുന്നു എന്റെ മുന്നിലുള്ള ഏകമാർഗം. ഞാനെന്റെ കാർ എടുത്തു ഇറങ്ങി. വളരെ ക്ലോസ് ആയുള്ള ഒരാളെ മാത്രം വിളിച്ചു. എനിക്ക് കുറച്ചു ദിവസം ഒന്നു മാറി നിൽക്കണം എന്നു പറഞ്ഞു. വയനാട്ടിലേക്ക് പോയി. നിങ്ങൾ ചിരിച്ചും കളിച്ചും കണ്ട ചിത്രങ്ങളെല്ലാം വല്ലാത്തൊരവസ്ഥയിലൂടെ കടന്നു പോവുമ്പോൾ എടുത്തതാണ്.” സനൂഷ പറഞ്ഞു.
Read more: നാല് വർഷമായി വിഷാദത്തോട് പോരാടുന്നു; തുറന്നു പറഞ്ഞ് ആമിർ ഖാന്റെ മകൾ
“വീട്ടിൽ പറയാനും എനിക്ക് പേടിയായിരുന്നു. മെന്റൽ ഹെൽത്തിനു വേണ്ടി സഹായം ചോദിക്കുമ്പോൾ, സൈക്കോളജിസ്റ്റിനിയോ സൈക്കാർട്ടിസ്റ്റിനിയോ കാണുന്നത് എല്ലാം പലരും ഇപ്പോഴും മോശം കാര്യമായാണ് കാണുന്നത്. ആരോടും പറയാതെ ഞാനോരു ഡോക്ടറുടെ സഹായം തേടി. മരുന്നുകൾ കഴിച്ചുതുടങ്ങി.”
“ആ സമയത്ത് ഞാൻ എല്ലാ കാര്യങ്ങളും പങ്കുവെച്ചത് അനിയനോടാണ്. എന്നെ പിടിച്ചുനിർത്തിയൊരു ഘടകം അവനാണ്. ഞാന് പോയാൽ അവനാര് എന്ന ചിന്തയാണ് ആത്മഹത്യയിൽ നിന്നും എന്നെ പിന്തിരിപ്പിച്ചത്. യോഗ, ഡാൻസ്, യാത്രകൾ മനസ്സിനിഷ്ടമുള്ള കാര്യങ്ങൾ ചെയ്തു തിികെ വരാൻ ശ്രമിച്ചു. ഇപ്പോൾ മെഡിക്കേഷൻ ഒക്കെ നിർത്തി. ജീവിതത്തെ വീണ്ടും സ്നേഹിക്കാൻ തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. എന്നെക്കുറിച്ച് ഇപ്പോഴെനിക്ക് അഭിമാനം തോന്നുന്നുണ്ട്, വിട്ടുകൊടുക്കാതിരുന്നതിന്.”
വിഷാദാവസ്ഥകളിലൂടെ കടന്നുപോവുന്നവർക്കുള്ള ഒരു സന്ദേശം നൽകി കൊണ്ടാണ് സനൂഷ വീഡിയോ അവസാനിപ്പിക്കുന്നത്. “സഹായം തേടുന്നതിൽ മടി കാണിക്കാതിരിക്കുക. നമുക്ക് പ്രിയപ്പെട്ടവരോട് പറയാൻ പറ്റാത്ത കാര്യങ്ങൾ ചിലപ്പോൾ അപരിചിതനായ ഒരു ഡോക്റോട് തുറന്ന് പറയാൻ സാധിച്ചേക്കാം.”