ഇതു വരെ ചെയ്തതിൽ ഏറ്റവും സംതൃപ്തി തന്ന ചിത്രം മോഹൻലാൽ നായകനായ ‘ഇരുവർ’ ആണെന്ന് പ്രശസ്ത സംവിധായകനും സിനിമോട്ടോഗ്രാഫറുമായ സന്തോഷ് ശിവൻ.  മണിരത്നം സംവിധാനം ചെയ്ത തമിഴ്  ചിത്രമാണ് ‘ഇരുവര്‍’.

“ക്രിയാത്മകമായ സംതൃപ്തി വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി ഞാൻ കാണുന്നു. ഇതു വരെ ചെയ്ത സിനിമകളിൽ എനിക്കേറ്റവും സംതൃപ്തി തന്നത് ‘ഇരുവർ’ ആണ്. പ്രകാശ് രാജും താബുവും നിലത്തു കിടക്കുന്ന ഒരു ടോപ്പ് ആംഗിൾ ഷോട്ടുണ്ട് ചിത്രത്തിൽ. ആളുകൾ ഇപ്പോഴും ആ ഷോട്ടിനെ കുറിച്ചെന്നോട് സംസാരിക്കാറുണ്ട്. നിരവധി ടേക്കുകൾക്കു ശേഷമാണ് ആ ഷോട്ട് ചിത്രീകരിച്ചത്. ആ സിനിമയ്ക്ക് വ്യത്യസ്തമായൊരു ആഖ്യാനശൈലിയും ട്രീറ്റ്മെന്റും ആവശ്യമായിരുന്നു. ഒരു സിനിമോട്ടോഗ്രാഫർ എന്ന രീതിയിൽ സൗന്ദര്യാത്മാകതമായ ഫ്രെയിം ഒരുക്കുകയാണ് ഞാൻ ചെയ്തത്”,ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ പറയുന്നു.

തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി ആറിന്റെയും കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതം ആസ്‌പദമായൊരുക്കിയ ‘ഇരുവർ’, മോഹൻലാലിന്റെയും പ്രകാശ് രാജിന്റെയും അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സമ്മാനിച്ച ചിത്രമായിരുന്നു. ചിത്രത്തിലെ സന്തോഷ് ശിവന്റെ ഛായാഗ്രഹണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഇരുവർ’ മാത്രമല്ല, മണിരത്നം- സന്തോഷ് ശിവൻ കൂട്ടുകെട്ടിൽ പിറന്ന ‘ദളപതി’, ‘റോജ’, ‘ദിൽ സെ’, ‘രാവൺ’, ‘ചെക്ക ചിവന്ത വാനം’ എന്നീ ചിത്രങ്ങളും സന്തോഷ് ശിവന് ഏറെ പ്രശംസ നേടി കൊടുത്തവയാണ്.

Read More: ഗോഡ്ഫാദറോ മഹാഭാരതമോ?: ആകാംഷയുണര്‍ത്തി മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ ട്രെയിലര്‍

‘ദളപതി’ ഓർമ്മകൾ

1989ൽ ഇറങ്ങിയ ‘രാഗ്’ കണ്ടിട്ടാണ് മണിരത്നം തന്നെ സമീപിക്കുന്നത്. അദ്ദേഹത്തിന് സൂപ്പർസ്റ്റാർ രജനി കാന്തിനെ അതുവരെ കാണാത്തൊരു രീതിയിൽ അവതരിപ്പിക്കണമായിരുന്നു. രജനീകാന്ത്, മമ്മൂട്ടി എന്നിങ്ങനെ ഒരു ഫ്രഷ് ടീം ഉള്ള ‘ദളപതി’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു വിളിച്ചത് എന്നും സന്തോഷ്‌ ശിവന്‍ ഓര്‍മ്മിച്ചു

“ഒരുപാട് രസകരമായ സംഭവങ്ങൾ ആ സെറ്റിൽ ഉണ്ടായിട്ടുണ്ട്. ‘ദളപതിയി’ലാണ് ഞാൻ ആദ്യമായി ഏഴു പാട്ടുകൾ ഷൂട്ട് ചെയ്യുന്നത്. അതുവരെ ഒരു ചിത്രത്തിലും അത്രയും പാട്ടുകൾ ഒന്നിച്ച് ചെയ്തിരുന്നില്ല”, സന്തോഷ് ശിവൻ വെളിപ്പെടുത്തി.

മമ്മൂട്ടിയുടെ നൃത്ത രംഗം കൊണ്ട് ശ്രദ്ധേയമായ ‘കാട്ടുക്കുയില് മനസുക്കുള്ള’, ‘സുന്ദരി കണ്ണാല്‍ ഒരു സേതി’, ‘ചിന്നത്തായവള്‍’, ‘രാക്കമ്മാ കൈയ്യത്തട്ട്’ എന്ന് തുടങ്ങി ചിത്രത്തിലെ ഇളയരാജ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു.

 

വളരെ നാളുകള്‍ക്ക് ശേഷം ഒരു മലയാള സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സന്തോഷ്‌ ശിവന്‍.  ഏറ്റവുമൊടുവില്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം പ്രിഥ്വിരാജ് നായകനായ ‘ഉറുമി’യായിരുന്നു.  പുതിയ ചിത്രത്തിൽ മഞ്ജുവാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഗോപീ സുന്ദര്‍ ആണ് സംഗീത സംവിധാനം.

Image may contain: 2 people, people smiling, beard, sunglasses and close-up

നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ്‌ ശിവൻ ഈ ചിത്രം തയ്യാറാക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒക്ടോബർ 20ന് ആലപ്പുഴ ഹരിപ്പാടിൽ ചിത്രീകരണം ആരംഭിക്കുന്നതാണ്. കേരളത്തിലെ പല ഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.

സന്തോഷ് ശിവനും, മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷിക്കാവുന്ന സംഗതികളാണ് ചിത്രത്തിലുള്ളത്. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്‌ധർ ഉൾപ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത്. വിദേശ ചിത്രങ്ങളുടെ തിരക്കിലായിരുന്ന സന്തോഷ് ശിവൻ, മലയാളത്തിൽ സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിട്ടുള്ള ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന ബിഗ്ബജറ്റ് ചിത്രത്തിനു മുൻപ് ഇത് ചെയ്തു തീർക്കാനാണ് ആലോചന. ‘അനന്തഭദ്രം’ (2005), ‘ഉറുമി’ (2011) എന്നീ സിനിമകളുടെ സാങ്കേതിക പരിപൂർണ്ണതയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും ഇന്നും ചർച്ചകൾ നടക്കുകയാണ്. അവയൊക്കെ പ്രേക്ഷകരിൽ ഉണ്ടാക്കിയ ചലനം വളരെ വലുതാണ്.

Read More: ത്രില്ലർ സിനിമയുമായി സന്തോഷ് ശിവന്‍: മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook