പ്രശസ്ത സിനിമാട്ടോഗ്രാഫർ സന്തോഷ് ശിവൻ 27 വർഷങ്ങൾക്കു ശേഷം രജിനീകാന്തിനൊപ്പം വർക്ക് ചെയ്യാൻ ഒരുങ്ങുന്നു. 1991 ൽ മണിരത്നം ചിത്രം ‘ദളപതി’യിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. എ ആർ മുരുഗദാസിന്റെ പുതിയ ചിത്രത്തിലാണ് രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് പ്രവർത്തിക്കുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം മാർച്ച് മാസത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ‘ദളപതിയ്ക്ക് ശേഷം രജിനി സാറുമായി ഒന്നിച്ച് വർക്ക് ചെയ്യുന്നു, ഏറെ സന്തോഷമുണ്ട്,” ചിത്രത്തിന്റെ വിശേഷങ്ങൾ തന്റെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയാണ് സന്തോഷ് ശിവൻ.

ശങ്കർ ചിത്രം ‘2.0’, ‘കാർത്തിക് ശുഭരാജ് ചിത്രം ‘പേട്ട’ എന്നിവയുടെ വൻവിജയത്തിനു ശേഷം തലൈവർ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിജയിനെ നായകനാക്കി അണിയിച്ചൊരുക്കിയ ‘സർക്കാർ’ ആയിരുന്നു മുരുഗദാസിന്റെ റിലീസിനെത്തിയ​അവസാനചിത്രം. രാഷ്ട്രീയതലത്തിൽ ഏറെ വിവാദങ്ങൾക്ക് തിരിതെളിച്ച ചിത്രം കൂടിയായിരുന്നു ‘സർക്കാർ’. ‘സര്‍ക്കാരി’ലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് തമിഴ്നാട് സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ വീട്ടുപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ചും തീയിട്ട് നിശിപ്പിച്ചുമാണ് എഐഎഡിഎംകെ സര്‍ക്കാരിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗം ചിത്രത്തില്‍ ഉണ്ടായിരുന്നു. വിവാദമായതിനെ തുടർന്ന് ഈ രംഗം നീക്കം ചെയ്തിരുന്നു. അതിനെ തുടർന്നാണ് ആരാധകർ പ്രതിഷേധിച്ചത്.

Read more: സര്‍ക്കാരിന്റെ ‘സൗജന്യം’ തല്ലിപ്പൊട്ടിച്ച് വിജയ് ആരാധകര്‍; ലാപ്ടോപ് അടക്കമുളള ഉപകരണങ്ങള്‍ക്ക് തീയിട്ടു

രാഷ്ട്രീയ പ്രവേശനത്തിനു മുൻപ് രജിനീകാന്ത് അവസാനമായി അഭിനയിക്കുന്ന പടമായിരിക്കും ഇതെന്നും തമിഴകത്ത് അഭ്യൂഹങ്ങളുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അണിയറക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ‘സർക്കാറി’ൽ വിജയ്‍‌യുടെ നായികയായി അഭിനയിച്ച കീർത്തി സുരേഷ് ചിത്രത്തിലുണ്ടാകും എന്നാണ് റിപ്പോട്ടുകൾ. രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രം ‘2.0’ യുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്.

രജിനീകാന്തിന്റെ തിയേറ്ററുകളിലെത്തിയ അവസാനചിത്രം ‘പേട്ട’യും ഏറെ ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. 200 കോടിയിലേറെ രൂപയാണ് ചിത്രം വേൾഡ് വൈഡ് റിലീസിലൂടെ നേടിയത്. ഇരുണ്ടൊരു ഭൂതകാലമുള്ള ഒരു ഹോസ്റ്റൽ വാർഡനെയാണ് ചിത്രത്തിൽ രജിനികാന്ത് അവതരിപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ