തിരുവോണ ദിവസം ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ച നടി സുരഭിക്കെതിരായ സൈബര്‍ ആക്രമണത്തില്‍, സുരഭിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. ഓണ ദിവസം എത്രയോ പേര്‍ മദ്യപിക്കുന്നു. അത് തെറ്റല്ലേയെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യം.

ഏതൊരു കാര്യത്തേയും വിലയിരുത്തേണ്ടത് അതു നടക്കുന്ന കാലം, ദേശം, സമയം, വ്യക്തികള്‍ എന്നിവ നോക്കിയാകണമെന്നും തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ഓണാഘോഷം വ്യത്യസ്തമാണെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാണിക്കുന്നു. വടക്കന്‍ കേരളത്തില്‍ പലയിടത്തും ഓണ ദിവസങ്ങളില്‍ നോണ്‍ വെജിറ്റേറിയന്‍ നിര്‍ബന്ധമാണ്. അതിലുപരി എന്തു ഭക്ഷണം കഴിക്കുന്നു എന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും സന്തോഷ് വ്യക്തമാക്കി. എന്തു കഴിച്ചു എന്നതല്ല, എന്തെങ്കിലുമൊക്കെ കഴിക്കാന്‍ ഉണ്ടാകുക എന്നതാണ് പ്രധാനം എന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതേ സമയം തനിക്ക് പ്രിയം സസ്യാഹാരമാണെന്നും മലബാറിലെ പലയിടങ്ങളിലും നല്ല വെജിറ്റേറിയൻ ഭക്ഷണം കിട്ടാൻ പ്രയാസമാണെന്നും താരം പറയുന്നു.

നമ്മുടെ നാട്ടില്‍ പെട്രോള്‍, ഡീസല്‍, പച്ചക്കറി, പാചക വാതകം എന്നിവയ്ക്ക് വില കൂടുന്നു. ചൈനയുടേയും ഉത്തരകൊറിയയുടേയും യുദ്ധക്കൊതി, സുനാമിയുണ്ടാകാനുള്ള സാധ്യത, കേരളത്തില്‍ മദ്യപാനം വര്‍ധിക്കുന്നു, സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നു എന്നു തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ടു കിടുന്ന കാര്യങ്ങളാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

തിരുവോണ ദിനത്തില്‍ സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയിലാണ് സുരഭി ബീഫ് കഴിച്ചത്. ഇത് കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കലാണെന്നാണ് ഒരു വിഭാഗം ആളുകളുടെ ആരോപണം. ഓണത്തിന് ഹിന്ദുക്കള്‍ മാംസം കഴിക്കില്ലെന്നും എന്തുകൊണ്ടാണ് സുരഭി മാംസം കഴിച്ചെന്നും ചോദിച്ചാണ് പല ഗ്രൂപ്പുകളും പോസ്റ്റുകള്‍ ഇട്ടിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ