Santosh Sivan on the cinematorgraphy of Maniratnam Dil Se ‘Chayya Chayya song: ‘പ്രണയത്തിന്റെ നിഴൽ തലയ്ക്കു മുകളിൽ ഉള്ളവന്റെ കാലിനടിയിലാണ് സ്വർഗ്ഗം.’
മനോഹരമായ ഒരു പ്രണയസങ്കൽപ്പത്തെ അതിന്റെ തീവ്രതയിൽ ആഘോഷിച്ച ചിത്രങ്ങളിലൊന്നായിരുന്നു 1998ൽ പുറത്തിറങ്ങിയ ‘ദിൽ സെ’. അതിലെ മനോഹരമായ ഗാനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ‘ചയ്യ ചയ്യ ചയ്യ ചയ്യാ..’ എന്നു തുടങ്ങുന്ന ഗാനമാണ്. മുഴുവനായും ഓടുന്ന ട്രെയിനിൽ ചിത്രീകരിച്ച ആ ഗാനം അതിന്റെ വരികൾ കൊണ്ടും സംഗീതം കൊണ്ടും ഷാരൂഖ് ഖാന്റെയും മലൈക അറോറയുടെയും നർത്തകരുടെയും ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും ഛായാഗ്രഹണം കൊണ്ടുമെല്ലാം ഏറെ മികവു പുലർത്തിയിരുന്നു.
‘ദിൽസെ’യും ‘ചയ്യ ചയ്യാ’ ഗാനവും പുറത്തിറങ്ങിയിട്ട് 20 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ചിത്രീകരണ വിശേഷണങ്ങൾ ഓർക്കുകയാണ് പ്രശസ്ത ഛായാഗ്രഹകനായ സന്തോഷ് ശിവൻ. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനരംഗം അന്ന് സന്തോഷ് ശിവൻ ഷൂട്ട് ചെയ്തത് ARRI (ARRIFLEX 35 III) ക്യാമറയിലായിരുന്നു. ARRI ക്യാമറ അതിന്റെ നൂറാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കമ്പനി പുറത്തിറക്കിയ പ്രമോ വീഡിയോയിലാണ് ‘ദിൽസെ’യിലെ ഗാനത്തെ കുറിച്ചുള്ള ഒാർമ്മകൾ സന്തോഷ് ശിവൻ പങ്കു വയ്ക്കുന്നത്.
‘നാലു ദിവസം കൊണ്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചത്. ആ ട്രെയിനിൽ മുഴുവൻ ആർട്ടിസ്റ്റുകളായിരുന്നു. ടെക്നോളജിയുടെ ഗുണവശങ്ങളെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി, ചിത്രത്തിൽ മുഴച്ചു നിൽക്കാത്ത രീതിയിൽ ചിത്രീകരിക്കാൻ കഴിഞ്ഞു എന്നതാണ് ആ ഗാനത്തിന്റെ പ്രത്യേകത. ആ പാട്ടിന്റെ വരികളിൽ പോലും നിഴലിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്,” സന്തോഷ് ശിവൻ പറയുന്നു.
നിഴലും വെളിച്ചവും മാറിമാറി മറയുന്ന രീതിയിലുള്ള നിരവധി വിഷ്വലുകളാണ് ആ ഗാനരംഗത്തിലുള്ളത്. ടണലിന് അകത്തു കൂടി ട്രെയിൻ കടന്നു പോകുന്ന രംഗങ്ങളൊക്കെ മനോഹരമായി തന്നെ ചിത്രീകരിക്കാൻ സന്തോഷ് ശിവനു സാധിച്ചിട്ടുണ്ട്.
‘ട്രെയിനിലെ യാത്ര, വരികളിലെ വൈകാരികത അതിനെയെല്ലാം നന്നായി ഒപ്പിയെടുക്കാൻ ആ രംഗങ്ങൾക്കു കഴിഞ്ഞു. എല്ലാവരും മുൻപ് റിഹേഴ്സൽ ചെയ്തതിനു ശേഷമാണ് ട്രെയിനിനു മുകളിലുള്ള രംഗങ്ങളൊക്കെ ചിത്രീകരിച്ചത്. ഗാനരംഗത്തിൽ അഭിനയിച്ചവരുടെയും നല്ല ഇൻവോൾവ്മെന്റ് ഉണ്ടായിരുന്നു. എല്ലാവരും ഒന്നിച്ച് യാത്ര ചെയ്യുന്നു, പുതിയ സ്ഥലങ്ങൾ കണ്ടെത്തുന്നു- അതിന്റെയൊരു ത്രിൽ ആ ഗാനചിത്രീകരണത്തിൽ ഉണ്ടായിരുന്നു,’ സന്തോഷ് ശിവൻ കൂട്ടിച്ചേർക്കുന്നു.
1998ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. ഗുൽസാറിന്റെ വരികൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് എ ആർ റഹ്മാനാണ്. സൂഫി സംഗീതവും ഉറുദു കവിതകളെയും അടിസ്ഥാനമാക്കിയൊരുക്കിയതാണ് ‘ചയ്യ ചയ്യാ’ ഗാനം. ശുഖ്വിന്ദർ സിംഗും സപ്ന അവാസ്തിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Read More: അതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടു പേടിച്ചു ലൊക്കേഷനില്‍ നിന്നും മുങ്ങിയ ഷാരൂഖ് ഖാന്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook