നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒന്നിക്കുകയാണ് – മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലും കേരളത്തിന്റെ യശസ്സുയര്‍ത്തിയ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനും. അഭിനേതാവായ മോഹന്‍ലാലിനെ അഭ്രപാളികളില്‍ പകര്‍ത്തിയ സന്തോഷ് ശിവന്‍ ഇനി സംവിധായകനായ മോഹന്‍ലാലിന്‍റെ ക്യാമറക്കണ്ണാകും. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന് സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കും.
‘രണ്ടു ഇതിഹാസങ്ങള്‍ക്കൊപ്പം. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന രാജ്യാന്തര ചിത്രത്തിനായി തെന്നിന്ത്യയിലെ ഈ പ്രതിഭകള്‍ക്കൊപ്പം ചേരുന്നു. ജിജോ പുന്നോസിന്റെ (മൈ ഡിയര്‍ കുട്ടിച്ചാത്തന്‍) തിരക്കഥയില്‍ മികച്ച അഭിനേതാക്കള്‍ അണിനിരക്കുന്ന ഒരു ത്രീ ഡി ചിത്രം,’ സന്തോഷ് ശിവന്‍ പറഞ്ഞു.
സ്പാനിഷ് അഭിനേത്രി പാസ് വേഗ, നടൻ റാഫേല്‍ അമര്‍ഗോ എന്നിവര്‍ ‘ബറോസ്സി’ൽ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. വാസ്‌കോ ഡ ഗാമയുടെ റോളിൽ റഫേല്‍ അമര്‍ഗോ എത്തുമ്പോൾ ഗാമയുടെ ഭാര്യാവേഷമാണ് പാസ് വേഗയ്ക്ക്. ചിത്രത്തിൽ ബറോസ്സായി എത്തുന്നത് മോഹന്‍ലാൽ തന്നെയാണ്.
കുട്ടികൾക്കു വേണ്ടിയുള്ള ഫാന്റസി ചിത്രമായ ‘ബറോസ്’ – ‘ ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണിത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ’ സംവിധായകന്‍ ജിജോയുടെ കഥയില്‍ നിന്നുമാണ് ‘ബറോസ്സി’ലേക്ക് എത്തിയതെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. നവോദയയുമൊത്താണ് ചിത്രം നിർമ്മിക്കുന്നത്. ജിജോ പുന്നൂസ് ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്. കെ.യു മോഹനനനാണ് സിനിമയുടെ ഛായാഗ്രാഹകനായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഗോവ, പോര്‍ച്ചുഗല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം. ത്രി ഡി ചിത്രമായി ഒരുങ്ങുന്ന ‘ബറോസി’ന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുന്നതായി ആണ് അറിയിച്ചിരുന്നത്. കോവിഡ് വ്യാപനം കാരണം നീണ്ടു പോയ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ‘ദൃശ്യം 2’വിന്റെ ചിത്രീകരണത്തിലാണ് ലാല്‍.
മോഹന്‍ലാല്‍-സന്തോഷ് ശിവന്‍ കൂട്ടുകെട്ട്
‘ഇന്ദ്രജാലം’ എന്ന ചിത്രത്തിലാണ് സന്തോഷ് ശിവനും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നത്. തുടര്‍ന്ന് ‘നമ്പര്‍ 20 മദ്രാസ് മെയില്‍,’ ‘അപ്പു,’ ‘അഹം,’ ‘യോദ്ധ,’ ഗാന്ധര്‍വ്വം,’ ‘പവിത്രം,’ നിര്‍ണ്ണയം,’ ‘കാലാപാനി,’ ‘ഇരുവര്‍,’ ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രത്തില്‍ ഇവര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മോഹന്‍ലാല്‍ നിര്‍മ്മാതാവായ ‘വാനപ്രസ്ഥ’ത്തിന് വേണ്ടി ആദ്യം ക്യാമറ ചലിപ്പിച്ചത് ഫ്രഞ്ച് ഛായാഗ്രാഹകന്‍ രേനെട്ടോ ബര്‍ത്തോ ആയിരുന്നു. മോഹന്‍ലാലിന്‍റെ ആവശ്യപ്രകാരം സന്തോഷ് ശിവന്‍ പിന്നീടാണ് ആ സിനിമയിലേക്ക് എത്തുന്നത്.
Who is Jijo Punoose: മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കലുകളായ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിജോ പുന്നൂസ്
ജിജോ പുന്നൂസ് എന്ന പേരു പരിചയമില്ലാത്തവർ പോലും ‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ‘പടയോട്ടം’ എന്നിങ്ങനെയുള്ള ചിത്രങ്ങളെ കുറിച്ച് കേൾക്കാതെ പോവാൻ സാധ്യതയില്ല. മലയാള സിനിമയിൽ പല മാറ്റങ്ങൾക്കും വഴിതെളിച്ച നവോദയ അപ്പച്ചന്റെ മകനായ ജിജോ പുന്നൂസ് ആണ് ഇന്ത്യൻ സിനിമയുടെ ലാൻഡ് മാർക്കെന്നു വിശേഷിപ്പിക്കാവുന്ന ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ത്രിഡി ചലച്ചിത്രമെന്നാണ് 1984 ൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ വിശേഷിപ്പിക്കപ്പെടുന്നത്. മലയാളത്തിൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രം നിർമ്മിച്ചത് നവോദയ അപ്പച്ചനായിരുന്നു. രഘുനാഥ് പലേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
1984 ൽ റിലീസിനെത്തിയ ചിത്രം 1997 ൽ വീണ്ടും പുതിയ രീതിയിൽ ക്രമപ്പെടുത്തി റി-റീലിസ് ചെയ്തിരുന്നു. ആ സമയത്താണ് ആദ്യമായി മലയാള സിനിമയ്ക്ക് ഡിടിഎസ് സംവിധാനം ജിജോ പരിചയപ്പെടുത്തുന്നത്. 2011ൽ ഡിജിറ്റൽ ഫോർമാറ്റിലും ചിത്രം റിലീസിനെത്തിച്ചിരുന്നു. ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രത്തിന് പതിപ്പുകൾ ഇറങ്ങിയിരുന്നു.

അതേസമയം ‘പടയോട്ടം’ എന്ന സിനിമ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത് മലയാളത്തിലെ ആദ്യ 70 എംഎ ചിത്രമെന്ന രീതിയിലാണ്. നൂതനമായ സാങ്കേതിക വിദ്യകൾ മലയാള സിനിമയ്ക്ക് പരിചിതനാക്കിയ ഫിലിം മേക്കർ എന്ന രീതിയിൽ കൂടിയാണ് ജിജോ മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത്. ജിജോയുടെ ‘പടയോട്ട’ത്തിൽ മോഹൻലാൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഒപ്പം പ്രേം നസീർ, മധു, ലക്ഷ്മി, ശങ്കർ, പൂർണ്ണിമ ജയറാം, മമ്മൂട്ടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. നവോദയായുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ‘പടയോട്ടം’ അലക്സാണ്ടർ ഡ്യൂമാസിന്റെ ‘ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ’ എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ചിത്രമായിരുന്നു.
“ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്.’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോ എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്സ’ എന്ന സിനിമ ഉള്ളിൽ പിറന്നത്,” എന്നാണ് തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ മുതലുള്ള ബന്ധമാണ് ജിജോയുമായി തനിക്കുള്ളതെന്നും മോഹൻലാൽ പറയുന്നു. നവോദയ അപ്പച്ചൻ നിർമ്മിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാലിന്റെ സിനിമാപ്രവേശനം.
നവോദയ മാസ്സ് എന്റർടെയിൻെന്റിന്റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ജിജോ പുന്നൂസ് ഇപ്പോൾ. എന്തായാലും ചരിത്രത്തിൽ ഇടം പിടിച്ച ‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ‘പടയോട്ടം’ എന്നീ ചിത്രങ്ങൾക്കു പിറകെ മോഹൻലാലിന്റെ ആദ്യ സംവിധാനസംരംഭം എന്ന ചരിത്രത്തിനും സാക്ഷ്യം വഹിക്കുകയാണ് നവോദയ കുടുംബത്തിലെ ഈ അമരക്കാരൻ.