തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഫൈസൽ ഫരീദിന് മലയാളസിനിമയുമായി അടുത്ത ബന്ധമുണ്ടെന്നും അടുത്തിടെ ഇറങ്ങിയ നാലു പ്രമുഖ ചിത്രകളിൽ ഫൈസൽ പണമിറക്കിയതായും എൻഐഎ കണ്ടെത്തിയതായി മലയാളത്തിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഫൈസൽ ഫരീദ് നേരിട്ടല്ല, ബിനാമി പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് പുറത്തുവന്ന വാർത്തകൾ. അതിൽ പ്രധാനമായും എടുത്തു പറഞ്ഞിരുന്നത് കമലിന്റെ ‘ആമി’, ആഷിഖ് അബുവിന്റെ ‘വൈറസ്’, ‘മായാനദി’ എന്നീ ചിത്രങ്ങളിൽ ഫൈസൽ ഫിറോസിന്റെ പണമുണ്ടെന്നായിരുന്നു. വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ കീഴിൽ സോഫിയ പോൾ നിർമ്മിക്കുന്ന’ബിസ്മി സെപ്ഷ്യൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ടും വാർത്തകൾ പുറത്തുവന്നിരുന്നു.
എന്നാൽ ഈ പ്രശ്നങ്ങളിലേക്ക് ഞങ്ങളെ വലിച്ചിഴക്കരുതെന്നും തനിക്കല്ലാതെ മറ്റൊരു വ്യക്തിയ്ക്കും ഈ സിനിമയുടെ നിർമാണത്തിൽ പങ്കാളിത്തമില്ല എന്നും വിശദീകരിച്ച് രംഗത്തുവന്നിരിക്കുകയാണ് നിർമാതാവ് സോഫിയ പോൾ.
“കേരളത്തിൽ ഏറെ വിവാദമായിരിക്കുന്ന സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില മാധ്യമങ്ങളിൽ ‘ബിസ്മി സ്‌പെഷ്യൽ’ എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ പേര് പരാമർശിച്ച് വാർത്തകൾ വന്നിരുന്നു. ഇങ്ങനെയൊരു കേസുമായി ബന്ധപ്പെട്ട് ഈ ചിത്രത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും, സുഹൃത്തുക്കളും ദുഖിതരാണ്. കഴിഞ്ഞ ആറ് വർഷങ്ങളായി മലയാള സിനിമാ നിർമ്മാണ രംഗത്തുള്ള വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ എന്ന ഞാൻ നിർമ്മിച്ച് നവാഗതനായ രാജേഷ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദയവ് ചെയ്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നത് പോലെ മറ്റൊരു വ്യക്തിക്കും ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിത്തമില്ല,” എന്നുമാണ് സോഫിയ പോൾ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
ബാംഗ്ലൂർ ഡേയ്സ്, കാടു പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് സോഫിയ പോൾ. നിവിൻ പോളി കേന്ദ്രകഥാപാത്രമായി ഒരുങ്ങുന്ന ‘ബിസ്മി സ്പെഷൽ’ സംവിധാനം ചെയ്യുന്നത് നവാഗതനായ രാജേഷ് രവിയാണ്. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്.
ഈ വിഷയത്തിൽ വിശദീകരണ കുറിപ്പുമായി ‘മായാനദി’യുടെ നിർമാതാവും പ്രമുഖ വ്യവസായിയുമായ സന്തോഷ് ടി കുരുവിളയും രംഗത്ത് എത്തിയിരുന്നു. മായാനദി നിർമിക്കാൻ താൻ മറ്റാരുടെയും പണം സ്വീകരിച്ചിട്ടില്ല എന്നാണ് സന്തോഷ് പറയുന്നത്. “‘മായാനദി’ എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എന്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ്, ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര-സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ്, പ്രധാനമായ് ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ നിക്ഷേപമായോ കൈപറ്റിയിട്ടില്ല.”
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയായ സന്തോഷ് ടി കുരുവിള ‘മായാനദി’ കൂടാതെ നീരാളി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 തുടങ്ങി നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍യ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ് സന്തോഷ് കുരുവിള.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആമി,മായാനദി തുടങ്ങിയ ചിത്രങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴും സംവിധായകരായ ആഷിഖ് അബുവോ കമലോ ബന്ധപ്പെട്ട ആരും തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ഈ വിഷയത്തിൽ ആദ്യം വരുന്ന പ്രതികരണമാണ് സന്തോഷ് കുരുവിളയുടേത്. സന്തോഷിന്റെ കുറിപ്പ് ആഷിഖും സമൂഹമാധ്യങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
“എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ, വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല,” എന്നും സന്തോഷ് ടി കുരുവിള ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അണിയിച്ചൊരുക്കിയ ‘മായാനദി’ 2017 ഡിസംബർ 22നാണ് റിലീസിനെത്തിയത്. ശ്യാം പുഷ്കരനും ദിലീഷ് നായരും രചന നിർവഹിച്ച ചിത്രം ഏറെ ജനപ്രീതി നേടുകയും ബോക്സ് ഓഫീസിൽ വിജയം നേടുകയും ചെയ്തിരുന്നു.