എത്രവർഷം കഴിഞ്ഞാലും പ്രിയപ്പെട്ടതായി തുടരുന്ന ചില സിനിമകൾ ഉണ്ടാകും. അതിലൊന്നാണ് ‘ഇരുവർ.’ തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി ആറിന്റെയും കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതം ആസ്‌പദമായൊരുക്കിയ ചിത്രം ഇന്നും പ്രേക്ഷകമനസ്സില്‍ മായാതെ നില്‍ക്കുന്ന ചിത്രങ്ങളിലൊന്നാണ്.
മോഹൻലാലിന്റെയും പ്രകാശ് രാജിന്റെയും അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സമ്മാനിച്ച ഈ പൊളിറ്റിക്കല്‍ ഡ്രാമയിലൂടെയായിരുന്നു ഐശ്വര്യറായ് എന്ന അഭിനേത്രി അരങ്ങേറ്റം കുറിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛയാഗ്രഹണം നിർവഹിച്ചത് സന്തോഷ് ശിവൻ ആയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ രസകരമായ ഒരു സംഭവം പങ്കുവക്കുകയാണ് സന്തോഷ് ശിവൻ.
പ്രകാശ് രാജും തബുവും നിലത്തു കിടന്ന് സംസാരിക്കുന്ന ഏറെ നിരൂപക പ്രശംസ നേടിയ ഒരു ഷോട്ടിനിടയിലുണ്ടായ രസകരമായ സംഭവമാണ് സന്തോഷ് ശിവൻ പറഞ്ഞത്. ടോപ്പ് ആംഗിൾ സീൻ ഷൂട്ട് ചെയ്യാൻ നേരം വിയർപ്പ് തബുവിന്റെ ശരീരത്തിലേക്ക് വീണതും അതിന് തബു പരാതി പറഞ്ഞതുമാണ് സന്തോഷ് ശിവൻ പങ്കുവച്ചത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ശിവൻ ഇക്കാര്യം പറഞ്ഞത്.

“അന്ന് ഇന്നത്തെ അത്രയും ടെക്‌നിക്കൽ ഡെവലപ്മെന്റ്‌സുകൾ ഒന്നുമില്ല, അപ്പോൾ അറക്കല് പോലൊരു സംഭവത്തിൽ ക്യാമറയൊക്കെ കെട്ടിവച്ച് ഒക്കെയാണ് ഷൂട്ട് ചെയ്തത്. ഫോക്കസ് ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായി. ഞാൻ ആണെങ്കിൽ അതിന്റെ മുകളിൽ ഇരുന്ന് വിയർത്തു ഒലിക്കുകയാണ്. അപ്പോൾ തബു പറഞ്ഞു വിയർപോകെ എന്റെ ഇവിടെയാണ് വീഴുന്നത്. ഇന്നത്തെ കാലത്ത് ആണെങ്കിൽ ഏതൊക്കെ എളുപ്പമാണ് എന്നാൽ അങ്ങനെ ഒക്കെ എടുക്കുമ്പോൾ ആണ് ഇമ്പ്രോവൈസ് ചെയ്യാൻ കഴിയുക,” സന്തോഷ് ശിവൻ പറഞ്ഞു.
1997ല്‍ ആണ് ‘ഇരുവർ’ റിലീസ് ചെയ്തത്. തമിഴക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ എം ജി ആര്‍, കരുണാനിധി ദ്വയത്തിന്റെ ആദ്യ കാല ചരിത്രം പറഞ്ഞ സിനിമയില്‍ എം ജി രാമചന്ദ്രനായി മോഹന്‍ലാലും കരുണാനിധിയായി പ്രകാശ് രാജുമെത്തിയപ്പോൾ ജയലളിതയുമായി സാമ്യമുള്ള കഥാപാത്രത്തെയാണ് ഐശ്വര്യാ റായ് അവതരിപ്പിച്ചത്. സെന്താമര എന്ന കഥാപാത്രത്തെയാണ് തബു അവതരിപ്പിച്ചത്. തനിക്കു ഏറ്റവും സംതൃപ്തി തന്ന ചിത്രം ‘ഇരുവർ’ ആണെന്ന് സംവിധായകനും സിനിമോട്ടോഗ്രാഫറുമായ സന്തോഷ് ശിവൻ നേരത്തെ പറഞ്ഞിട്ടുണ്ട്.
Also Read: കുഞ്ഞ് ദാവീദിന് ആശംസകളുമായി നിവിൻ പോളി