പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍’ അയ്യപ്പന്‍’ എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാർത്തയ്ക്കു പുറമെ സന്തോഷ് ശിവനും സ്വാമി അയ്യപ്പന്റെ കഥയുമായി എത്തുകയാണ്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും റീമേക്കുകൾ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അനുഷ്ക ഷെട്ടി, എ ആർ റഹ്മാൻ തുടങ്ങിയവർ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കും. താരനിർണയം പുരോഗമിക്കുകയാണെന്നും ഈ വർഷം അവസാനം ചിത്രീകരണം തുടങ്ങുമെന്നും സന്തോഷ് ശിവനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

“മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നതത്. നവാഗതനായ പ്രശാന്ത് ആണ് തിരക്കഥ ഒരുക്കുന്നത്. ഏറെ നാളായി ഒന്നിച്ചൊരു സിനിമ എന്നതിനെ കുറിച്ച് ഞാനും സന്തോഷും സംസാരിക്കുന്നു. സ്വാമി അയ്യപ്പനെ കുറിച്ചുള്ള ചിത്രം മറ്റൊരു ആംഗിളിൽ പറയാനാണ് ശ്രമം” ഗോകുലം ഗോപാലൻ പറയുന്നു. ആഗസ്ത് അവസാനമോ സെപ്തംബർ ആദ്യമോ ആയിട്ടാവും ചിത്രീകരണം ആരംഭിക്കുക എന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കുന്നു.

മഞ്ജുവാര്യരും കാളിദാസ് ജയറാമും പ്രധാനവേഷങ്ങളിലെത്തുന്ന ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സന്തോഷ് ശിവൻ ഇപ്പോൾ. സൗബിൻ സാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘ഉറുമി’യ്ക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവരെ കൂടാതെ നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാട്, ലണ്ടൻ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. വലിയ കാന്‍വാസിൽ ഒരുങ്ങുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ധര്‍ അണിനിരക്കുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്‌മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ‘ജാക്ക് ആന്റ് ജില്‍’ നിര്‍മ്മിക്കുന്നത്. ഗോപിസുന്ദർ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ത്രില്ലർ സ്വഭാവത്തിലുള്ള മുഴുനീള എന്റർടെയിനറാണ് ചിത്രം എന്നാണ് റിപ്പോർട്ടുകൾ.

Read more: സന്തോഷ്‌ ശിവന്റെ ക്യാമറയ്ക്ക് മുന്നില്‍ സുന്ദരിയായി മഞ്ജു വാര്യര്‍, ‘ജാക്ക് ആന്‍ഡ്‌ ജില്‍’ ലൊക്കേഷന്‍ ചിത്രങ്ങള്‍

മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ ആയിരുന്നു സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിച്ച് അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. എ ആർ മുരുഗദാസിന്റെ പുതിയ ചിത്രത്തിലും സിനിമോട്ടോഗ്രാഫറായി സന്തോഷ് ശിവൻ ഉണ്ട്. മുരുഗദാസിന്റെ പുതിയ ചിത്രത്തിലൂടെ 27 വർഷങ്ങൾക്കു ശേഷം രജിനീകാന്തിനൊപ്പം വീണ്ടും വർക്ക് ചെയ്യാൻ ഒരുങ്ങുകയാണ് സന്തോഷ് ശിവൻ. 1991 ൽ മണിരത്നം ചിത്രം ‘ദളപതി’യിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്.

അതേസമയം, നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’യും ജിത്തു ജോസഫ് ചിത്രം ‘മിസ്റ്റർ ആൻഡ് മിസ്സ് റൗഡി’യുമാണ് ഗോകുലം ഗോപാലൻ ഒടുവിൽ നിർമ്മിച്ച ചിത്രങ്ങൾ. ‘കായംകുളം കൊച്ചുണ്ണി’ തിയേറ്ററുകളിൽ നൂറുദിവസങ്ങൾ പൂർത്തിയാക്കുകയും ചിത്രത്തിന്റെ നൂറാംദിനവിജയാഘോഷങ്ങൾ കൊച്ചിയിൽ നടക്കുകയും ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ